സാമൂഹികസുരക്ഷാ പെന്ഷന്: ഇന്‍സെന്റീവിന്റെ കുടിശ്ശിക നല്കാന് 69.89 കോടി രൂപ അനുവദിച്ചു
സാമൂഹിക സുരക്ഷാ പെന്ഷന് ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിച്ചുകൊടുത്തതിനുള്ള ഇന്‍സെന്റീവ് എന്ന നിലയില്‍ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കും മറ്റു വായ്പാസംഘങ്ങള്‍ക്കും നല്‍കാനുള്ള കുടിശ്ശികത്തുക വിതരണം ചെയ്യാനായി സര്‍ക്കാര്‍ 69.89 കോടി രൂപ അനുവദിച്ചു. 2021 നവംബര്‍ മുതല്‍ 2022 നവംബര്‍വരെയുള്ള ഇന്‍സെന്റീവിന്റെ കുടിശ്ശികയാണു ഹൈക്കോടതിഉത്തരവിനെത്തുടര്ന്നു സര്‍ക്കാര്‍ അനുവദിച്ചത്.
കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ നല്കിയ ഹര്‍ജിയില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിനാണു ജസ്റ്റിസ് രാജ വിജയരാഘവന് കുടിശ്ശികത്തുക നല്കാന് സര്‍ക്കാരിന് ഇടക്കാലഉത്തരവില്‍ നിര്‍ദേശം കൊടുത്തത്. 69,89,91,180 രൂപയാണു കുടിശ്ശികയായി അനുവദിച്ചിരിക്കുന്നത്.
തുടക്കത്തില്‍ ഇന്‍സെന്റീവ് തുക അമ്പതു രൂപയായിരുന്നു. പിന്നീട് 2021 നവംബര്‍ മുതല്‍ സര്‍ക്കാര്‍ മുന്‍കാലപ്രാബല്യത്തോടെ ഇതു 30 രൂപയാക്കി കുറച്ചു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണു ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജിയെത്തുടര്‍ന്നു 2021 നവംബര്‍ മുതല്‍ സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കുന്നില്ലെന്നു ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണു 30 രൂപ നിരക്കില്‍ 2021 നവംബര്‍ മുതല്‍ 2022 നവംബര്‍വരെയുള്ള കുടിശ്ശിക കൊടുക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡിന്റെ അക്കൗണ്ടില്‍നിന്നാണു പെന്ഷന് ആവശ്യത്തിലേക്കായി പഞ്ചായത്ത് ഡയറക്ടറുടെ പേരില്‍ തുറന്ന അക്കൗണ്ടിലേക്കു 69.89 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്.
[mbzshare]