സഹകരണ സ്വയംസഹായ സംഘങ്ങള്‍:  ജാഗ്രത അനിവാര്യം

moonamvazhi
സഹകരണ കാര്‍ഷിക സ്വയംസഹായ സംഘങ്ങള്‍ എന്ന ആശയവുമായി കേരള നിയമസഭയില്‍ മുന്‍ സഹകരണമന്ത്രി എ.സി. മൊയ്തീന്‍ കൊണ്ടുവന്ന സ്വകാര്യബില്ലാണിപ്പോള്‍ സഹകാരികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. കാര്‍ഷികമേഖലയെ പുതുകാലത്തിനനുസരിച്ച് മാറ്റിയെടുക്കാനും കര്‍ഷകനു വരുമാനം ഉറപ്പാക്കാനുമാണു ബില്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിലാര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. എന്നാലും, സഹകരണമേഖലയില്‍ നിലവിലുള്ള സംവിധാനത്തെ ബില്ലിലെ പല വ്യവസ്ഥകളും എതിരായി ബാധിക്കുമോ എന്നു സഹകാരികള്‍ക്ക് ആശങ്കയുണ്ട്. ന്യായമായ ഈ ശങ്ക പരിഹരിക്കേണ്ടത് അനിവാര്യമാണ്.

സഹകരണരംഗത്തു സ്വാശ്രയസംഘങ്ങളും അതിനു മുകളിലായി മൂന്നു തട്ടില്‍ അപക്‌സ് സംഘങ്ങളുമുണ്ടാക്കുക എന്നതാണു സ്വകാര്യബില്ലില്‍ നിര്‍ദേശിക്കുന്ന പുതുസംവിധാനം. ഇതിന്റെ വിശദാംശങ്ങളെല്ലാം ബില്ലിലുണ്ട്. കേരളത്തിന്റെ സാമൂഹികസാഹചര്യമനുസരിച്ച് പരമ്പരാഗത വ്യാപാരവും ഓണ്‍ലൈന്‍ ഡിജിറ്റല്‍ വ്യാപാരവും സംയോജിപ്പിക്കുക എന്ന ബില്ലിലെ ആശയം സ്വാഗതാര്‍ഹമാണ്. അതുപോലെ, സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു പ്രാദേശികവിപണിക്കു പുറമേ വിദേശവിപണിയും കണ്ടെത്തുക എന്ന ലക്ഷ്യവും നമുക്കു സ്വീകാര്യമാണ്. സഹകരണ-സ്വാശ്രയ പരീക്ഷണം കാര്‍ഷികമേഖലയില്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുമെന്നും അതുവഴി കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വരുമാനവര്‍ധന ഉറപ്പാക്കുമെന്നും ബില്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്. പെരുകിവരുന്ന കര്‍ഷകആത്മഹത്യകള്‍ക്കു തടയിടാനുള്ള നിര്‍ദേശം എന്ന നിലയില്‍ ഈ കാഴ്ചപ്പാടും സ്വാഗതാര്‍ഹംതന്നെയാണ്. എങ്കിലും, സഹകരണരംഗത്തു വരുത്താനുദ്ദേശിക്കുന്ന സമൂലപരിഷ്‌കരണം നമുക്ക് എത്രത്തോളം ഗുണകരമാകുമെന്നു പരിശോധിക്കേണ്ടതുണ്ട്.

വാഗ്ദാനങ്ങള്‍ക്കും അതുയര്‍ത്തുന്ന പ്രതീക്ഷകള്‍ക്കും എത്രത്തോളം ആയുസ്സുണ്ടാവും എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ നമ്മള്‍ ആത്മപരിശോധന നടത്തേണ്ടത്. നിലവിലുള്ള പ്രാഥമിക സഹകരണ ബാങ്കുകളുടെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുമോ പുതിയ കാര്‍ഷിക സ്വാശ്രയസംഘങ്ങള്‍ എന്നു സഹകാരികള്‍ ആശങ്കപ്പെട്ടാല്‍ അതിനെ അടിസ്ഥാനരഹിതം എന്നുപറഞ്ഞു തള്ളാനാവില്ല. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മള്‍ട്ടി സര്‍വീസ് സെന്റര്‍ എന്ന ആശയത്തിന്റെ മറ്റൊരു പതിപ്പാണു എ.സി. മൊയ്തീന്റെ ബില്ലില്‍ പറയുന്ന കാര്‍ഷിക-അനുബന്ധ സംരംഭങ്ങളും വിപണനവും എന്ന വസ്തുതയും നമ്മള്‍ ഇതോടു ചേര്‍ത്തുവായിക്കണം. സഹകരണമേഖലയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുമെങ്കില്‍ സ്വകാര്യബില്ലിലെ പദ്ധതിയെ നമുക്കു സ്വാഗതം ചെയ്യാം. പക്ഷേ, പരിഷ്‌കാരം ഏതൊക്കെ രീതിയിലാണു നിലവിലുള്ള സംവിധാനത്തെ ബാധിക്കുക എന്നതിനെക്കുറിച്ച് പരിശോധന നടത്തേണ്ടതുണ്ട്. സ്വകാര്യബില്‍ നിയമമാകുന്ന രീതി കേരളത്തില്‍ സംഭവിച്ചിട്ടില്ലെങ്കിലും പുതിയൊരാശയം മുന്നോട്ടുവെക്കുന്നു എന്നതാണു സ്വകാര്യബില്ലുണ്ടാക്കുന്ന ഫലം. അതുകൊണ്ട,് സ്വകാര്യബില്ലില്‍ വന്ന നിര്‍ദേശമാണെങ്കിലും അതിന്റെ സാധ്യതകളും അതുണ്ടാക്കുന്ന ആശങ്കകളും സഹകാരികള്‍ക്കിടയില്‍ ചര്‍ച്ചയാകേണ്ടതുണ്ട്. ദോഷഫലങ്ങള്‍കൂടി വിലയിരുത്തിയാവണം സഹകരണമേഖലയിലെ വരാനിരിക്കുന്ന പരിഷ്‌കാരങ്ങള്‍ക്കു രൂപം നല്‍കേണ്ടത്.                                                                                                                                                                                                                                          -എഡിറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *

Latest News