വ്യവസ്ഥകള്‍ പുതുക്കിയും പുതിയവ കൂട്ടിച്ചേര്‍ത്തും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിബില്‍

[mbzauthor]

ഒന്നില്‍ക്കൂടുതല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വ്യക്തികള്‍ അംഗങ്ങളായിട്ടുള്ള സംഘങ്ങളുടെ രജിസ്‌ട്രേഷനും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിനും നിര്‍വഹിക്കുന്നതിനുമായി 1942 ല്‍ മള്‍ട്ടിയൂണിറ്റ് സഹകരണസംഘം നിയമവും തുടര്‍ന്നു 1984 ല്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമവും പാസാക്കി. പിന്നീട് 2002 ല്‍ ഭേദഗതി നടപ്പായി. 2021 ജൂലായില്‍ കേന്ദ്ര സഹകരണമന്ത്രാലയം രൂപംകൊണ്ടശേഷം മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തില്‍
97-ാം ഭരണഘടനാഭേദഗതിക്കനുസൃതമായി ഭേദഗതി വരുത്താന്‍ ശ്രമം തുടങ്ങി.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘംനിയമത്തിലെ നിലവിലുള്ള ചില വ്യവസ്ഥകള്‍
ഭേദഗതി ചെയ്യാനും പുതിയ ചില വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കാനും 2022 ലെ
ഭേദഗതിബില്ലില്‍ ലക്ഷ്യമിടുന്നു.

 

(2022 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിബില്ലും
കേരള സഹകരണസംഘം നിയമവും താരതമ്യം ചെയ്യുന്ന ലേഖനപരമ്പരയുടെ
ആദ്യഭാഗം)

 

നയരൂപവത്കരണങ്ങളിലും തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന നടപടികളിലും അംഗങ്ങള്‍ സജീവമായി പങ്കെടുക്കുകയും അംഗങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന സ്വേച്ഛാനുസാര, ജനാധിപത്യ, പരമാധികാരസ്ഥാപനങ്ങളാണു സഹകരണസംഘങ്ങള്‍. 1904 ല്‍ സഹകരണവായ്പാ സംഘംനിയമം പ്രാബല്യത്തില്‍ വന്നതോടെയാണു സഹകരണം സ്ഥാപനവത്കരിക്കപ്പെടുന്നത്. 1912 ല്‍ സഹകരണസംഘം നിയമം പാസാക്കിയപ്പോള്‍ സഹകരണപ്രസ്ഥാനത്തിന്റെ സാധ്യതകള്‍ കൂടുതല്‍ വിശാലമാവുകയുണ്ടായി. 1919 ലെയും 1935 ലെയും ഇന്ത്യാസര്‍ക്കാര്‍ നിയമനിര്‍മാണങ്ങളിലൂടെ സഹകരണം ഒരു പ്രവിശ്യാ വിഷയമാക്കി മാറ്റുകയും ഇന്ത്യയിലെ വിവിധ പ്രവിശ്യകള്‍ അവരവര്‍ക്കനുയോജ്യമായ സഹകരണനിയമങ്ങള്‍ തയാറാക്കുകയും ചെയ്തു. 1950 ജനുവരി 26 നു ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നപ്പോള്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടാം ലിസ്റ്റിലെ 32-ാം എന്‍ട്രിയനുസരിച്ച് സഹകരണം ഒരു സംസ്ഥാനവിഷയവും ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ഒന്നാം ലിസ്റ്റിലെ 44-ാം എന്‍ടിപ്രകാരം ഒന്നില്‍ക്കൂടുതല്‍ പ്രവിശ്യകളില്‍നിന്നുള്ള വ്യക്തികള്‍ അംഗങ്ങളായിട്ടുള്ള സഹകരണസംഘങ്ങള്‍ യൂണിയന്‍ ലിസ്റ്റിലും പെടുന്നതായി. ഒന്നില്‍ക്കൂടുതല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വ്യക്തികള്‍ അംഗങ്ങളായിട്ടുള്ള സംഘങ്ങളുടെ രജിസ്‌ട്രേഷനും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിനും നിര്‍വഹിക്കുന്നതിനുമായി 1942 ല്‍ മള്‍ട്ടിയൂണിറ്റ് സഹകരണസംഘം നിയമവും തുടര്‍ന്നു 1984 ല്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമവും പാസാക്കി. ചൗധരി ബ്രഹ്മപ്രകാശിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ശുപാര്‍ശ ചെയ്ത മാതൃകാ സഹകരണസംഘം നിയമത്തിന്റെ പശ്ചാത്തലത്തില്‍ 1984 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിക്കുകയും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ബില്‍- 2000 പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇരുസഭകളും പാസാക്കിയ പ്രസ്തുത ബില്ലിനു 2002 ജൂലായ് മൂന്നിനു രാഷ്ട്രപതിയുടെ സമ്മതം ലഭിക്കുകയും അതു പ്രാബല്യത്തില്‍ വരികയും ചെയ്തു ( 2002 ലെ 39-ാം നിയമം ).

