71 വര്‍ഷത്തെ സഹകരണ ജീവിതവുമായി ബി.കെ. തിരുവോത്ത്
1952 ല്‍ 19-ാം വയസ്സില്‍ വില്യാപ്പള്ളി സഹകരണ
ബാങ്കില്‍ ക്ലാര്‍ക്കായാണു ബി.കെ. തിരുവോത്ത്
ജോലിയില്‍ പ്രവേശിച്ചത്. വിരമിച്ചിട്ടും ഇപ്പോഴും
സഹകരണ ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി
ശബ്ദമുയര്‍ത്തുന്നതില്‍ ഈ തൊണ്ണൂറുകാരന്‍
മുന്നിലുണ്ട്. രാഷ്ട്രീയനേതാവും എഴുത്തുകാരനുമായ
ബാലകൃഷ്ണന്‍ തിരുവോത്ത് എട്ടാമത്തെ
പുസ്തകത്തിന്റെ പണിപ്പുരയിലാണ്.
സഹകരണമേഖലയെന്നാല്‍ 90-ാം വയസ്സിലും ജീവിതത്തിന്റെ ഭാഗമാണു ബി.കെ. തിരുവോത്ത് എന്ന തിരുവോത്ത് ബാലകൃഷ്ണന്. 19-ാം വയസ്സില്‍ തുടങ്ങിയതാണ് ഈ ബന്ധം. 71 വര്‍ഷം തുടര്‍ച്ചയായി സഹകരണമേഖലയുടെ കയറ്റിറക്കങ്ങള്‍ക്കൊപ്പം യാത്ര ചെയ്ത്, 90 വയസ്സില്‍ എത്തിനില്‍ക്കുമ്പോഴും ഈ മേഖല വിട്ടൊരു കളിയില്ല തിരുവോത്തിന്. പ്രൈമറി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റെന്ന നിലയില്‍ വിരമിച്ച ജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ആ ശബ്ദമുയരും. നീണ്ട ഏഴു പതിറ്റാണ്ടുകാലം സഹകരണമേഖലയുടെ സ്പന്ദനങ്ങള്‍ക്കൊപ്പം സഞ്ചരിച്ചിട്ടുള്ള ഇതുപോലൊരാള്‍ ഒരുപക്ഷേ, കേരളത്തില്‍ വേറെയുണ്ടാവില്ല. കോഴിക്കോട് വടകര വില്യാപ്പള്ളിക്കു സമീപം കാര്‍ത്തികപ്പള്ളിയിലെ തിരുവോത്ത് വീട്ടില്‍ വിശ്രമജീവിതത്തിലാണെങ്കിലും സഹകരണമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.കെ. തിരുവോത്തിനു വിശ്രമമില്ല. സാഹിത്യമേഖലയിലും തന്റേതായ ഇടം നേടിയ ഇദ്ദേഹത്തിന് ഇപ്പോഴും എഴുത്ത് ജീവിതവ്രതമാണ്.
19-ാം വയസില്‍
സഹകരണരംഗത്ത്
1952 ല്‍ 19-ാം വയസ്സില്‍ വില്ല്യാപ്പള്ളി സഹകരണ ബാങ്കില്‍ ക്ലാര്‍ക്കായാണു തിരുവോത്ത് ജോലിയില്‍ പ്രവേശിച്ചത്. പത്താം ക്ലാസ് കഴിഞ്ഞശേഷം കോഴിക്കോട്ടെ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു സഹകരണവിഷയത്തില്‍ ഡിപ്ലോമ നേടിയിരുന്നു ഇദ്ദേഹം. അങ്ങനെയാണു സഹകരണരംഗത്തെത്തുന്നത്. 1991 ല്‍ ബാങ്കിന്റെ സെക്രട്ടറിയായി വിരമിച്ചു. ബാങ്കിനെ ഉയരങ്ങളിലേക്കു നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം പക്ഷേ, തന്റെ സേവനകാലയളവില്‍ തിളങ്ങിയതത്രയും സഹകരണജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയാണ്. വിരമിച്ച ശേഷവും ആ പോരാട്ടം തുടരുന്നു.
