കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കണ്‍സോര്‍ഷ്യം പുതുക്കി; കേരളബാങ്കിന് ബാധ്യതയില്ല

[mbzauthor]

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കുന്നതിനുള്ള പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2021 മാര്‍ച്ചുവരെ പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള ബാധ്യത പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയാണ് ഉത്തരവ്.

കേരളബാങ്കാണ് പ്രാഥമിക ബാങ്കുകളില്‍നിന്ന് പണം സ്വരൂപിക്കുന്നത്. എന്നാല്‍, കേരളബാങ്കിന് ഈ ഫണ്ട് സംബന്ധിച്ച് ഒരു ബാധ്യതയും ഉണ്ടായിരിക്കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക ബാങ്കുകളും കെ.എസ്.ആര്‍.ടി.സി.യും തമ്മിലുള്ള ഇടപാടില്‍ പണം വാങ്ങി വിതരണത്തിന് ഓരോ ജില്ലകളിലും കൈമാറുന്ന ഇടനില ജോലി മാത്രമാണ് കേരളബാങ്കിനുള്ളതെന്നാണ് ഉത്തരവില്‍ വിശദീകരിക്കുന്നത്.

2018 ഫിബ്രവരി മുതലാണ് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണ ചുമതല സഹകരണ ബാങ്കുകള്‍ ഏറ്റെടുത്തത്. ആറുമാസത്തെ കാലയളവിലേക്കാണ് ആദ്യം ഉത്തരവിറക്കിയത്. ഇത് ഇതുവരെ നാലുതവണ പുതുക്കി. അഞ്ചാമത്തെ പുതുക്കലാണ് 2021 മാര്‍ച്ചുവരെ കാലാവധിയായിട്ടുള്ളത്. 2020 മുതലുള്ള പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി കെ.എസ്.ആര്‍.ടി.സി.ക്ക് ഇല്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് കണ്‍സോര്‍ഷ്യം പുതുക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.

കെ.എസ്.ആര്‍.ടി.സി.യില്‍ സമീപകാലത്തായി വിരമിച്ചവര്‍ക്ക് പ്രാഥമിക സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നതിനുള്ള അനുമതിയും സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയിട്ടുണ്ട്. ഈ ജീവനക്കാര്‍ സംഘം അംഗങ്ങളല്ലെങ്കില്‍ പോലും അക്കൗണ്ട് തുറക്കാമെന്നാണ് നിര്‍ദ്ദേശം. ഓരോ പ്രാഥമിക സഹകരണ ബാങ്കിന് കീഴിലുമുള്ള കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ വിഹിതം അതത് ജില്ലയിലെ കേരളബാങ്ക് ശാഖയില്‍നിന്ന് പ്രാഥമിക ബാങ്കിന് കൈമാറും. ഇതാണ് വിതരണം ചെയ്യേണ്ടത്. സര്‍ക്കാര്‍, കെ.എസ്.ആര്‍.ടി.സി., പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിവയ്ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഏകോപന ഏജന്‍സി മാത്രമാണ് കേരളബാങ്ക് എന്നും, കെ.എസ്.ആര്‍.ടി.സി.യുമായുള്ള ധാരണപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരിക്കും പെന്‍ഷന്‍ ഫണ്ടിന്റെ ബാധ്യതയെന്നുമാണ് വിശദീകരണം. പെന്‍ഷന്‍ വിതരണത്തിന്റെ മേല്‍നോട്ടം സഹകരണ സംഘം രജിസ്ട്രാര്‍ക്കായിരിക്കും

[mbzshare]

Leave a Reply

Your email address will not be published.