സഹകരണ സംഘങ്ങളെ നിലനിർത്താൻ സർക്കാരിന്റെ ഒരു പ്രത്യേക പരിഗണന ആവശ്യമാണ് മുൻ എം.എൽ.എ അഡ്വക്കേറ്റ്.കെ. ശിവദാസൻ നായർ.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ നിലനിർത്താൻ സർക്കാരിന്റെ ഒരു പ്രത്യേക പരിഗണന ആവശ്യമാണെന്ന് പ്രമുഖ സഹകാരിയും മുൻ എം.എൽ.എയുമായ അഡ്വക്കേറ്റ് കെ.ശിവദാസൻ നായർ പറഞ്ഞു. സഹകരണമേഖലയുടെ അതിജീവനത്തെ സംബന്ധിച്ചുള്ള ആശയങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിനുശേഷം സഹകരണസംഘങ്ങളിൽ പൂർണമായി വായ്പാ തിരിച്ചടവ് നിലച്ചു. മൊറട്ടോറിയം ഇടയ്ക്കിടെ നീട്ടുന്നതാണ് പ്രധാന കാരണം. കാർഷികേതര വായ്പകളിൽ ഉൾപ്പെടെ മൊറട്ടോറിയം വന്നതോടെ സംഘങ്ങൾ പ്രതിസന്ധിയിലായി. ഇത്തരം പ്രശ്നങ്ങൾ ഷെഡ്യൂൾഡ്, നാഷണലൈസ്ഡ് ബാങ്കുകൾകു ഇല്ല. ഇത്തരം ബാങ്കുകൾ ഒരു രൂപ പോലും പ്രളയകാലത്ത് നൽകിയിട്ടില്ല. എന്നാൽ സഹകരണസംഘങ്ങൾ പ്രാദേശികമായി ലക്ഷക്കണക്കിന് രൂപയാണ് ദുരിതാശ്വാസത്തിന് നൽകിയത്. പ്രളയാനന്തരം സംസ്ഥാനത്ത് നിർമ്മിച്ച 70 ശതമാനം വീടുകളും സംഘങ്ങളാണ് നിർമ്മിച്ചത്. ഇപ്പോൾ കോവിഡ് കാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച തുകയുടെ 70 ശതമാനവും സഹകരണ മേഖല നൽകിയതാണ്.

ഇതിനുപുറമേ കടാശ്വാസ കമ്മീഷൻ യാതൊരു മാനദണ്ഡവും ഇല്ലാതെ വായ്പകൾ എഴുതിത്തള്ളുന്നു. എന്നാൽ ഇതിന്റെ നഷ്ടം സർക്കാരിൽ നിന്നും ലഭിക്കുന്നുമില്ല. ഇതിനുപുറമേയാണ് കഴിഞ്ഞവർഷം മുതൽ സഹകരണസംഘങ്ങൾ ആദായ നികുതിയുടെ പരിധിയിൽ പെട്ടത്.ഇതും വലിയ തിരിച്ചടിയായി.

നിലവിൽ സഹകരണസംഘങ്ങൾക്ക് ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണ്. ഇത് മറികടക്കാൻ സർക്കാർ സൗകര്യമൊരുക്കണം. സഹകരണസംഘങ്ങൾക്ക് മേൽ പിടിമുറുക്കുന്നതിനു പകരം പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ വകുപ്പ് തയ്യാറാകണം. നബാർഡിൽ നിന്ന് ലഭിക്കുന്ന ദീർഘകാല വായ്പകൾ പരമാവധി ഉപയോഗപ്പെടുത്താൻ സാധിക്കണം. ഇത് ഒരു വരുമാനമാർഗ്ഗമായി സർക്കാർ എടുക്കരുത്. സഹകരണ സംഘങ്ങളുടെ പ്രവർത്തന രീതിയിൽ പുതിയ കാലഘട്ടത്തിനനുസരിച്ച് മാറ്റം കൊണ്ടുവരണം. ഇതിനായി നിയമാവലിയിൽ ഉള്ള പ്രവർത്തനങ്ങൾ നടത്താൻ പ്രത്യേക അനുമതി ഒഴിവാക്കി, സ്വമേധയാ അനുമതി നൽകാൻ തയ്യാറാകണം. പ്രത്യേക അനുമതി വാങ്ങേണ്ടിവരുന്നതാണ് വൈവിധ്യവൽക്കരണത്തിന് തടസ്സമായി വരുന്നത്.

വകുപ്പും സർക്കാരും സഹകരണ സംഘങ്ങളിൽ നിന്നും പിരിവ് ഒഴിവാക്കണം. ഈ പ്രതിസന്ധി മറികടക്കുന്നത് വരെയെങ്കിലും സഹകരണസംഘങ്ങൾക്ക് പുതിയ തസ്തികൾ ഒരുകാരണവശാലും നൽകരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News