കോഓപ് മാര്‍ട്ട് വിപുലീകരണത്തിന് സംഘങ്ങള്‍ക്ക് സബ്സിഡിയായി സര്‍ക്കാര്‍ സഹായം
കോഓപ് മാര്‍ട്ട് പദ്ധതി വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായി കോഓപ് മാര്‍ട്ട് ഔട്ട്ലറ്റുകള്‍ നവീകരിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചുതുടങ്ങി. നിലവില്‍ കോഓപ് മാര്‍ട്ട് ഔട്ലറ്റുകളുള്ള മൂന്ന് സംഘങ്ങള്‍ക്കാണ് 10 ലക്ഷം രൂപവീതം അനുവദിച്ചിട്ടുള്ളത്. ചേര്‍ത്തല താലൂക്ക് അഗ്രികള്‍ച്ചറല്‍ ക്രഡിറ്റ് സഹകരണ സംഘം, കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കാസര്‍ക്കോട് സര്‍വീസ് സഹകരണ ബാങ്ക് എന്നിവയ്ക്കാണ് സഹായം ലഭിച്ചത്.
സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സഹകരണ വകുപ്പ് പ്രത്യേകം പദ്ധതി തയ്യാറാക്കിയിരുന്നു. ഉല്‍പാദനം, വിപണനം, കയറ്റുമതി പ്രോത്സാഹിപ്പിക്കല്‍ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട സംഘങ്ങളുടെ പ്രപ്പോസലുകള്‍ അനുസരിച്ചാണ് ഈ പദ്ധതിയില്‍നിന്ന് പണം അനുവദിക്കാറുള്ളത്. ഈ പദ്ധതി അനുസരിച്ചാണ് കോഓപ് മാര്‍ട്ട് നവീകരണത്തിനുള്ള സാമ്പത്തിക സഹായവും അനുവദിക്കുന്നത്.
2023 നവംബര്‍ 16ന് ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗമാണ് കോഓപ് മാര്‍ട്ടിന്റെ വിപുലീകരണം സംബന്ധിച്ചുള്ള സംഘങ്ങളുടെ പ്രപ്പോസല്‍ പരിഗണിച്ചത്. ഇതിന് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. പത്തുലക്ഷം രൂപവതമാണ് എല്ലാ സംഘങ്ങള്‍ക്കും സഹായം. ഇതില്‍ അഞ്ചുലക്ഷം രൂപവീതം സബ്സിഡിയും ഓഹരിയുമായാണ് നല്‍കുന്നത്.
സഹകരണ ഉല്‍പന്നങ്ങള്‍ക്ക് വിപണിയും ബ്രാന്‍ഡിങ് ഉറപ്പാക്കാനായി സഹകരണ വകുപ്പിന്റെ പദ്ധതി അനുസരിച്ചാണ് കോഓപ്മാര്‍ട്ടുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒരു പഞ്ചായത്തില്‍ ഒരു കോഓപ് മാര്‍ട്ട് എന്ന രീതിയില്‍ സംഘങ്ങള്‍ക്ക് കീഴില്‍ കണ്‍സ്യൂമര്‍ ഔട്‌ലറ്റുകള്‍ തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, നാലുവര്‍ഷമായിട്ടും 14 കോഓപ് മാര്‍ട്ടുകള്‍ മാത്രമാണ് തുറക്കാനായത്. ഇവിടേക്ക് സാധനങ്ങളെത്തിക്കാനുള്ള വിതരണ സംവിധാനം ഇതുവരെ കാര്യക്ഷമമാക്കാന്‍ സഹകരണ വകുപ്പിന് കഴിഞ്ഞിട്ടില്ല. സഹകരണ ഉല്‍പന്നങ്ങള്‍ക്ക് കോഓപ് കേരള ബ്രാന്‍ഡിങ് നല്‍കാനുള്ള പദ്ധതിയും പാതിവഴിയില്‍ നിലച്ചു. കാര്‍ഷികോല്‍പന്നങ്ങളും സംഭരണവും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ വിപണനവും സഹകരണ സംഘങ്ങളിലൂടെ കാര്യക്ഷമമായി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനുവേണ്ടിയാണ് വീണ്ടും കോഓപ് മാര്‍ട്ടുകളെ ജനകീയമാക്കാനും വിപുലീകരിക്കാനും ഒരുങ്ങുന്നത്.
[mbzshare]