എം. ഭാസ്‌കരന്‍ മികച്ച സഹകാരിയും ഇച്ഛാശക്തിയുള്ള നേതാവും – സി.എന്‍. വിജയകൃഷ്ണന്‍
മികച്ച സഹകാരിയെയും ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതാവിനെയുമാണ് എം. ഭാസ്‌കരന്റെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാനും സി.എം.പി. അസി. സെക്രട്ടറിയുമായ സി.എന്‍. വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
എം. ഭാസ്‌കരനോടൊപ്പവും എതിര്‍പക്ഷത്തും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വിജയകൃഷ്ണന്‍ അനുസ്മരിച്ചു. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട്ട് തുടങ്ങുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നു എങ്കിലും, മേയറായശേഷം സിറ്റി ബാങ്കിനോട് ഒരുവിധത്തിലുള്ള എതിര്‍പ്പും പുലര്‍ത്തിയിട്ടില്ല. മാത്രവുമല്ല, ബാങ്കിനു വേണ്ട സഹായങ്ങള്‍ ചെയ്തുതന്നിട്ടുമുണ്ട്. ബാങ്കിന്റെ പല പദ്ധതികളും അദ്ദേഹമാണ് ഉദ്ഘാടനം ചെയ്തത്. സഹകാരി എന്നതിനു പുറമെ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതാവുമായിരുന്നു ഭാസ്‌കരന്‍. ആളുകളോട് പറഞ്ഞ കാര്യം നടത്തിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഒഴിവുകഴിവു പറയുന്ന സമീപനമായിരുന്നില്ല. മേയറായിരിക്കുമ്പോള്‍ അദ്ദേഹം നടപ്പാക്കിയ പദ്ധതിയാണ് കല്ലുത്താന്‍ കടവിലെ ഫ്്‌ളാറ്റ് സമുച്ചയം – വിജയകൃഷ്ണന്‍ പറഞ്ഞു.
കോഴിക്കോട് ജില്ലാ സഹകരണാശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിച്ചതും ആശുപത്രിയെ പുരോഗതിയിലെത്തിച്ചതും ഭാസ്‌കരനാണ്. താന്‍ കെട്ടിപ്പടുത്ത ആശുപത്രിയില്‍ത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യവും. അദ്ദേഹത്തിന്റെ കുടുംബത്തിനു നേരിട്ട തീരാ ദുഃഖത്തില്‍ പങ്കുചേരുന്നു- വിജയകൃഷ്ണന്‍ പറഞ്ഞു.