സഹകരണ ബാങ്കുകള്‍ക്ക് കടാശ്വാസ കമ്മീഷന്റെ പണം കുടിശ്ശികയായി തുടരും

moonamvazhi

കടാശ്വാസ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് സഹകരണ ബാങ്കുകൾക്ക് സർക്കാരിനുള്ള കുടിശ്ശിക കോടികളായി തന്നെ തുടരും. കടാശ്വാസ കമ്മിഷൻ ഇനത്തിൽ ബാങ്കുകൾക്ക് സർക്കാർ ബാക്കിയുള്ളത് 158.53 കോടിയാണ്. കഴിഞ്ഞതവണത്തെ ബജറ്റ് വിഹിതം 18 കോടി രൂപയാണ്. അധികവിഹിതം കൂടി ലഭിച്ചപ്പോൾ 34.90 കോടിയാണ് കടാശ്വാസ കമ്മീഷന് ലഭിച്ചത്. ഈ തുകകൊണ്ട് മാത്രം സഹകരണ ബാങ്കുകൾക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക കൊടുത്തുതീർക്കാനാവില്ല.

ഇത്രയും കുടിശ്ശിക വരാന്‍ കാരണം കടാശ്വാസ കമ്മീഷന്റെ സഹായം ഒരുലക്ഷത്തില്‍നിന്ന് രണ്ടുലക്ഷമാക്കി ഉയര്‍ത്തിയതുകൊണ്ടാണെന്ന് മന്ത്രി പി.പ്രസാദ് നിയമസഭയില്‍ വിശദീകരിച്ചു. കാര്‍ഷിക കടാശ്വാസം അനുവദിച്ച് ഉത്തരവിറങ്ങുന്ന കര്‍ഷകര്‍ അവരുടെ വിഹിതം ബാങ്കില്‍ അടച്ചാല്‍ ആധാരമടക്കമുള്ള രേഖകള്‍ ബാങ്കുകള്‍ നല്‍കണം. കടാശ്വാസ കമ്മിഷന്‍, സംസ്ഥാന സര്‍ക്കാര്‍, സഹകരണ രജിസ്ട്രാര്‍, ഹൈക്കോടതി എന്നിവയുടെ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അത് ബാങ്കുകള്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

മുതലും പലിശയും ചേര്‍ത്തുള്ള വായ്പ കുടിശ്ശികയാണ് കടാശ്വാസ കമ്മീഷന്‍ പരിഗണിക്കാറുള്ളത്. കമ്മീഷന്‍ വിധിക്കുമ്പോള്‍ പലിശയില്‍ ഇളവുനല്‍കും. ഇതിന് ശേഷമാണ് രണ്ടുലക്ഷം രൂപവരെ കമ്മീഷന്‍ വായ്പയിലേക്ക് സഹായം പ്രഖ്യാപിക്കുക. അധികം വരുന്ന തുക കര്‍ഷകന്‍ ബാങ്കിന് നല്‍കണം. ഇതിന് ഒരുവര്‍ഷംവരെ പലിശയീടാക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. സര്‍ക്കാര്‍ വിഹിതം കുടിശ്ശികയാകുകയും വായ്പതുകയ്ക്ക് ഒരുവര്‍ഷം വരെ പലിശ ഈടാക്കരുതെന്ന് നിര്‍ദ്ദേശിക്കും നിലവിലെ പലിശയില്‍ ഇളവ് നല്‍കുകയും ചെയ്യുന്നതാണ് സഹകരണ ബാങ്കുകളെ കുഴയ്ക്കുന്നത്.

ബാങ്കിംഗ് വിഷയം യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതായതിനാല്‍ ദേശസാല്‍കൃത ബാങ്കുകളെ കടാശ്വാസ കമ്മിഷന്റെ പരിധയില്‍ കൊണ്ട് വരാന്‍ കഴിയില്ല. അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സിറ്റിംഗുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 11 ജില്ലകളിലെ അപേക്ഷകള്‍ പൂര്‍ണമായി തീര്‍പ്പാക്കി. 75781 അപേക്ഷകളാണ് ഇനി തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!