സംഘങ്ങള്‍ക്ക്
ഭരണഘടനാപദവി

2009 നവംബര്‍ 30 നു 111-ാം ഭരണഘടനാ ഭേദഗതിബില്‍ ലോക്‌സഭയില്‍ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ അവതരിപ്പിക്കുകയും തുടര്‍ന്നു സ്റ്റാന്റിങ് കമ്മിറ്റിക്കു വിടുകയുമുണ്ടായി. 2011 ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വന്ന 97-ാം ഭരണഘടനാ ഭേദഗതിനിയമം സഹകരണസംഘങ്ങള്‍ക്കു ഭരണഘടനാപദവിയും സംരക്ഷണവും നല്‍കി. ഭരണഘടനയുടെ മൂന്നും നാലും ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും പാര്‍ട്ട് ഒമ്പത് ബി എന്ന പുതിയ ഭാഗം ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഭരണഘടനയുടെ ഭാഗം മൂന്നിലെ ആര്‍ട്ടിക്കിള്‍ 19 ( 1 ) ( സി ) യില്‍ സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ പൗരന്റെ മൗലികാവകാശമാക്കി ഭാഗം നാലില്‍ സഹകരണസംഘങ്ങളുടെ സ്ഥാനോന്നതി ഒരു പുതിയ ഡയരക്ടീവ് പ്രിന്‍സിപ്പിള്‍ ഓഫ് സ്റ്റേറ്റ് പോളിസിയായി കൂട്ടിച്ചേര്‍ത്തു ( അനുച്ഛേദം 43 ബി ). ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഗം ഒമ്പത് ബി യില്‍ 243 ദഒ മുതല്‍ 243 ദഠ വരെയുള്ള 13 അനുച്ഛേദങ്ങളായി ഉള്‍പ്പെടുത്തുകയുമുണ്ടായി. പാര്‍ട്ട് ഒമ്പത് ബി യിലെ അനുച്ഛേദം 243 ദഠ പ്രകാരം സംസ്ഥാന സഹകരണസംഘം നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ 97-ാം ഭരണഘടനാഭേദഗതിയ്ക്കു വിരുദ്ധമായിട്ടുണ്ടെങ്കില്‍ സംസ്ഥാന സഹകരണനിയമം ഭേദഗതി ചെയ്യുന്നതുവരെയോ അല്ലെങ്കില്‍ ഭരണഘടനാഭേദഗതി പ്രാബല്യത്തില്‍ വന്ന തീയതിമുതല്‍ ഒരു വര്‍ഷംവരെയോ ( 2013 മാര്‍ച്ച് 15 വരെ ) ഇതില്‍ ഏതാണോ കുറവ് അതുവരെ നിലവിലെ സംസ്ഥാന സഹകരണനിയമവ്യവസ്ഥ തുടരുമെന്നാണു നിഷ്‌കര്‍ഷിച്ചിരുന്നത്.

