ഉത്പാദനത്തോടൊപ്പം വിപണി കണ്ടെത്താൻ കൂടി സഹകരണ ബാങ്കുകൾ ശ്രമിക്കണം.

[mbzauthor]

ഉത്പാദനത്തോടൊപ്പം വിപണി കണ്ടെത്താൻ കൂടി സഹകരണ ബാങ്കുകൾ ശ്രമിക്കണം. എങ്കിൽ മാത്രമേ കർഷകർക്ക് ന്യായമായ വില ലഭിക്കുകയുള്ളൂ. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ ആണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോക്ക് ഡൗണിനുശേഷം. ഡോക്ടർ എം. രാമനുണ്ണിയുടെ ലേഖനം-6.

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ കാർഷികമേഖലയിൽ സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ ആരംഭിക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവല്ലോ. സഹകാരി സമൂഹത്തിൽ ഈ നിർദ്ദേശങ്ങൾക്ക് ഏറെ പിന്തുണ ലഭിക്കുന്നുണ്ട്. ഒട്ടുവളരെ സഹകാരികൾ, ഇതിൽ നിർദ്ദേശിച്ച പല വിഷയങ്ങളെക്കുറിച്ചും ആരായുകയുണ്ടായി. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ പലതരത്തിലുള്ള അന്വേഷണങ്ങൾ നടത്തുന്നുവെന്ന് അറിയിച്ചിരുന്നു . ഇത് ഏറെ സന്തോഷകരമായ കാര്യമാണ്. ചില പ്രസിഡണ്ടുമാർ തങ്ങളുടെ സഹകരണബാങ്കുകളിൽ ഇത്തരം പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കുകയുണ്ടായി.

എന്നാൽ ഈ വിഷയത്തിൽ പലരും സൂചിപ്പിച്ചത് വിപണിയെ സംബന്ധിച്ച ആശങ്കകളാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ നിന്നും ഓരോ ദിവസവും നമ്മുടെ നാട്ടിലേക്ക് എത്തിച്ചേരുന്ന ചരക്കു വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നാം അറിയാറുണ്ട് . ശരാശരി രണ്ടായിരത്തിനും മൂവായിരത്തിനും ഇടയിൽ വാഹനങ്ങൾ എല്ലാ ദിവസവും നമ്മുടെ സംസ്ഥാനത്ത് എത്തിച്ചേരുന്നുണ്ട് . ഇതിൽ 60 ശതമാനവും കാർഷിക വിഭവങ്ങളുമായി എത്തുന്നവയാണ് . അതുകൊണ്ടുതന്നെ ഉത്പാദനത്തോടൊപ്പം വിപണി കണ്ടെത്താൻ കൂടി സഹകരണ ബാങ്കുകൾ ശ്രമിക്കേണ്ടതായിട്ടുണ്ട്. അല്ലാത്തപക്ഷം കൃഷിക്കായി തയ്യാറാകുന്നവർ കടുത്ത പ്രതിസന്ധിയെ നേരിടേണ്ടതായിവരും. വിപണി എങ്ങനെ കണ്ടെത്താം എന്നതാണ് ഇന്ന് ഇവിടെ പ്രതിപാദിക്കുന്നത് .

നമ്മുടെ സംസ്ഥാനത്തേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കാർഷിക വിഭവങ്ങൾ എത്തുന്നു എന്നതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്, ഇത്തരം സാധനങ്ങൾക്ക് ഇവിടെ ആവശ്യക്കാർ ഏറെയുണ്ട് എന്ന് തന്നെയാണ്. തൃശ്ശൂരിലെ ശക്തൻ തമ്പുരാൻ മാർക്കറ്റ്, തിരുവനന്തപുരം ചാല മാർക്കറ്റ് , പാളയം മാർക്കറ്റ് എന്നു തുടങ്ങി എല്ലാ ജില്ലകളിലും മാർക്കറ്റുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട് . ഈ മാർക്കറ്റുകളിൽ നിന്നും പച്ചക്കറികളും പഴവർഗ്ഗങ്ങളും വാങ്ങി നാട്ടിൻപുറത്തും, നഗര പ്രദേശത്തുമുള്ള ചെറിയ കടകൾ മുഖേനയും,ആധുനികമായ സൂപ്പർ മാർക്കറ്റ്, ഷോപ്പിംഗ് മാൾ എന്നിവയിൽ കൂടിയുമാണ് വിൽപ്പന നടത്തുന്നത് . ഇത് ഏറെ ചെലവേറിയതാണ് . ഇത്തരത്തിൽ സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്ന ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട ഏജൻസികൾ തങ്ങളുടെ ലാഭം കൂടി ചേർക്കുമ്പോൾ വിലയിൽ വലിയ വർദ്ധനവ് ഉപഭോക്താവിന് നൽകേണ്ടതായി വരും. പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന കർഷകന് ലഭിക്കുന്ന വിലയെക്കാൾ നാലു മുതൽ അഞ്ച് മടങ്ങ് വരെ വലിയ വില നൽകിയാണ് ഉപഭോക്താവിന് വാങ്ങാൻ കഴിയുന്നത്. ഈ പണം കിട്ടുന്നത് ഇടനിലക്കാർക്ക് ആണ് .

ഓരോ പഞ്ചായത്തിലും സൗകര്യപ്പെടുന്ന സ്ഥലങ്ങളിൽ ആഴ്ചചന്ത, സായാഹ്ന ചന്ത എന്നീ നിലയിൽ വിപണി ഒരുക്കാൻ ആയാൽ ഉപഭോക്താവിന് വരുന്ന നഷ്ടം ഒഴിവാക്കാൻ കഴിയും. കൂടാതെ ന്യായമായ വിലക്ക് ഉൽപ്പന്നം ലഭിക്കാൻ ഉപഭോക്താവിന് അവസരം ലഭിക്കും . ഗ്രാമപ്രദേശങ്ങളിൽ പഞ്ചായത്തിൻറെ നേതൃത്വത്തിൽ ആരംഭിക്കുന്ന ചന്തക്ക് ആവശ്യമായ അടിസ്ഥാനസൗകര്യം, കെട്ടിടം എന്നിവ സഹകരണസംഘത്തിന് നിർമ്മിച്ച് നല്കാവുന്നതാണ്. വില്പനയ്ക്കായി സാധനങ്ങൾ കൊണ്ടുവരുന്ന കർഷകരിൽ നിന്നും ചെറിയ തുക വാടകയായി ഈടാക്കിയാൽ സഹകരണസംഘത്തിന് തങ്ങളുടെ മുടക്കുമുതൽ തിരികെ ലഭിക്കാൻ ആകും.

ഇത്തരത്തിൽ ഓരോ പഞ്ചായത്തിലും ഒന്നിൽ കൂടുതൽ ചന്തകൾ ആവശ്യാനുസരണം ആരംഭിക്കാവുന്നതാണ്. അതതു പ്രദേശത്ത് വില്പനയ്ക്ക് ശേഷം മിച്ചം വരുന്ന സാധനങ്ങൾ ജില്ലാതല ചന്തകളിലേക്ക് എത്തിക്കുന്നതിനും ഉൽപന്നങ്ങളുടെ മൂല്യ വർദ്ധനവിനായി സംരംഭങ്ങൾ ആരംഭിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇത്തരത്തിൽ പച്ചക്കറിയുടെയും, പഴവർഗ്ഗങ്ങളുടെയും, കാർഷിക വിഭവങ്ങളുടെയും കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ നമ്മുടെ സംസ്ഥാനത്തിന് ആകും.

[mbzshare]

Leave a Reply

Your email address will not be published.