‘അന്ന് അസംഘടിത മേഖലയായിരുന്നു സഹകരണരംഗം. സേവനവേതന വ്യവസ്ഥയില്ല, ജോലിസ്ഥിരതയില്ല. ആരും എപ്പോഴും ഒഴിവാക്കപ്പെടാം…’ – ആ കാലത്തെക്കുറിച്ച് തിരുവോത്ത് ഓര്‍ക്കുന്നു. അങ്ങനെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷന്‍ രൂപവത്കരിച്ചപ്പോള്‍ അതിന്റെ സ്ഥാപകസെക്രട്ടറിയായി. പിന്നീട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടായപ്പോള്‍ അതിന്റെ സംസ്ഥാന പ്രസിഡന്റായി.
അവകാശപ്പോരാട്ടം
തുടങ്ങുന്നു
‘ തന്നേ തീരു കോമണ്‍ കേഡര്‍, അന്നേ തീരൂ ഞങ്ങളുടെ സമരം’- ആദ്യമായി സഹകരണമേഖലയിലെ ജീവനക്കാരുടെ സംഘടന സമരരംഗത്തിറങ്ങിയപ്പോള്‍ ഉയര്‍ന്ന മുദ്രാവാക്യം. അതിന്റെ മുന്‍നിരയിലുമുണ്ടായിരുന്നു ബി.കെ. തിരുവോത്ത്. സഹകരണമേഖലയിലെ മാറ്റങ്ങളുടെ തുടക്കം ഇവിടെയായിരുന്നു. പി.ആര്‍. കുറുപ്പുമായി അടുത്ത ബന്ധമുണ്ടായിരുന്നു തിരുവോത്തിന്. 1969 ല്‍ മന്ത്രിയായിരുന്ന പി.ആര്‍. കുറുപ്പ് പുതിയ സഹകരണനിയമം കൊണ്ടുവരുമ്പോള്‍ ഇതിനുപിന്നിലെ ചാലകശക്തികൂടിയായി തിരുവോത്ത്. സഹകരണനിയമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 1957 മുതല്‍ നടക്കുന്നുണ്ടായിരുന്നു. 1967-68 കാലത്ത് ഇതിനു വേഗം കൂട്ടിയ പ്രധാനസംഭവം ഇപ്പോഴും തിരുവോത്തിന്റെ മനസ്സിലുണ്ട്. കോഴിക്കോട് കാക്കൂരിലെ ഒരു സംഘത്തില്‍നിന്നു യുവതിയായ ജീവനക്കാരിയെ പിരിച്ചുവിട്ടു. ബാങ്ക് പ്രസിഡന്റിന്റെ വ്യക്തിവൈരാഗ്യമായിരുന്നു കാരണം. ഇതിനെതിരെ തിരുവോത്ത് നയിക്കുന്ന സംഘടന സമരം തുടങ്ങി. സമരം രണ്ടു മാസത്തോളം തുടര്‍ന്നു. ഒരുതരത്തിലും ജീവനക്കാരിയെ തിരിച്ചെടുക്കില്ലെന്നു പ്രസിഡന്റ് വാശിപിടിച്ചു. കാരണം, അന്നത്തെ നിയമത്തിലെ വകുപ്പുകള്‍ പ്രസിഡന്റിന് അനുകൂലമായിരുന്നു. ജീവനക്കാരെ സംബന്ധിച്ചിടത്തോളം ജോലിസ്ഥിരത ഉറപ്പാക്കുന്ന നിയമം അന്നുണ്ടായിരുന്നില്ല. പുതിയ സഹകരണനിയമം വരേണ്ടതിന്റെ ആവശ്യകത സംഘടനയും തിരുവോത്ത് ഉള്‍പ്പടെയുള്ളവരും മന്ത്രി പി.ആര്‍. കുറുപ്പിനെ ധരിപ്പിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഈ സമരത്തോടെ വിഷയത്തിന്റെ ഗൗരവം ഇവര്‍ മന്ത്രിയോടു പറഞ്ഞു. ആര്‍ക്കും എപ്പോഴും ജീവനക്കാരെ പിരിച്ചുവിടാം എന്നതാണ് അവസ്ഥയെന്നു തെളിവുസഹിതം ബോധ്യപ്പെടുത്തി. 1969 ല്‍ നിയമസഭയില്‍ പി.ആര്‍. കുറുപ്പ് സഹകരണനിയമം പാസാക്കുന്നതിലേക്കാണ് ഇതെത്തിയത്.