2021 ലെ
സുപ്രീംകോടതിവിധി

കേരളമുള്‍പ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും അവയുടെ സംസ്ഥാന സഹകരണനിയമവ്യവസ്ഥകള്‍ 97-ാം ഭരണഘടനാഭേദഗതിക്കനുസൃതമായി 2013 മാര്‍ച്ച് രണ്ടിനും അതിനു മുമ്പുമായും ഭേദഗതി വരുത്തുകയുണ്ടായി. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും 2013 ഫെബ്രുവരി 15 നു മുമ്പായി അവയുടെ സഹകരണനിയമവ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്നു നിഷ്‌കര്‍ഷിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘം നിയമം സമയബന്ധിതമായി ഭേദഗതി വരുത്തുകയുണ്ടായില്ല. 2013 ഏപ്രില്‍ 22 നു ഗുജറാത്ത് ഹൈക്കോടതി 97-ാം ഭരണഘടനാഭേദഗതിയിലെ പാര്‍ട്ട് ഒമ്പത് ബി യിലെ ഭേദഗതികളെല്ലാം റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിക്കുകയുണ്ടായി. സംസ്ഥാനവിഷയമായ സഹകരണവുമായി ബന്ധപ്പെട്ട് ഭരണഘടന ഭേദഗതി ചെയ്യുമ്പോള്‍ ഭൂരിഭാഗം സംസ്ഥാന നിയമസഭകളുടെ സ്ഥിരീകരണം ആവശ്യമാണെന്നു ഭരണഘടനയുടെ അനുച്ഛേദം 368 ( 2 ) നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത നടപടിക്രമം പൂര്‍ത്തീകരിച്ചില്ല എന്ന കാരണത്താലാണു 97-ാം ഭരണഘടനാഭേദഗതിയിലെ പാര്‍ട്ട് ഒമ്പത് ബി യിലെ അനുച്ഛേദങ്ങളെല്ലാം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയത്. ഗുജറാത്ത് ഹൈക്കോടതിയുടെ മേല്‍സൂചിപ്പിച്ച വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സിവില്‍ അപ്പീല്‍ നല്‍കി. ഭരണഘടനയിലെ പാര്‍ട്ട് ഒമ്പത് ബി യിലെ അനുച്ഛേദം 243 ദഞ ഉം 243 ദട ഉം ഒഴികെയുള്ള മറ്റെല്ലാ അനുച്ഛേദങ്ങളും റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി 2021 ജൂലായ് 20 നു വിധി പ്രസ്താവിച്ചു. അനുച്ഛേദം 243 ദഞ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കും അനുച്ഛേദം 243 ദട കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ബാധകമായ അനുച്ഛേദങ്ങളായതിനാലാണു സുപ്രീംകോടതി അവ രണ്ടും ഒഴിവാക്കിയത്.

കേന്ദ്രത്തില്‍
സഹകരണമന്ത്രാലയം

കൃഷിമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സഹകരണ- സഹകരണസ്ഥാപന വകുപ്പുകള്‍ക്കു സഹകരണമന്ത്രാലയം എന്ന പ്രത്യേക മന്ത്രാലയം 2021 ജൂലായ് ആറിനു ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്റെ ഗസറ്റ് വിജ്ഞാപനത്തിലൂടെ രൂപവത്കരിച്ചു. കേന്ദ്ര സഹകരണമന്ത്രാലയം ഉണ്ടായശേഷം മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തില്‍ 97-ാം ഭരണഘടനാഭേദഗതിക്കനുസൃതമായി ഭേദഗതി വരുത്താന്‍ ശ്രമം തുടങ്ങി. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍, തെറ്റായ പ്രവര്‍ത്തനരീതികള്‍, കാലാവധി പൂര്‍ത്തിയാക്കുന്ന സംഘങ്ങളില്‍ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിലുണ്ടാകുന്ന കാലതാമസം, ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ഓഡിറ്റര്‍മാരെ സംഘക്കണക്കുകള്‍ ഓഡിറ്റ് ചെയ്യിക്കുന്നതിനായി നിയോഗിക്കുന്നതിലെ സുതാര്യതക്കുറവ്, സംഘംനിയമനങ്ങളില്‍ നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും, സംഘാംഗങ്ങളില്‍ നിഷ്‌ക്രിയ അംഗങ്ങളുടെ ഉയര്‍ന്ന അനുപാതം തുടങ്ങിയ പോരായ്മകള്‍ നിയമവ്യവസ്ഥകളിലൂടെ പരിഹരിക്കുക എന്നതായിരുന്നു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമം ഭേദഗതി ചെയ്യണമെന്ന ആശയത്തിനു പിന്നിലുണ്ടായിരുന്നത്.

സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കുകയും ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുക, അംഗങ്ങളെ സജീവാംഗങ്ങളാക്കുക, അംഗങ്ങളുടെ പരാതികള്‍ പരിഹരിക്കാനായി ഓംബുഡ്‌സ്മാനെ നിയോഗിക്കുക, മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങളുടെ സുതാര്യത വര്‍ധിപ്പിക്കാനായി ഇന്‍ഫര്‍മേഷന്‍ ഓഫീസറെ ലഭ്യമാക്കുക തുടങ്ങിയ പരിഷ്‌കാരനടപടികളും സജീവ പരിഗണനയിലുണ്ടായിരുന്നു. ഒരു സഹകരണസംഘത്തിന്റെ ഭരണസമിതിയില്‍ പരമാവധി 21 അംഗങ്ങളേ പാടുള്ളൂവെന്നും ഭരണസമിതിയംഗങ്ങളില്‍ ഒരു സീറ്റ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായും രണ്ടു സീറ്റ് വനിതകള്‍ക്കായും വ്യക്തികള്‍ അംഗങ്ങളായിട്ടുള്ള സഹകരണസംഘങ്ങളുടെ ഭരണസമിതിയില്‍ സംവരണം ചെയ്യണമെന്നും 97-ാം ഭരണഘടനാഭേദഗതിയില്‍ അനുച്ഛേദം 243 ദഖ യില്‍ വ്യവസ്ഥ ചെയ്തിരുന്നു. അതുപോലെത്തന്നെ, ഭരണസമിതിയുടെയും അതിലെ ഭാരവാഹികളുടെയും കാലാവധി തിരഞ്ഞെടുപ്പുദിവസം മുതല്‍ അഞ്ചു വര്‍ഷമായിരിക്കുമെന്നും ഭരണസമിതിയിലുണ്ടാകുന്ന ആകസ്മിക ഒഴിവുകള്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ രണ്ടര വര്‍ഷത്തിനുള്ളിലേയുള്ളുവെങ്കില്‍ ഭരണസമിതിക്കുതന്നെ അതു നോമിനേഷനിലൂടെ നികത്താമെന്നും ഈ അനുച്ഛേദത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. ബാങ്കിങ്, മാനേജ്‌മെന്റ്, ധനകാര്യം എന്നീ വിഷയങ്ങളില്‍ പരിചയസമ്പത്തുള്ള അംഗങ്ങളില്‍ നിന്നു രണ്ടുപേരെ ഭരണസമിതിയിലേക്കു കോ-ഓപ്റ്റ് ചെയ്യുന്നതിനും വ്യവസ്ഥയുണ്ട്. കോ-ഓപ്ഷനിലൂടെ സംഘംഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്ന അംഗങ്ങള്‍ക്കു ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന സന്ദര്‍ഭങ്ങളിലോ അവിശ്വാസപ്രമേയം വോട്ടിനിടുമ്പോഴോ വോട്ടവകാശം ഉണ്ടാവില്ല. മാത്രവുമല്ല, ഇവര്‍ക്ക് ഔദ്യോഗികഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടാനും അര്‍ഹതയുണ്ടാവില്ല. സംഘംഭരണസമിതിയിലെ അംഗങ്ങളുടെ പരമാവധിയെണ്ണം കണക്കാക്കുമ്പോള്‍ കോ-ഓപ്ഷനിലൂടെ ഫങ്ഷണല്‍ ഡയറക്ടര്‍മാരാകുന്ന രണ്ടുപേരെ ഒഴിവാക്കിയായിരിക്കും കണക്കാക്കുക.

ഒരു ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പുതന്നെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കണമെന്നും കാലാവധി പൂര്‍ത്തിയാക്കിയ ഉടനെത്തന്നെ പുതിയ ഭരണസമിതി ചുമതല ഏറ്റെടുക്കണമെന്നും അനുച്ഛേദം 243 ദഗ യില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വോട്ടര്‍പ്പട്ടിക തയാറാക്കലും സഹകരണസംഘങ്ങളിലെ ഭരണസമിതിതിരഞ്ഞെടുപ്പും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളുടെയും നടത്തിപ്പും മേല്‍നോട്ടവും നേതൃത്വവും നിയന്ത്രണവും സംസ്ഥാന നിയമസഭ വ്യവസ്ഥ ചെയ്യുന്ന ഒരു അധികാരിയില്‍ നിക്ഷിപ്തമായിരിക്കുമെന്നും ഈ അനുച്ഛേദത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഒരു സഹകരണസംഘത്തിന്റെ ഭരണസമിതിയെയും ആറു മാസത്തില്‍ക്കൂടുതലുള്ള കാലയളവിലേക്കു പിരിച്ചുവിടാനോ അല്ലെങ്കില്‍ സസ്‌പെന്റ് ചെയ്യാനോ പാടില്ല എന്ന നിയന്ത്രണവ്യവസ്ഥയാണ് അനുച്ഛേദം 243 ദഘ ല്‍ ഉള്ളത്.

