കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി നാളെ അധികാരമേൽക്കും.

adminmoonam

കേരള ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണ സമിതി നാളെ അധികാരമേൽക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇന്ന് നടന്ന ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 13 ജില്ലകളിലും, അർബൻ ബാങ്കുകളുടെ പ്രതിനിധി സ്ഥാനത്തേക്കും എൽഡിഎഫ് സ്ഥാനാർത്ഥികൾ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. കേരള ബാങ്കിനെതിരെ നിരന്തരം നിഷേധാത്മക സമീപനം സ്വീകരിച്ച യുഡിഎഫിന് വിരലിൽ എണ്ണാവുന്ന വോട്ടുകൾ മാത്രമാണ് നേടാനായത്. ഈ ദയനീയ പരാജയം യുഡിഎഫിന് സഹകാരി സമൂഹം നൽകിയ തിരിച്ചടിയായി കണക്കാക്കാമെന്ന് സഹകരണ വകുപ്പ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നാളെ കേരള ബാങ്കിന്റെ അധികാരമേൽക്കുന്നതോടെ ഇടതുപക്ഷ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നു കൂടി സഫലമാവുകയാണ്. സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന കാൽവയ്പ്പ് കൂടിയാണ് ഇത്.

സംസ്ഥാന സർക്കാരിന്റെയും സഹകാരികളുടെയും നാലു വർഷത്തെ അക്ഷീണ പ്രവർത്തനമാണ്‌ കേരള ബാങ്ക്‌ രൂപീകരണത്തിന്റെ അടിസ്ഥാനം. പൊതുമേഖലാ ബാങ്കുകളടക്കം, നിക്ഷേപ സമാഹരണത്തിനുള്ള ഇടംമാത്രമായി കേരളത്തെ കണ്ടു തുടങ്ങിയ കാലം മുതൽ സഹകാരികളുടെ മനസ്സിലുയരാൻ തുടങ്ങിയ ആശയമായിരുന്നു കേരളബാങ്ക്‌. 2016 ജൂലൈ 20ന്‌ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം സമീപനരേഖ അംഗീകരിച്ചതോടെയാണ്‌ ബാങ്ക്‌ രൂപീകരണ പ്രക്രിയക്ക്‌ ഔപചാരികമായ തുടക്കമായത്‌. പ്രൊഫ. എം എസ്‌ ശ്രീറാം നേതൃത്വത്തിൽ നടന്ന പഠനം, ഈ റിപ്പോർട്ടിൻമേൽ വി ആർ രവീന്ദ്രനാഥ്‌ ചെയർമാനായ കർമസമിതിയുടെ ശുപാർശ, റിസർവ്‌ ബാങ്കിന്‌ അപേക്ഷ സമർപ്പിക്കൽ എന്നിങ്ങനെ തുടരുന്നു സർക്കാരിന്റെ നിരന്തര പ്രയത്നത്തിന്റെ നാൾവഴി. ഈ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ സഹകാരി സമൂഹം അകമഴിഞ്ഞ പിന്തുണയാണ് സർക്കാരിന് നൽകിയത്.

ഇന്ന് നാം കേരള ബാങ്ക് എന്ന ലക്ഷ്യത്തിലെത്തിയത് ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ചാണ്. ഒരു വിഭാഗത്തിന്റെ രാഷ്‌ട്രീയ എതിർപ്പ്‌ രണ്ടുവർഷത്തിലേറെ കേരള ബാങ്ക് രൂപീകരണം വൈകിപ്പിച്ചു. കേവല രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ സംസ്ഥാനത്തിന്റെ പൊതു ആവശ്യത്തെ തല്ലിത്തകർക്കാൻ നിരന്തര ശ്രമമാണ് ഉണ്ടായത്. നിരന്തരം കോടതി കേസുകളിലും കേന്ദ്ര ധനമന്ത്രാലയത്തിനും റിസർവ് ബാങ്ക്, നബാർഡ് തുടങ്ങിയ ധന ഏജൻസികൾക്കും നൽകിയ പരാതികളിലും കേരള ബാങ്ക് രൂപീകരണം നിരന്തരം തടസ്സപ്പെട്ടു.

സംസ്ഥാന സർക്കാർ നിശ്ചയദാർഢ്യത്തോടെ എല്ലാ തടസ്സങ്ങളും നിയമപരമായി നേരിട്ട് കൊണ്ടാണ് ഇന്ന് ആദ്യ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് നടത്തിയത്. നാലു വർഷം നീണ്ട നിരന്തര പരിശ്രമങ്ങളുടെ ഫലം കൂടിയാണ് നാളെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി അധികാരമേൽക്കുന്നതോടെ സഫലമാകുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News