പട്ടികജാതി പട്ടികവർഗ്ഗ സഹകരണ സംഘങ്ങളിലെ അംഗങ്ങളെ സഹായിക്കുന്നതിനു സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് എംപ്ലോയിസ് അസോസിയേഷൻ.
കോവിഡ് 19 രോഗ വ്യാപനവുമായി ബന്ധപ്പെട്ട തൊഴിൽ നഷ്ടവും വരുമാന നഷ്ടവും ഉണ്ടായിട്ടുള്ള നിത്യ ചിലവിനായി പ്രയാസപ്പെടുന്ന പട്ടികജാതി-പട്ടികവർഗ സഹകരണ സംഘങ്ങളിലെ അംഗങ്ങളെ സഹായിക്കുന്നതിന് സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് എംപ്ലോയിസ് അസോസിയേഷൻ ഓഫ് എസ്.സി / എസ്. ടി കോ.ഓപ്പറേറ്റീവ് സൊസൈറ്റിസ് കേരള എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർവീസ് സഹകരണ ബാങ്കുകൾ സ്വന്തം ഫണ്ട് ഉപയോഗിച്ച് അവരുടെ അംഗങ്ങളെ സഹായിക്കുമ്പോൾ നിലനിൽപ്പിനായി ബുദ്ധിമുട്ടുന്ന എസ്. സി/ എസ്. ടി സഹകരണസംഘങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് മൂലം അംഗങ്ങളെ സഹായിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. ഫണ്ട് അനുവദിക്കുന്നതിന് സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള മെഡിക്ലെയിം ഇൻഷുറൻസ് പരിരക്ഷ എസ്. സി/ എസ്. ടി സംഘങ്ങളിലെ ജീവനക്കാർക്കും ഏർപ്പെടുത്തുക, പട്ടികജാതി പട്ടികവർഗ്ഗ സഹകരണ സംഘങ്ങളുടെ വികസനത്തിനായി ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുക വക മാറ്റാതെ സംഘങ്ങൾക്ക് തന്നെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഓൺലൈൻ വഴി നടന്ന യോഗം ജില്ലാ രക്ഷാധികാരി എം കെ ശെൽവരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ ടി ശിവൻ അധ്യക്ഷത വഹിച്ചു.