( കേരള സഹകരണസംഘം നിയമത്തില്‍ 2013 ഫെബ്രുവരി 15 നു പ്രാബല്യത്തില്‍ വന്ന നിയമഭേദഗതിയുടെ ഭാഗമായി 32-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പിന്റെ മൂന്നാമത്തെ പ്രൊവിസോയില്‍ സര്‍ക്കാരിന്റെ ഓഹരി മൂലധനമുതല്‍മുടക്കില്ലാത്ത സഹകരണസംഘങ്ങളുടെ ഭരണസമിതിയെ പിരിച്ചുവിടാനോ സസ്‌പെന്റ് ചെയ്യാനോ പാടില്ലെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രസ്തുത പ്രൊവിസോ വിശദമാക്കാന്‍വേണ്ടിയായിരിക്കാം കേരള സഹകരണസംഘം നിയമഭേദഗതിബില്ലില്‍ സഹകരണസംഘംഭരണസമിതിയെ സസ്‌പെന്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥകളുള്‍പ്പെടുന്ന വകുപ്പ് 32 എ കൂട്ടിച്ചേര്‍ക്കാന്‍ കാരണമായത് ).

സംഘഭരണത്തിന്
അഡ്മിനിസ്‌ട്രേറ്റര്‍

പിരിച്ചുവിട്ട ഭരണസമിതിയുടെ സ്ഥാനത്തു സംഘഭരണം തുടര്‍ന്നുനടത്താന്‍ ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയോഗിക്കാനാണു മേല്‍സൂചിപ്പിച്ച അനുച്ഛേദത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. തന്റെ കാലാവധി അവസാനിക്കുംമുമ്പുതന്നെ സഹകരണസംഘത്തിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള എല്ലാ നടപടികളും അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊള്ളണമെന്നും ഭരണഘടനാവ്യവസ്ഥയുണ്ട്. ഭരണഘടനയുടെ പാര്‍ട്ട് ഒമ്പത് ബി യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കു ബാധകമായതുമായ അനുച്ഛേദം 243 ദഖ, 243 ദഗ, 243 ദഘ എന്നിവകളിലെ വ്യവസ്ഥകള്‍ക്കനുസൃതമായി മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമം ഭേദഗതി ചെയ്യാന്‍ ബില്ലില്‍ വ്യവസ്ഥകളുള്‍പ്പെടുത്തിയിട്ടുണ്ട്.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ ലാഭത്തുകയില്‍നിന്നുള്ള സംഭാവന ഉപയോഗിച്ച് ദുര്‍ബലാവസ്ഥയിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍വേണ്ടി ഒരു ഫണ്ട് സ്വരൂപിക്കുന്നതിനു ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ ഇന്‍കോര്‍പ്പറേഷന്‍ നിയന്ത്രണം, സമാപ്തീകരണം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഭരണഘടനാവ്യവസ്ഥകള്‍ക്കനുസൃതമായി മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിനും അവയുടെ മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബാങ്കിങ് നിയന്ത്രണനിയമവ്യവസ്ഥകള്‍ക്കും അനുസൃതമായിരിക്കും. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘനിയമഭേദഗതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും അതിനുള്ള കാരണങ്ങളും എന്തൊക്കെയാണെന്നു കേന്ദ്ര സഹകരണമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. നിലവിലുള്ള ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനും അതോടൊപ്പം പുതിയ ചില വ്യവസ്ഥകള്‍ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കാനും ബില്ലില്‍ ലക്ഷ്യമിടുന്നുണ്ട്. അവയില്‍ ചിലവ താഴെ പറയുന്നു:

നിലവിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിന്റെ വകുപ്പ് 41 സംഘംഭരണസമിതിയെക്കുറിച്ച് പ്രതിപാദിക്കുന്നതാണ്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിനും ചട്ടത്തിനും വിധേയമായി സംഘനിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്രയും അംഗങ്ങളുള്‍പ്പെടുന്ന ഒരു ഭരണസമിതി എല്ലാ സംഘങ്ങള്‍ക്കും ഉണ്ടായിരിക്കുമെന്നും പൊതുയോഗത്തില്‍ ഒരു പ്രമേയം പാസാക്കിക്കൊണ്ട് ഭരണസമിതിയംഗങ്ങളെ തിരഞ്ഞെടുക്കുമെന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതി രണ്ടു വിദഗ്ധരെ ഭരണസമിതിയിലേക്കു കോ-ഓപ്റ്റ് ചെയ്യുമെന്നും നിലവില്‍ വ്യവസ്ഥയുണ്ട്.

