നിക്ഷേപതട്ടിപ്പില്‍ ഇനി കളക്ടറുടെ അന്വേഷണം; സഹകരണബാങ്കുകള്‍ വിവരം കൈമാറണം  

moonamvazhi

നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് സ്വമേധയാ അന്വേഷണവും തുടര്‍നടപടികളും സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം. ബാനിങ് ഓഫ് അണ്‍റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം (ബഡ്‌സ്) ആക്ട് അനുസരിച്ചാണ് നടപടി. ഇതിനായി ചീഫ് സെക്രട്ടറി പ്രത്യേകം സര്‍ക്കുലര്‍ ഇറക്കി. പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും, അംഗീകാരമില്ലാതെ നിക്ഷേപം സ്വീകരിച്ചവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി തുടങ്ങാനുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

2021 ഫിബ്രവരിയിലാണ് ബഡ്‌സ് ആക്ട് പ്രാബല്യത്തില്‍ വരുന്നത്. ഈ നിയമം ആക്ട് അനുസരിച്ച് ഇതിന്റെ നിര്‍വണ ചുമതല ഗവണ്‍മെന്റ് സെക്രട്ടറിക്കാണ്. ഈ ഉദ്യോഗസ്ഥനെ സഹായിക്കാന്‍ ജില്ലാകളക്ടര്‍മാരെയാണ് നിയമനം ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇത് പാലിക്കപ്പെടാനുള്ള നിര്‍ദ്ദേശമാണ് ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിലുള്ളത്. സംസ്ഥാനത്ത് നിക്ഷേപതട്ടിപ്പ് സംബന്ധിച്ച് പരാതികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം. ഇത്തരം പരാതികളില്‍ പോലീസ് അന്വേഷണം വൈകുകയും, സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ നടപ്പാകാതെ വരികയുമാണ്. ഇത് നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അതിനാല്‍, പോലീസ് അന്വേഷണത്തിന് കാത്തുനില്‍ക്കാതെ കളക്ടര്‍മാര്‍ അതത് ജില്ലയില്‍ നേരിട്ട് അന്വേഷിച്ച് ചുമതലപ്പെട്ട ഗവണ്‍മെന്റ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ റിപ്പോര്‍ട്ടനുസരിച്ച് സ്വത്ത് കണ്ടുകെട്ടല്‍ നടപടി കോടതിയനുമതിയോടെ കളക്ടര്‍തന്നെ ചെയ്യും.

റിസര്‍വ് ബാങ്ക്, സെബി, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയവയുടെ അനുമതിയില്ലാതെ സ്വീകരിക്കുന്ന നിക്ഷേപമാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. 1978-ലെ പ്രൈസ് ചിറ്റ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീം (ബാനിംഗ്) ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരം നിരോധിച്ച ഒരു സമ്മാന ചിട്ടിയോ മണി സര്‍ക്കുലേഷന്‍ സ്‌കീമോ ഈ നിയമത്തിന് കീഴിലുള്ള നിയന്ത്രണമില്ലാത്ത നിക്ഷേപ പദ്ധതിയായി കണക്കാക്കും. നിയന്ത്രണ നിക്ഷേപ പദ്ധതി അനുസരിച്ചുള്ള നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തിന്റെ തിരിച്ചടവിലോ, വാഗ്ദാനം ചെയ്ത ഏതെങ്കിലും സേവനത്തിലോ വഞ്ചനാപരമായ വീഴ്ച വരുത്തിയാലും കളക്ടര്‍ക്ക് നടപടിയെടുക്കാനാകും.

ഇത്തരത്തില്‍ അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്നവര്‍ ഏതെങ്കിലും ബാങ്കില്‍ ഇടപാടുകാരായുണ്ടെങ്കില്‍ അക്കാര്യം കളക്ടര്‍മാരെ അറിയിക്കമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എസ്.ബി.ഐ., ഗ്രാമീണ്‍ ബാങ്ക്, സഹകരണ ബാങ്ക്, മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്ക് എന്നിവയെല്ലാം ഇക്കാര്യം അറിയിക്കണം. ജില്ലാ ലീഡ് ബാങ്ക് യോഗത്തില്‍ കളക്ടര്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തണം. കളക്ടര്‍മാര്‍ക്ക് നേരിട്ട് പരാതി സ്വീകരിക്കാം. അന്വേഷണം നടത്തുന്നതിന് പരാതി ലഭിക്കണമെന്ന് നിര്‍ബന്ധമില്ല. മാധ്യമവാര്‍ത്തകളുണ്ടായാലും കളക്ടര്‍മാര്‍ അന്വേഷണം നടത്തണം. രേഖകളും തെളിവുകളും കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേകം സംവിധാനമുണ്ടാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News