വ്യാജനെ തുരത്തി; ഓണത്തിന് സര്‍വകാല റെക്കോര്‍ഡുമായി മില്‍മ

moonamvazhi

ഓണവിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തുന്ന മറുനാടന്‍ പാലിന്റെ അളവില്‍ വലിയ കുറവ്. ഗുണനിലവാരം കുറഞ്ഞ പാല്‍ വിപണിയിലെത്തിക്കുന്ന മറുനാടന്‍ ബ്രാന്‍ഡുകള്‍ക്കും ഇത്തവണ ലക്ഷ്യം നേടാനായില്ല. പാലും പാലുല്‍പന്നങ്ങളും ആവശ്യം മനസിലാക്കി വിപണിയിലെത്തിക്കാന്‍ മില്‍മ നടത്തിയ ഇടപെടലാണ് ഇതിന് കാരണമായത്. മില്‍മയുടെ രൂപസാദൃശ്യത്താല്‍ വ്യാജപാല്‍ എത്തുന്നതിനെ നേരത്തെ കണ്ട് തടയാന്‍ നടത്തിയ ശ്രമങ്ങള്‍ പൂര്‍ണ വിജയമായിരുന്നു. ഇതോടെ ഇത്തവണത്തെ മില്‍മയുടെ വിറ്റുവരവ് ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു.

ഓണക്കാലത്തെ നാലു ദിവസം മാത്രം 95ലക്ഷത്തിലധികം പാല്‍ മില്‍മ വിറ്റതായാണ് കണക്കുകള്‍. ഇത് സര്‍വകാല റെക്കോര്‍ഡാണ്. സെപ്റ്റംബര്‍ നാലുമുതല്‍ ഏഴുവരെയുള്ള നാല് ദിവസങ്ങളിലെ പാല്‍വില്‍പനയുടെ കൃത്യമായ കണക്ക് 94,59,576 ലിറ്ററാണ്. ഓണക്കാല വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 11.12 ശതമാനം വര്‍ധനവാണുള്ളത്. തിരുവോണ ദിവസം മാത്രം 35,11,740 ലിറ്റര്‍ പാല്‍ വില്‍പ്പനയാണ് നടന്നത്. തൈര് വില്‍പ്പനയിലും മില്‍മ നേട്ടമുണ്ടാക്കി. സെപ്റ്റംബര്‍ 4 മുതല്‍ക്കുള്ള നാലു ദിവസങ്ങളിലായി 11,30,545 കിലോ തൈരാണ് മില്‍മ വിറ്റത്. തിരുവോണത്തിന് മാത്രം മൂന്നേമൂക്കാല്‍ ലക്ഷം കിലോ തൈര് വിറ്റു.

എട്ടു ലക്ഷത്തോളം പാലട പായസം മിക്‌സ്, ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വഴി 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 50 മില്ലിലിറ്റര്‍ വീതം നെയ്യ്, കൂടാതെ കണ്‍സ്യൂമര്‍ ഫെഡ് വഴി മില്‍മ ഉത്പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ഒരു ലക്ഷം മില്‍മ കിറ്റ് വിതരണം ചെയ്തതും വില്‍പനയുടെ തോത് ഉയരാന്‍ കാരണമായിട്ടുണ്ട്. അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പാല്‍പരിശോധന കര്‍ശനമാക്കിയതും ഗുണനിലവാരമില്ലാത്ത പാല്‍ കേരളത്തിലേക്ക് എത്തുന്നത് കുറയാന്‍ കാരണമായിട്ടുണ്ട്.

മലബാര്‍ മേഖലയിലാണ് മില്‍മ പാലിന് സമാനമായ രീതിയില്‍ പാക്കറ്റ് പാല്‍ വിപണിയിലിറക്കുന്ന രീതി കണ്ടത്. ഇതിനെതിരെ നിയമനടപടിക്കൊപ്പം ശക്തമായ പ്രചരണ പരിപാടികള്‍ കൂടി മില്‍മ നടത്തിയപ്പോള്‍ വ്യാജന്റെ വരവ് മുടങ്ങി. മില്‍മയ്ക്ക് പുറമെ, പ്രാദേശിക പാല്‍ബ്രാന്‍ഡുകള്‍ രൂപപ്പെട്ടതും മറുനാടന്‍ പാലിന് തിരിച്ചടിയായിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ സംരംഭകത്വ പദ്ധതിയ്ക്ക് കീഴില്‍ ഒട്ടേറെ ഫാമുകള്‍ കേരളത്തില്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ സഹകരണ ബാങ്കുകള്‍ക്ക് പ്രാദേശിക പാല്‍ സംഭരണ വിതരണ സംവിധാനമുണ്ട്.

കാലത്തീറ്റയുടെ വില ഉയര്‍ന്നതിനാല്‍ ക്ഷീരകര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടമാണിത്. ഇതിനിടയിലും ഓണത്തിന് മലയാളിയുടെ പാലിന്റെയും പാല്‍ ഉല്‍പന്നത്തിന്റെയും ആവശ്യം നിവര്‍ത്തിക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. പ്രാഥമിക സഹകരണ ബാങ്കുകളെയും പ്രാഥമിക സഹകരണ സംഘങ്ങളെയും തദ്ദേശ സ്ഥാപനങ്ങളെയും ഒന്നിപ്പിച്ച് ക്ഷീരമേഖലയില്‍ പുതിയ പദ്ധതി നടപ്പാക്കാനാണ് ക്ഷീരവകുപ്പ് ആലോചിക്കുന്നത്. ഓണക്കാലത്ത് ക്ഷീരമേഖലയില്‍ കേരളത്തിനും മില്‍മയ്ക്കുമുണ്ടായ നേട്ടം ഈ പദ്ധതികള്‍ക്ക് വേഗം പകരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News