രണ്ടു വിദഗ്ധരെ
കോ-ഓപ്റ്റ് ചെയ്യാം

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ ഭരണസമിതിയില്‍ സംഘനിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതും എന്നാല്‍ 21 പേരില്‍ അധികരിക്കാത്തതുമായ അംഗങ്ങളുണ്ടായിരിക്കുമെന്നും അതിലൊരാള്‍ പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെടുന്ന അംഗവും രണ്ടു പേര്‍ വനിതാ അംഗങ്ങളുമായിരിക്കണമെന്നും ഭേദഗതിബില്ലിലെ വകുപ്പ് 41 ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബാങ്കിങ്, മാനേജ്‌മെന്റ്, സഹകരണമാനേജ്‌മെന്റ്, ധനകാര്യം എന്നിവയില്‍ വൈദഗ്ധ്യമുള്ളവരോ അല്ലെങ്കില്‍ ആ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലും ഏറ്റെടുത്തുനടത്തുന്ന പ്രവര്‍ത്തനങ്ങളിലും വൈദഗ്ധ്യമുള്ളവരോ ആയ രണ്ടംഗങ്ങളെ ഭരണസമിതിയിലേക്കു കോ-ഓപ്റ്റ് ചെയ്യണമെന്നും ബില്ലില്‍ പ്രൊവിസോ ആയി ചേര്‍ത്തിട്ടുണ്ട്. നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള എണ്ണം അധികരിച്ചാണു രണ്ടു വിദഗ്ധരെ കോ-ഓപ്റ്റ് ചെയ്യുന്നത്. കോ-ഓപ്ഷണിലൂടെ ഭരണസമിതിയില്‍ വരുന്ന ഡയറക്ടര്‍മാര്‍ക്കു തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്താനുള്ള അര്‍ഹതയോ ഒൗദ്യോഗികഭാരവാഹിയായി തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതയോ ഉണ്ടാവില്ലെന്നു ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കോ-ഓപ്റ്റ് ചെയ്യപ്പെട്ട് ഭരണസമിതിയിലെത്തുന്ന ഡയറക്ടര്‍മാരെ ഭരണസമിതിയംഗങ്ങളായിത്തന്നെ കണക്കാക്കുമെന്നും എന്നാല്‍ നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള അംഗങ്ങളുടെ എണ്ണം കണക്കാക്കുമ്പോള്‍ കോ-ഓപ്റ്റ് ചെയ്യപ്പെട്ട് ഭരണസമിതിയിലെത്തുന്നവര്‍ അതിലുള്‍പ്പെടില്ലെന്നും ബില്ലില്‍ നിയന്ത്രണവ്യവസ്ഥകള്‍ ചേര്‍ത്തിട്ടുണ്ട്.