അന്യായമായ പിരിച്ചുവിടലുകള്‍ക്കു തടയിടുകയും ജീവനക്കാര്‍ക്കു സേവന വേതനവ്യവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തത് ഈ നിയമം വഴിയാണ്. ഈ നിയമം കരുപ്പിടിപ്പിക്കുന്നതിലും വകുപ്പുകള്‍ എഴുതിയുണ്ടാക്കുന്നതിലും ബി.കെ. തിരുവോത്ത് വഹിച്ച പങ്ക് പലര്‍ക്കുമറിയില്ല. 1993 മുതല്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ക്കു പെന്‍ഷന്‍ അനുവദിച്ചതിലും തിരുവോത്ത് നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. 1993 ല്‍ പെന്‍ഷന്‍ അനുവദിച്ചപ്പോള്‍ അതിനു മുന്‍കാലപ്രാബല്യം നേടിയെടുക്കാന്‍ കഴിഞ്ഞതു കേരള ഹൈക്കോടതിയില്‍ തിരുവോത്ത് ഫയല്‍ ചെയ്ത കേസിന്റെ ഫലമായാണ്. കോ-ഓപ്പറേററീവ് നാഷണല്‍ കൗണ്‍സില്‍ അംഗമായിരുന്നു തിരുവോത്ത്. പതിറ്റാണ്ടുകളോളം കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷന്‍ മുഖപത്രമായ ‘ സംഘം ‘ മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു.
സ്വാതന്ത്ര്യസമര
സേനാനികളുടെ
കുടുംബം
1933 ആഗസ്റ്റിലാണ് ബി.കെ. തിരുവോത്തിന്റെ ജനനം. അച്ഛന്‍ കായക്കൊടിയിലെ സ്വാതന്ത്ര്യസമര സേനാനി ഇ.കെ. കുഞ്ഞിച്ചന്തുക്കുറുപ്പ്. അമ്മ കണ്ടിമീത്തല്‍ തിരുവോത്ത് കുഞ്ഞിപാര്‍വ്വതിയമ്മ. സ്വാതന്ത്ര്യസമര സേനാനിയും പഴയ കാര്‍ത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൊന്നമ്പത്ത് ഗോപാലക്കുറുപ്പായിരുന്നു അമ്മാവന്‍. ഇദ്ദേഹത്തിന്റെ തണലിലായിരുന്നു ബാല്യകാലം. സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ വിദ്യാര്‍ഥികോണ്‍ഗ്രസ്സില്‍ സജീവമായിരുന്നു തിരുവോത്ത്. പുറമേരി കടത്തനാട് രാജാസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ദേശീയപ്രസ്ഥാനത്തിന്റെ പതാകവാഹകനായി. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പക്ഷത്തേക്ക് ആകര്‍ഷിക്കപ്പെട്ട് ഡോ.കെ.ബി. മേനോന്‍, കെ. കുഞ്ഞിരാമക്കുറുപ്പ്, പി.ആര്‍. കുറുപ്പ്, അരങ്ങില്‍ ശ്രീധരന്‍, പി.എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവര്‍ക്കൊപ്പം മുഴുവന്‍സമയ പ്രവര്‍ത്തകനായി. അങ്ങനെ സോഷ്യലിസ്റ്റ് യുവജനസഭാ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ സജീവ സോഷ്യലിസ്റ്റ് നേതാവായി മാറുകയും ചെയ്തു. പിന്നീട് തിരുവോത്ത് മാതൃസംഘടനയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി ഡി.