മഹാരാഷ്ട്ര സംസ്ഥാന ബാങ്കിന്റെ അറ്റലാഭം 609 കോടി രൂപ

moonamvazhi
2022-23 സാമ്പത്തികവര്‍ഷം മൊത്തം 45,064 കോടി രൂപയുടെ ബിസിനസ് നടത്തിയ മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് 609 കോടി രൂപ അറ്റലാഭം നേടി. അതേസമയം, നിക്ഷേപത്തില്‍ മാത്രം മുന്‍വര്‍ഷത്തെ അപേക്ഷിച്ചു കുറവുണ്ടായിട്ടുണ്ട്.

മഹാരാഷ്ട്ര സംസ്ഥാന ബാങ്കിന്റെ ഭരണസമിതി ചെയര്‍മാന്‍ വിദ്യാധര്‍ അനാസ്‌കറാണു ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചത്. ബാങ്കിന്റെ വായ്പയും അഡ്വാന്‍സും മുന്‍വര്‍ഷത്തേക്കാള്‍ 490 കോടി രൂപ വര്‍ധിച്ചു 26,450 കോടി രൂപയിലെത്തിയിട്ടുണ്ട്. നിക്ഷേപം മുന്‍വര്‍ഷത്തേക്കാള്‍ 2,453 കോടി രൂപ കുറഞ്ഞു. 2023 മാര്‍ച്ച് 31 നു സ്വന്തം ഫണ്ട് 538 കോടി രൂപ വര്‍ധനയോടെ 6,564 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി 0.45 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ എട്ടു വര്‍ഷമായി ബാങ്ക് ഓഹരിയുടമകള്‍ക്കു പത്തു ശതമാനം ഡിവിഡന്റ് നല്‍കുന്നുണ്ട്. സംസ്ഥാനത്തെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു സര്‍ക്കാര്‍സെക്യൂരിറ്റികള്‍ വാങ്ങാനും വില്‍ക്കാനും സംസ്ഥാന ബാങ്ക് പ്രത്യേകം പ്ലാറ്റ്‌ഫോംതന്നെ അനുവദിച്ചിട്ടുണ്ടെന്നു ചെയര്‍മാന്‍ അറിയിച്ചു.

അതേസമയം, മഹാരാഷ്ട്രയിലെ പ്രമുഖ ജില്ലാ സഹകരണ ബാങ്കായ പുണെ ജില്ലാ കേന്ദ്ര സഹകരണ ബാങ്ക് 2022-23 സാമ്പത്തികവര്‍ഷം 351 കോടി രൂപ ലാഭമുണ്ടാക്കിയതായി ബാങ്ക് ഡയരക്ടറും മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ അറിയിച്ചു. ബാങ്കിന്റെ നിക്ഷേപം മുന്‍വര്‍ഷത്തെ 11,389 കോടി രൂപയില്‍നിന്നു 11,481 കോടി രൂപയായി വര്‍ധിച്ചു. അറ്റലാഭം 70.7 കോടി രൂപയാണ്. പുണെ ജില്ലയില്‍ ബാങ്കിനു ആകെ 294 ശാഖകളുണ്ട്.

Leave a Reply

Your email address will not be published.

Latest News