സംഘം ഏര്‍പ്പെട്ടിട്ടുള്ള അല്ലെങ്കില്‍ ഏര്‍പ്പെടാന്‍ പോകുന്ന ഏതെങ്കിലും ഉടമ്പടികളില്‍ ഏതെങ്കിലും ഭരണസമിതിയംഗമോ അല്ലെങ്കില്‍ ഭരണസമിതിയംഗത്തിന്റെ അടുത്ത ബന്ധുവോ പ്രത്യക്ഷമായോ പരോക്ഷമായോ താല്‍പ്പര്യമുള്ളവരാണെങ്കില്‍ ഭരണസമിതിയോഗത്തില്‍ ആ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്ന വേളയില്‍ പ്രസ്തുത അംഗം ഹാജരാകാനോ വോട്ടു ചെയ്യാനോ പാടില്ല എന്നു ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിലവിലുള്ള ഭരണസമിതിയംഗങ്ങളുടെ ബന്ധുക്കളെ പ്രധാന കാര്യനിര്‍വഹകന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരായി റിക്രൂട്ട് ചെയ്യാന്‍ പാടില്ലെന്ന നിയന്ത്രണവ്യവസ്ഥയും ബില്ലിലെ 41 -ാം വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധു എന്ന വാക്കിനു ബില്ലില്‍ നല്‍കിയിട്ടുള്ള വിശദീകരണം ഇങ്ങനെയാണ്: അ ) ഭാര്യ / ഭര്‍ത്താവ്, ആ ) അച്ഛന്‍ ( രണ്ടാനച്ഛനുള്‍പ്പെടെ ), ഇ ) അമ്മ ( രണ്ടാനമ്മയുള്‍പ്പെടെ ), ഉ ) മകന്‍ ( ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ മുന്‍ബന്ധത്തിലെ മകനുള്‍പ്പെടെ ), ഋ ) മകന്റെ ഭാര്യ, എ ) മകള്‍ ( ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ മുന്‍ബന്ധത്തിലെ മകളുള്‍പ്പെടെ ), ഏ ) മകളുടെ ഭര്‍ത്താവ്, ഒ ) അപ്പൂപ്പന്‍ ( അച്ഛന്റെ അച്ഛനും അമ്മയുടെ അച്ഛനും ), ക ) അമ്മൂമ്മ ( അച്ഛന്റെ അമ്മയും അമ്മയുടെ അമ്മയും ), ഖ ) മകന്റെ മകന്‍, ഗ ) മകന്റെ മകന്റെ ഭാര്യ, ഘ ) മകന്റെ മകള്‍, ങ ) മകന്റെ മകളുടെ ഭര്‍ത്താവ്, ച ) മകളുടെ മകന്‍, ഛ ) മകളുടെ മകന്റെ ഭാര്യ, ജ ) മകളുടെ മകള്‍, ഝ ) മകളുടെ മകളുടെ ഭര്‍ത്താവ്, ഞ ) സഹോദരന്‍ ( കൂടെ പിറക്കാത്ത ജ്യേഷ്ഠനോ അനുജനോ ഉള്‍പ്പെടെ ), ട ) സഹോദരന്റെ ഭാര്യ, ഠ ) സഹോദരി ( കൂടെ പിറക്കാത്ത ചേച്ചിയോ അനുജത്തിയോ ഉള്‍പ്പെടെ ), ഡ ) സഹോദരീഭര്‍ത്താവ്, ഢ ) ഹിന്ദു അവിഭക്ത കുടുംബം.

കാതലായ മാറ്റം
45-ാം വകുപ്പില്‍

നിലവിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിലെ 45-ാം വകുപ്പിലാണു കാതലായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭരണസമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പു പ്രതിപാദിക്കുന്ന 45-ാം വകുപ്പില്‍ നിലവിലുള്ള ഭരണസമിതിയുടെ ഉത്തരവാദിത്തമാണു പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുക എന്നതും നിര്‍ദിഷ്ടരീതിയില്‍ രഹസ്യബാലറ്റിലൂടെ അംഗങ്ങളുടെ പൊതുയോഗത്തില്‍വെച്ച് അതു നടത്തുക എന്നതും. ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയംഗങ്ങള്‍ക്കു നിയമാവലിവ്യവസ്ഥകള്‍ അനുവദിക്കുന്നപക്ഷം വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുണ്ടെന്നും നിലവിലെ 45-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയംഗങ്ങളുടെ കാലാവധി നിയമാവലിനിബന്ധനപ്രകാരം തിരഞ്ഞെടുപ്പുദിവസംമുതല്‍ അഞ്ചു വര്‍ഷമായിരിക്കുമെന്നും തങ്ങളുടെ പിന്‍ഗാമികളെ തിരഞ്ഞെടുക്കുകയോ നോമിനേറ്റ് ചെയ്യുകയോ ചെയ്യുന്നതുവരെ ഭരണസമിതിയംഗങ്ങള്‍ക്കു ഭരണസമിതിയില്‍ തുടരാമെന്നും നിലവിലുള്ള ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ടും പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെടാതിരുന്നാല്‍ കാലാവധി അവസാനിച്ചശേഷം 90 ദിവസത്തിനകം രജിസ്ട്രാര്‍തന്നെ തിരഞ്ഞെടുപ്പു നടത്തുമെന്നും നിലവിലെ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ജനറല്‍ ബോഡിയംഗങ്ങളല്ലാത്ത ആരും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹരായിരിക്കില്ല. ഭരണസമിതി തിരഞ്ഞെടുപ്പ് കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍തന്നെ നടത്തുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവും സംഘംതന്നെ വഹിക്കാന്‍ ബാധ്യസ്ഥമാണെന്നും നിലവിലെ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ്
അതോറിറ്റി

