മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശവിപണന സാധ്യത ഉറപ്പാക്കും: മന്ത്രി പി രാജീവ്
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശത്ത് വിപണന സാധ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മാഞ്ഞാലി സഹകരണ ബാങ്ക് ഡൈമണ്‍ മുക്കില്‍ ആരംഭിച്ച കൂവ സംസ്‌കരണ ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. യു.എ.ഇ യുമായുള്ള കയറ്റുമതിയില്‍ മുന്‍വര്‍ഷത്തേക്കാളും 51 ശതമാനം വര്‍ധനയുണ്ടായെന്നും കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സഹകരണ ബാങ്കുകള്‍ക്ക് ഒരുശതമാനം പലിശയില്‍ നബാര്‍ഡില്‍നിന്ന് രണ്ടുകോടി രൂപവരെ വായ്പ ലഭ്യമാക്കാനായെന്നു മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് എ.എം.അലി അധ്യക്ഷത വഹിച്ചു.
പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. സോളാര്‍ പ്ലാന്റ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം കെ പി ധനപാലന്‍, റീട്ടെയില്‍ ഔട്ലെറ്റ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ബാങ്കിന്റെ വെബ്‌സൈറ്റ് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ പി എ നജീബ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. കൂവ കൃഷി ഉദ്ഘാടനം ആലുവ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ അഡ്വ. ബി എ അബ്ദുള്‍ മുത്തലിബും ആദ്യ വില്‍പ്പന കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലുവും നിര്‍വഹിച്ചു.
പ്ലാന്റിന്റെ നിര്‍മാണച്ചുമതല വഹിച്ചവരെയും വിശിഷ്ട വ്യക്തികളെയും മന്ത്രി ഉപഹാരം നല്‍കി അനുമോദിച്ചു. കേരള ബാങ്ക് ജനറല്‍ മാനേജര്‍ ഡോ. എന്‍ അനില്‍ കുമാര്‍, നബാര്‍ഡ് റീജണല്‍ മാനേജര്‍ അജീഷ് ബാലു, ബാങ്ക് വൈസ് പ്രസിഡന്റ് എ എം അബ്ദുള്‍ സലാം, എം പി വിജയന്‍, ബാങ്ക് സെക്രട്ടറി ടി ബി ദേവദാസ് എന്നിവര്‍ സംസാരിച്ചു.