സി. സി. മെമ്പറാവുകയും കോഴിക്കോട് ജില്ലയില്‍ ലീഡര്‍ കെ. കരുണാകരന്റെ ഏറ്റവുമടുപ്പമുള്ള നേതാവായി മാറുകയും ചെയ്തു. കെ.പി.സി.സി. അംഗം, എന്‍.പി.സി. കേന്ദ്രക്കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
സഹകരണരംഗത്തെ
സാഹിത്യകാരന്‍
സഹകരണരംഗത്തു സജീവമായി നില്‍ക്കുമ്പോള്‍ത്തന്നെ സാഹിത്യരംഗത്തും തിളങ്ങിനിന്നു തിരുവോത്ത്. പതിനാറാം വയസ്സില്‍ത്തന്നെ എഴുത്തിന്റെ വഴിയിലുണ്ടായിരുന്നു ഇദ്ദേഹം. അമ്പതുകളുടെ തുടക്കത്തില്‍ മാതൃഭൂമി ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ കഥയും കവിതയുമെല്ലാം അച്ചടിച്ചുവന്നു. ഏറാമല പഞ്ചായത്തിലെ ആദ്യഗ്രന്ഥാലയങ്ങളിലൊന്നായ കാര്‍ത്തികപ്പള്ളി പുത്തലത്ത് പൊയിലിലെ മഹാത്മാ ഗ്രന്ഥാലയം സ്ഥാപിക്കുന്നതിലും കുറിഞ്ഞാലിയോട് നവസംസ്‌കാര പരിഷത്തിന്റെയും വില്യാപ്പള്ളിയിലെ സുന്ദരകലാസമിതിയുടെയും പ്രവര്‍ത്തനമുന്നേറ്റങ്ങളിലും തിരുവോത്ത് വഹിച്ച നേതൃത്വപരമായ പങ്ക് നാടിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത ഓര്‍മയാണ്. വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ കലാസാംസ്‌കാരിക സംഘടനകളുടെ നേതൃനിരയില്‍ തിരുവോത്തിനെ കാണാം. തേന്‍തുള്ളി (ചെറുകഥകള്‍), സോഷ്യലിസം വഴിത്തിരിവില്‍ (ലേഖനങ്ങള്‍), ഗാന്ധിജി കമ്മ്യൂണിസ്റ്റ് കണ്ണില്‍ (ലേഖനങ്ങള്‍), പരല്‍മീനുകള്‍ (കവിത), മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം (ചരിത്രം), പഴമയില്‍ നിന്നൊരു കാറ്റാടി (ലേഖനങ്ങള്‍), വി.പി : സ്വാതന്ത്ര്യസമരത്തിലെ ഒരേട് (ജീവചരിത്രം) എന്നിവയാണു തിരുവോത്തിന്റെ പ്രധാന കൃതികള്‍. ഇപ്പോള്‍ ഡോ. കെ.ബി. മേനോനെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചനയിലാണ്. സാഹിത്യരംഗത്തെ സംഭാവനകളെ ആദരിച്ചുകൊണ്ട് 2015 ലെ സദ്ഭാവന സാഹിത്യ പുരസ്‌കാരവും 2014 ലെ അര്‍പ്പണവിജ്ഞാനവേദി അവാര്‍ഡും തിരുവോത്തിനു ലഭിച്ചിട്ടുണ്ട്. അംബുജമാണു ഭാര്യ. മധുസൂദനന്‍, ശ്രീജ, നീന എന്നിവര്‍ മക്കളാണ്.
(മൂന്നാംവഴി സഹകണ മാസിക ജൂലായ് ലക്കം 2023)