സഹകരണതിരഞ്ഞെടുപ്പ് അധികാരി എന്നറിയപ്പെടുന്ന ഒരു അതോറിറ്റിയെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ ഏര്‍പ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന അധ്യക്ഷനും ഉപാധ്യക്ഷനും മൂന്നുപേരില്‍ അധികരിക്കാത്ത അംഗങ്ങളും പ്രസ്തുത അതോറിറ്റിയില്‍ ഉണ്ടായിരിക്കുമെന്നും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ഭേദഗതിബില്ലിലെ വകുപ്പ് 45 ( 1 ) ല്‍ നിര്‍ദേശിച്ചിട്ടുണ്ട്. സഹകരണതിരഞ്ഞെടുപ്പധികാരിയുടെ കേന്ദ്ര ഓഫീസ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ നിശ്ചയിക്കുന്നതായിരിക്കും. കേന്ദ്രസര്‍ക്കാരില്‍ അഡീഷണല്‍ സെക്രട്ടറിയുടെ റാങ്കിലോ അതിനു തുല്യമായ റാങ്കിലോ സ്ഥാനം വഹിച്ച ആളായിരിക്കണം അതോറിറ്റിയുടെ അധ്യക്ഷനായിരിക്കേണ്ടതെന്നും ഗവണ്‍മെന്റ്‌സെക്രട്ടറിയുടെ റാങ്കിലോ അതിനു തുല്യമായ റാങ്കിലോ സ്ഥാനം വഹിച്ചിരുന്ന ആളുകളെയല്ലാതെ മറ്റാരെയും ഉപാധ്യക്ഷനായി നിയമിക്കാന്‍ പാടില്ലെന്നും ഭേദഗതിവ്യവസ്ഥയില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതോറിറ്റിയംഗങ്ങള്‍ക്കു നിര്‍ണയിക്കപ്പെടുന്ന യോഗ്യതകളും അനുഭവസമ്പത്തുമുണ്ടായിരിക്കണം. സഹകരണതിരഞ്ഞെടുപ്പു അതോറിറ്റിയിലെ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, അംഗങ്ങള്‍ എന്നിവരുടെ കാലാവധി ഏറ്റെടുക്കുന്ന ദിവസംമുതല്‍ മൂന്നു വര്‍ഷമോ അല്ലെങ്കില്‍ 65 വയസ് പൂര്‍ത്തിയാകുന്നതുവരെയോ (ഏതാണോ ആദ്യം അത് ) ആയിരിക്കും. സര്‍ക്കാര്‍സര്‍വീസിലുള്ള ജീവനക്കാരെ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, അംഗം എന്നീ സ്ഥാനങ്ങളില്‍ നിയമിച്ചാല്‍ അവരെ എക്‌സ് ഒഫീഷ്യോ അംഗമായി കണക്കാക്കും. ഇവര്‍ ഉദ്യോഗത്താല്‍ ( എക്‌സ് ഒഫീഷ്യോ ) ഉള്ളവരായിരിക്കും. അല്ലെങ്കില്‍ ഇവരുടെ സേവന-വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കപ്പെടുംവിധമായിരിക്കും.

സഹകരണതിരഞ്ഞെടുപ്പ് അതോറിറ്റിയുടെ മേല്‍നോട്ടവും നേതൃത്വവും അധ്യക്ഷനായിരിക്കുമെന്നും അതോറിറ്റിയോഗങ്ങളുടെ അധ്യക്ഷസ്ഥാനം വഹിക്കുന്നതോടൊപ്പം നിര്‍ണയിക്കപ്പെടുന്ന മറ്റധികാരങ്ങളും ചുമതലകളും വിനിയോഗിക്കുകയും നിര്‍വഹിക്കുകയും ചെയ്യേണ്ടതാണെന്നും നിയമഭേദഗതിബില്ലിലെ വകുപ്പ് 45 എ യില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ( തുടരും )

[mbzshare]

Leave a Reply

Your email address will not be published.