കരുവന്നൂര്‍ ബാങ്ക്: 20,000 പേര്‍ക്ക് ഉടന്‍ പണം

moonamvazhi

കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാന്‍ രണ്ടുവര്‍ഷമായി അലയുന്ന ഇരുപതിനായിരത്തോളം ചെറുകിട നിക്ഷേപകര്‍ക്ക് ഉടന്‍ പണം ലഭിക്കാന്‍ വഴിയൊരുങ്ങി. ഇതിനായി 12 കോടി രൂപ ആദ്യഘട്ട ഫണ്ടായി കരുവന്നൂര്‍ ബാങ്കില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി വേഗത്തിലായി. 50,000 രൂപയില്‍ താഴെ നിക്ഷേപമുള്ളവര്‍ക്കെല്ലാം പണം തിരിച്ചു കൊടുക്കുമെന്ന് മന്ത്രി വാസവന്റെ അധ്യക്ഷതയില്‍ നേരത്തെ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനപ്രകാരമാകും ഫണ്ട് വിതരണം.

കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പിന് പിന്നാലെ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം പാര്‍ട്ടിക്കും സര്‍ക്കാറിനും വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് ചെറുകിട നിക്ഷേപകരുടെ എങ്കിലും പണം എത്രയും പെട്ടെന്ന് കൊടുത്തു തീര്‍ത്തു രംഗം തണുപ്പിക്കാന്‍ ശ്രമം സജീവമായത്. ഒന്നരമാസം കൊണ്ട് ബാങ്കിനെ കരകയറ്റാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. വലിയ നിക്ഷേപകരുടെ പണം തിരിച്ചു കൊടുക്കുന്നതെങ്ങനെ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെങ്കിലും പാര്‍ട്ടി അണികള്‍ ഏറെ ഉള്‍പ്പെടുന്ന ചെറുകിട നിക്ഷേപകരുടെ കാര്യത്തിനാണ് പ്രഥമ പരിഗണന. നിക്ഷേപം തിരിച്ചു നല്‍കുന്നതുപോലെതന്നെ മറുവശത്തുകൂടി വായ്പകള്‍ പുനരാരംഭിക്കാനും തുടങ്ങി. 10 ലക്ഷം രൂപ വരെ ഭൂപണയ വായ്പകള്‍ ഉടന്‍ കൊടുത്തു തുടങ്ങും.

വൈകാതെ ഇത് 20 ലക്ഷം വരെ ഉയര്‍ത്തും. വ്യാപാരികള്‍ക്കും സ്വാശ്രയ സംഘങ്ങള്‍ക്കുമായി വായ്പകള്‍ എത്രയും വേഗം പുനരാരംഭിക്കണം എന്നും സഹകരണവകുപ്പ് നേതൃത്വം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. 8.50% പലിശക്കും കുടുംബശ്രീ വഴിയുള്ള ചെറുകിട വായ്പകളും ഉടന്‍ ആരംഭിക്കും. ജനത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാന്‍ പാര്‍ട്ടി കുടുംബങ്ങള്‍ വഴിയും പ്രാദേശിക നേതൃത്വം വഴിയും പരമാവധി നിക്ഷേപം എത്തിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

(മലയാള മനോരമയോട് കടപ്പാട്)

Leave a Reply

Your email address will not be published.