സംഘങ്ങളുടെ ഭരണസമിതി അംഗങ്ങള്‍ക്ക് ടേം വ്യവസ്ഥയില്‍ മാറ്റം; ബില്ലില്‍ പുതിയ നിര്‍ദ്ദേശം
സഹകരണ സംഘങ്ങളുടെ ഭരണസമിതി അംഗങ്ങള്‍ക്ക് ടേം വ്യവസ്ഥ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി ബില്ലില്‍ സര്‍ക്കാര്‍ മാറ്റം നിര്‍ദ്ദേശിച്ചു. രണ്ടും ടേമില്‍ കൂടുതല്‍ തുടര്‍ച്ചയായി സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ ഒരാള്‍ തുടരാന്‍ പാടില്ലെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. ഇത് മാറ്റണമെന്ന് പ്രതിപക്ഷവും സഹകാരികളും ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പുതിയ നിര്‍ദ്ദേശം ഉണ്ടായെന്ന് ബില്‍ ചര്‍ച്ചയ്‌ക്കെടുന്നതിന്റെ തുടക്കത്തില്‍തന്നെ സഹകരണ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു.
രണ്ടു ടേം എന്നത് മൂന്നാക്കി മാറ്റിയതാണ് പുതിയ നിര്‍ദ്ദേശം. മാത്രവുമല്ല, ടേം വ്യവസ്ഥ വായ്പ സഹകരണ സംഘങ്ങള്‍ക്ക് മാത്രമാക്കുകയും ചെയ്തു. വായ്പ സംഘങ്ങളില്‍ ഇനി മുതല്‍ മൂന്നുടേമില്‍ കൂടുതല്‍ ഒരാള്‍ക്ക് ഭരണസമിതി അംഗമായി തുടരാനാകില്ല. എന്നാല്‍, വായ്‌പേതര സംഘങ്ങള്‍ക്ക് ടേം വ്യവസ്ഥയില്ല. സെലക്ട് കമ്മിറ്റി അംഗങ്ങള്‍ ടേം വ്യവസ്ഥ കൊണ്ടുവരുന്നതില്‍ വിയോനകുറിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ ടേം വ്യവസ്ഥയില്‍ മാറ്റം വരുത്തി, സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഐകകണ്‌ഠേനയാണ് സഭയില്‍ അവതരിപ്പിച്ചത്.
എന്തെങ്കിലും പരാതി ഉണ്ടായാല്‍ സംഘത്തിന്റെ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്യുന്നതിന് അധികാരം നല്‍കുന്ന പുതിയ വ്യവസ്ഥ ബില്ലിലുണ്ടായിരുന്നു. ഇതും ഒഴിവാക്കി. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കിയാണ് ഒഴിവാക്കുന്നതെന്ന് സഹകരണ മന്ത്രി വിശദീകരിച്ചു. സഹകരണ സംഘം രജിസ്ട്രാറായി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കാമെന്ന വ്യവസ്ഥയിലും മാറ്റി. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ തന്നെയാകും സഹകരണ സംഘം രജിസ്ട്രാര്‍ എന്ന് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബില്ല് പാസാക്കുന്നതിന് മുമ്പായി നിയമസഭയില്‍ ചര്‍ച്ച നടക്കുന്നതിന് ആമുഖമായാണ് ഇക്കാര്യങ്ങള്‍ മന്ത്രി വിശദീകരിച്ചത്.
[mbzshare]