പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് എഫ്.പി.ഒ. തുടങ്ങാന്‍ 33ലക്ഷം കേന്ദ്രസഹായം; കേരളത്തിന് കിട്ടില്ല
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്ഗനൈസേഷന് തുടങ്ങാന്‍ കേന്ദ്രസഹായം. 33 ലക്ഷം രൂപയാണ് ഓരോ കൂട്ടായ്മകള്‍ക്കും നല്‍കും. ഇതിനൊപ്പം, സഹകരണ സംഘത്തിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് സഹായം ലഭിക്കും. എന്നാല്‍, ഈ സഹായങ്ങളൊന്നും കേരളത്തിലെ സംഘങ്ങള്‍ക്ക് ലഭിക്കില്ല.
പ്രാഥമിക സഹകരണ ബാങ്കുകളെ ഒരു പഞ്ചായത്തിലെ മള്‍ട്ടി സര്‍വീസ് സെന്ററുകളാക്കി മാറ്റാനും, വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും കഴിയുന്ന വിധത്തില്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുക എന്നതാതാണ് കേന്ദ്രത്തിന്റെ കാഴ്ച്ചപ്പാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.പി.ഒ.കള്‍ തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയത്. രാജ്യത്താകെ 10,000 എഫ്.പി.ഒ. സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ തുടങ്ങാനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍, എല്ലാ ബ്ലോക്കിലും ഒരു സഹകരണ എഫ്.പി.ഒ. എങ്കിലും വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 1100 എഫ്.പി.ഒ.കള്‍ക്ക് കൂടി സഹായം നല്കാന് കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെ സംഘങ്ങള്‍ 7476 എഫ്.പി.ഒ.കളാണ് ഇതുവരെ കേന്ദ്ര സഹായത്താല്‍ തുടങ്ങിയത്. ഈ പദ്ധതിയുടെ സാധ്യതകള്‍ വിശദീകരിക്കാന്‍ കേന്ദ്ര സഹകരണ മന്ത്രാലയം പ്രത്യേകം കോണ്‍ക്ലേവ് നടത്തിയിരുന്നു. ഡല്‍ഹിയിലായിരുന്നു കോണ്‍ക്ലേവ്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും എഫ്.പി.ഒ.കളുള്ള സഹകരണ സംഘങ്ങള്‍, ക്ലസ്റ്റര്‍ ബേസ്ഡി ഓര്ഗനൈസേഷന്, സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സംസ്ഥാനജില്ലാസഹകരണ ബാങ്കിന്റെ പ്രതിനിധികള്‍ എന്നിവരാണ് പങ്കെടുത്തത്. ഇതില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ പ്രതിനിധികരിച്ച് ആരും പങ്കെടുത്തിരുന്നില്ല.
കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് സഹകരണ സംഘങ്ങള്‍ക്ക് എഫ്.പി.ഒ. തുടങ്ങാന്‍ അനുമതിയില്ല. മോഡല്‍ ബൈലോ അനുസരിച്ചാണ് കേന്ദ്ര സഹകരണ മന്ത്രാലയം പദ്ധതികള്‍ തയ്യാറാക്കുന്നത്. മോഡല്‍ ബൈലോ കേരളം അംഗീകരിക്കാത്തതിനാല്‍ അതിലെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ കേരളത്തിന് കഴിയില്ല. നാഷണല്‍ കോഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്പ്പറേഷന് (എന്‍.സി.ഡി.സി.)യാണ് എഫ്.പി.ഒ.കളുടെ നിര്‍വഹണ ഏജന്‍സി. നല്കി. 1100 എഫ്.പി.ഒ. കള്‍ കൂടി തുടങ്ങാനുള്ള അനുമതി എന്‍.സി.ഡി.സി.ക്ക് നല്കി. ഇതുവരെ എഫ്.പി.ഒ.കള്‍ ഇല്ലാത്ത ചെയ്യാത്ത ബ്ലോക്കുകള്ക്കായാണ് പുതുതയായി 1100 എഫ്.പി.ഒ.കള്‍ കൂടി അനുവദിക്കുന്നത്.
[mbzshare]