ഉല്‍പ്പാദനം കൂട്ടാന്‍ ലക്ഷ്യമിട്ട് കയര്‍ വ്യവസായ മേഖലയ്ക്കായിസംരംഭക നിക്ഷേപക സംഗമം

[email protected]

കയര്‍ വ്യവസായ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ചകിരി ഉല്‍പ്പാദന മേഖലയിലും കയര്‍ അനുബന്ധ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി കണ്ണൂര്‍ കയര്‍ പ്രൊജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംരംഭകനിക്ഷേപക സംഗമം നടത്തി. കയര്‍ വികസന വകുപ്പ് പ്രൊജക്ട് ഓഫീസില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. അബ്ദുള്‍ വഹാബ് സംഗമം ഉദ്ഘാടനം ചെയ്തു.

കയര്‍ വ്യവസായത്തില്‍ സ്വകാര്യ, സഹകരണ മേഖലകള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളില്‍ നിന്നും സംരംഭകര്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഏതു മേഖയാണെങ്കിലും അത് വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്ക് സംരംഭകര്‍ക്കാണ്. അതിനായി മേഖലയെ കുറിച്ച് സംരംഭകര്‍ പൂര്‍ണ്ണമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രൊജക്ട് ഓഫീസര്‍ പി.വി രവീന്ദ്രകുമാര്‍ അധ്യക്ഷത് വഹിച്ചു.

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും ലഭിക്കേണ്ട ലൈസന്‍സുകളെ കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചും അസിസ്റ്റന്റ് എന്‍ജിനീയര്‍ ശരണ്യ മോഹന്‍ ക്ലാസെടുത്തു. കെ.എസ്.ഇ.ബിയില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ച് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സന്തോഷ് കുമാറും, ഡീഫൈബറിംഗ് യൂനിറ്റ് തുടങ്ങാനാവശ്യമായ യന്ത്രങ്ങളെ സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനമായ കെ.എസ്.സി.എം.എം.സിയിലെ മാര്‍ക്കറ്റിങ് മാനേജര്‍ എം. രാജനും ക്ലാസെടുത്തു. ജി.എസ്.ടി അസിസ്റ്റന്റ് കമ്മീഷണര്‍ സി.എം സുനില്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് വിരമിച്ച ചീഫ് മാനേജര്‍സി.വി. ധനഞ്ജയന്‍ എന്നിവരും സംരംഭകര്‍ക്കായി ക്ലാസെടുത്തു. പ്രൊജക്ട് ഓഫീസര്‍ പി.വി രവീന്ദ്രകുമാര്‍ കയര്‍ പ്രൊജക്ട് ഓഫീസില്‍ നിന്ന് നല്‍കുന്ന സേവനങ്ങളും കയര്‍ വകുപ്പിന്റെ വിവിധ പദ്ധതികളും വിശദീകരിച്ചു.

സ്വകാര്യ മേഖലയില്‍ ചകിരി ഉല്‍പ്പാദിപ്പിക്കുന്നതിനായി പുതിയ ഡീഫൈബറിങ് യൂനിറ്റുകളും കയര്‍ അനുബന്ധ വ്യവസായ യൂനിറ്റുകളും തുടങ്ങാന്‍ താല്‍പ്പര്യമുള്ള മുപ്പതോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. കയര്‍ ഇന്‍സ്‌പെക്ടര്‍ ഷൈജു. പി, കണ്ണൂര്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് പ്രൊജക്ട് ഓഫീസര്‍ എന്‍. നാരായണന്‍, യു.ഡി ഫീല്‍ഡ് അസിസ്റ്റന്റ് ഷാജി പി.വി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News