സഹകരണ സംഘങ്ങള്‍ നേരിട്ട് 4 ജില്ലകളിലെ നെല്ല് സംഭരിക്കും:ഒരു കിലോ നെല്ലിന് കര്‍ഷകന് 27 രൂപ 48 പൈസ നൽകും.

adminmoonam

സഹകരണ സംഘങ്ങള്‍ നേരിട്ട് നാല് ജില്ലകളിലെ നെല്ല് സംഭരിക്കാൻ മന്ത്രിതല ഉപസമിതിയിൽ തീരുമാനം. ഒരു കിലോ നെല്ലിന് കര്‍ഷകന് 27 രൂപ 48 പൈസ നൽകിയാണ് കര്‍ഷകരില്‍ നിന്നും സഹകരണസംഘങ്ങള്‍ നെല്ല് സംഭരിക്കുക.സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുന്നതിനായി സഹകരണ സംഘങ്ങള്‍ നെല്ല് സംഭരണ രംഗത്തേക്ക് ചുവട് വെക്കുകയാണ്. സഹകരണ സംഘങ്ങള്‍ നേരിട്ടാണ് നാല് ജില്ലകളിലെ നെല്ല് സംഭരിക്കുക. മാത്രമല്ല പാഡി റസീപ്റ്റ് അടിസ്ഥാനത്തില്‍ കര്‍ഷകന് നെല്ല് അളന്ന അന്നുതന്നെ പണം സംഘങ്ങൾ/കേരള ബാങ്ക് നൽകും. ഈ തുക പലിശ സഹിതം സപ്ലൈകോ തിരിച്ചടയ്ക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ചേർന്ന മന്ത്രിതലഉപസമിതി യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്. യോഗശേഷം നാല് ജില്ലകളിലെയും നെല്ല് സംഭരിക്കാൻ തയ്യാറായി മുന്നോട്ട് വന്ന സംഘങ്ങളുമായി ഓൺലൈനായി നടത്തിയ യോഗത്തിൽ നെല്ല് സംഭരിക്കാൻ ഉള്ള തീരുമാനം അത്യഹ്ളാദത്തോടെയാണ് സംഘങ്ങൾ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഒരു കിലോ നെല്ലിന് കര്‍ഷകന് 27 രൂപ 48 പൈസ നൽകിയാണ് കര്‍ഷകരില്‍ നിന്നും സഹകരണസംഘങ്ങള്‍ നെല്ല് സംഭരിക്കുക. പാഡി റസീറ്റ് നല്‍കുന്നതിന് സഹകരണസംഘങ്ങള്‍ക്ക് സാങ്കേതിക സൗകര്യം സപ്ലൈകോ ഏര്‍പ്പെടുത്തും. നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച് എടുക്കുന്നതിന് സപ്ലൈകോ പാഡി പ്രൊക്യുവര്‍മെന്റ് ഓഫീസര്‍മാരുടെ സേവനവും സംഘങ്ങള്‍ക്ക് ലഭ്യമാക്കും.

സംഘങ്ങള്‍ സംഭരണം മാത്രമാണ് നിര്‍വ്വഹിക്കുന്നതെങ്കില്‍ ഒരു ക്വിന്റല്‍ നെല്ല് എടുക്കുന്നതിന് ഗണ്ണിബാഗ്, കയറ്റിറക്ക്, വാഹനസൗകര്യം, ഗോഡൗണ്‍ വാടക, കമ്മീഷന്‍ എന്നീ ഇനങ്ങളില്‍ 73 രൂപ നല്‍കും. നെല്ല് അരിയാക്കി FCIയ്ക്ക് 64.5 ശതമാനം ഔട്ട് ടേണ്‍ റേഷ്യോയില്‍ നല്‍കുകയാണെങ്കില്‍ ഒരു ക്വിന്റല്‍ നെല്ലിന് 214 രൂപ സംഘങ്ങള്‍ക്ക് നല്‍കും. പാലക്കാട് ജില്ലയില്‍ സംഭരണം മുതല്‍ നെല്ല് അരിയാക്കി FCIക്ക് കൈമാറുന്നത് വരെയുള്ള ഉത്തരവാദിത്വം സഹകരണസംഘങ്ങള്‍ നിര്‍വ്വഹിക്കും. മില്ലുകളുമായി അവര്‍ കരാറില്‍ ഏര്‍പ്പെടും. തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ സപ്ലൈകോ ആവശ്യമായ ക്രമീകരണം നടത്തണമെന്നും യോഗത്തിൽ മന്ത്രിമാർ നിർദേശിച്ചു.

നെല്ല് സംഭരിക്കുന്നതിനായി സംഘങ്ങള്‍ സ്വന്തം നിലയില്‍ പരമാവധി സംഭരണ കേന്ദ്രങ്ങള്‍ കണ്ടെത്തും. കൂടുതൽ സംഭരണ കേന്ദ്രങ്ങൾ വേണ്ടിവരുന്ന ജില്ലകളില്‍ സംഭരണ സൗകര്യങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാകളക്ടര്‍മാരുടെ സഹായം അഭ്യര്‍ത്ഥിക്കും. അടുത്ത സീസണ്‍ മുതല്‍ കൂടുതല്‍ നെല്ല് സംഭരിക്കുന്നതിന് സഹകരണസംഘങ്ങള്‍ സ്വന്തം നിലയില്‍ കൂടുതല്‍ ഗോഡൗണുകള്‍ പണിയും. ഇതിനായി നബാര്‍ഡില്‍ നിന്നുമുള്ള അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫണ്ട് പ്രയോജനപ്പെടുത്തുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News