കോവിഡ് ചികിത്സ:മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്ക് ഐ.എം.എ.പുരസ്കാരo
കോവിഡ് ചികിത്സയിൽ മാതൃകയായി മാറിയ പി.എം.എസ്.എ. മെമ്മോറിയൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (ഐം.എം.എ.) പുരസ്കാരം . ഐ.എം.എ. നിയുക്ത സംസ്ഥാന പ്രസിഡൻ്റ് ഡോ.സാമുവൽ കോശി ആശുപത്രി സെക്രട്ടറി സഹീർ കാലടിക്ക് പുരസ്കാരം കൈമാറി.
പൂർണ്ണമായും സൗജന്യ കോവിഡ് ചികിൽസ ഒരുക്കിയതും ആരോഗ്യ രംഗത്ത് സാധാരണക്കാർക്ക് മിതമായ നിരക്കിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ലഭ്യമാക്കിയതും 2021ൽ നടപ്പിലാക്കി വരുന്ന ഏറ്റവും നൂതനവും മികവാർന്നതുമായ ചികിത്സാ സംവിധാനവും പദ്ധതികളും അതിവേഗം നടപ്പിലാക്കിയതും പരിഗണിച്ചാണ് ആശുപത്രിയെ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്.
മലപ്പുറം ടൗൺ ഹാളിൽ സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം രണ്ട് മാസത്തോളമായി സഹകരണാശുപത്രി നടത്തിവരുന്നുണ്ട്. ഇവിടെ വെൻ്റിലേറ്റർ സംവിധാനത്തോടെയുള്ള ഐ.സി. യു.വും ഓക്സിജൻ സപ്പോർട്ടോടെയുള്ള 10 ബെഡ് അടക്കം 35 ബെഡും ഉണ്ട്. ഇതിനകം ഇരുനൂറ്റിൽ കൂടുതൽ കോവിഡ് രോഗികൾക്ക് പൂർണ്ണമായും സൗജന്യമായി കിടത്തി ചികിത്സ നൽകിയ സംസ്ഥാനത്തെ ഏക സഹകരണ ആശുപത്രിയാണ് മലപ്പുറത്തേത്.
മരുന്ന്, ലാബ് ടെസ്റ്റ്, ഇ.സി.ജി, ഭക്ഷണം, എക്സറെ, 24 മണിക്കൂറും ഡോക്ടർ, നഴ്സിംഗ് സ്റ്റാഫ് , മറ്റു പാരമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരുടെ സേവനം എന്നിവ ഇവിടെ ലഭ്യമാണ്. സ്വകാര്യ ആശുപത്രിയിൽ 10,000 രൂപ മുതൽ 30,000 രൂപ വരെ വരുന്ന ചികിത്സാ ചെലവാണ് ഇവിടെ പൂർണ്ണമായും സൗജന്യമായി നൽകുന്നത്. നല്ല രീതിയിലും ഗുണമേന്മയിലും നടത്തിക്കൊണ്ട് പോവുന്ന സൗജന്യ കോ വിഡ് ചികിൽസാ കേന്ദ്രം മലപ്പുറം ജില്ലയുടെ ആരോഗ്യ മേഖലക്ക് വലിയ സഹായമാണ് ചെയ്യുന്നതെന്നു ഐ.എം.എ. ഭാരവാഹികൾ വിലയിരുത്തി.
കോവിഡ് കാലത്ത് ആശുപത്രിയിലെ എല്ലാ വിഭാഗം ഡോക്ടർമാരുടെയും സേവനം സൗജന്യ ടെലി കൺസൾട്ടേഷൻ വഴി ആശുപത്രി നടപ്പിലാക്കിയിരുന്നു. പോസ്റ്റ് കോവിഡ് ക്ലിനിക്ക് തുടങ്ങിയത്, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ജില്ലയിൽ ലഭ്യമാക്കിയത്, ലോകോത്തര നിലവാരത്തിലുള്ള എമർജൻസി മെഡിസിൻ വിഭാഗം ആരംഭിച്ചത്, ന്യൂതന ടെലി ഐ.സി.യു. വിഭാഗം തുടങ്ങിയത് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയതെന്ന് എം.എ.എ. ജില്ലാ ഭാരവാഹികൾ പറഞ്ഞു.
ആശുപത്രി പ്രസിഡൻറ് കെ.പി.എ മജീദ് എം.എൽ.എയാണ്.
പുരസ്കാര വിതരണ ചടങ്ങ് നിയുക്ത ഐ.എം.എ. സംസ്ഥാന പ്രസിഡൻ്റ് ഡോ.സാമുവൽ കോശി ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തി, ആശുപത്രി സെക്രട്ടറി സഹീർ കാലടി, ഡയറക്ടർമാരായ കെ എൻ എ ഹമീദ് മാസ്റ്റർ,ഇമ്പിച്ചി കോയ തങ്ങൾ ഒ എം, കെ കെ അബ്ദുള്ള, ഡോ. നിലാർ മുഹമ്മദ്, ഡോ. അശോക വത്സല, ഡോ. ജലാൽ, ഡോ. വി യു സീതി, ഡോ. കെ എ പരീദ്, ഡോ. നാരായണൻ, ഡോ. കെ വിജയൻ എന്നിവർ സംബന്ധിച്ചു.
[mbzshare]