സഹകരണ വകുപ്പിന് എച്ച്.ആർ വിഭാഗവും ടെക്നിക്കൽ വിഭാഗവും ആരംഭിക്കണമെന്ന് മുൻമന്ത്രി അഡ്വ.സി.വി പത്മരാജൻ.

[email protected]

സംസ്ഥാനത്തെ സഹകരണ വകുപ്പിന് ഹ്യൂമൺ റിസോഴ്സ് വിഭാഗവും ടെക്നിക്കൽ വിഭാഗവും ആരംഭിക്കേണ്ട സമയമായെന്ന് മുൻമന്ത്രിയും കൊല്ലം അർബൻ ബാങ്ക് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് സി.വി. പത്മരാജൻ പറഞ്ഞു. കേരളത്തിലെ സഹകരണ രംഗം അത്രയും ഉയർന്നുകഴിഞ്ഞു. കാലഘട്ടത്തിനനുസരിച്ച് മാറാനും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാനും വകുപ്പിന് കഴിയണം. സാങ്കേതിക തടസ്സം മൂലവും വകുപ്പിന്റെ അംഗീകാരം ലഭിക്കാത്തതു മൂലവും സഹകരണ മേഖലയിലെ പല പുരോഗതിയും വൈകുന്നുണ്ട്. ഇതിനു മാറ്റം കൊണ്ടുവരാൻ സഹകരണ ഡിപ്പാർട്ട്മെന്റ് എച്ച് .ആർ വിഭാഗവും ടെക്നിക്കൽ വിഭാഗവും ഉടൻ ആരംഭിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. മൂന്നാം മൊഴി ഓൺലൈന്റെ ” സഹകരണ മേഖല സാങ്കേതികരംഗത്ത് പുറകിലോ” എന്ന ക്യാമ്പയിനിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള ബാങ്ക് വന്നതിനുശേഷം ഏകീകൃത സോഫ്റ്റ്‌വെയർ കൊണ്ടുവരും എന്ന് പറയുന്നതിനോട് എനിക്ക് വിശ്വാസമില്ല. കാരണം റിസർവ് ബാങ്ക് നിർദ്ദേശിക്കുന്ന പല കാര്യങ്ങളും ചെയ്യാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ കേരള ബാങ്ക് വൈകാനാണ് സാധ്യത. ഇത്രയും നാളായിട്ടും സംസ്ഥാനത്തെ ജില്ലാ ബാങ്കുകൾക്ക് ഏകീകൃത സോഫ്റ്റ്‌വെയർ കൊണ്ടുവരാൻ പോലും വകുപ്പിന് സാധിച്ചിട്ടില്ല. വകുപ്പ് ഇപ്പോഴും അർബൻ ബാങ്കുകളെ സൊസൈറ്റി ആയിട്ടാണ് കാണുന്നത്. റിസർവ് ബാങ്കിന് ഒരു കത്തയച്ചാൽ രണ്ട് ദിവസത്തിനകം മറുപടി ലഭിക്കും. എന്നാൽ സഹകരണ വകുപ്പിന് ഒരു കത്ത് നൽകിയാൽ രണ്ടു വർഷം കഴിഞ്ഞാലും മറുപടി കിട്ടാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിൽ മാറ്റം കൊണ്ടുവരണം. സഹകരണ വകുപ്പിൽ അർബൻ ബാങ്കുകളുടെ കാര്യങ്ങൾക്കായി പ്രത്യേക സെൽ രൂപീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കേരളത്തിലെ സഹകരണ മേഖലയിൽ സഹകാരികളും ഇടപാടുകാരും തമ്മിലുള്ള ബന്ധമാണ് സഹകരണമേഖലയെ ഇന്നും പിടിച്ചു നിർത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മേഖലയുടെ വലിപ്പം മനസ്സിലാകാത്ത ഉദ്യോഗസ്ഥരും ഭരണാധികാരികളും ആണ് വകുപ്പിനെ പുറകോട്ട് അടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Latest News