5673 പാക്‌സുകളില്‍ കേന്ദ്രസോഫ്റ്റ് വെയറിന്റെ പരീക്ഷണ ഉപയോഗം
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കുന്ന പദ്ധതി കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അനുമതിയായി. എന്റര്‍പ്രൈസസ് റിസോഴ്‌സ് മാനേജ്‌മെന്റ് (ഇ.ആര്‍.പി.) സോഫ്റ്റ് വെയറാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. 21 സംസ്ഥാനങ്ങളിലെ കാര്‍ഷിക വായ്പ സംഘങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങി.
ഓരോ സംസ്ഥാനത്തെയും നിയമങ്ങളുടെ പ്രത്യേകത, സംഘങ്ങളുടെ പ്രവര്‍ത്തനരീതി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കി വ്യത്യസ്ത രീതിയിലാണ് സംഘങ്ങളില്‍ ഇത് സ്ഥാപിക്കുന്നത്. സഹകരണ സ്ഥാപനങ്ങള്‍ക്ക് അംഗങ്ങളുമായുള്ള ഇടപാടുകള്‍ എളുപ്പമാക്കാനുള്ള രീതിയിലാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. നബാര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചത്. സംസ്ഥാനങ്ങളിലെ സംഘങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ ക്രമീകരണം വരുത്തുന്നുണ്ട്.
21 സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിച്ചത് ഈ ക്രമീകരണം ഒരുക്കാനാണ്. 5673 കാര്‍ഷിക വായ്പ സംഘങ്ങളിലാണ് ഇവ ഇപ്പോള്‍ ഉപയോഗിക്കുന്നത്. സംഘങ്ങള്‍ക്ക് ആവശ്യമുള്ള പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യാന്‍ കഴിയുന്ന വിധം സോഫ്റ്റ് വെയറിന്റെ പരിഷ്‌കാരം പൂര്‍ത്തിയായി കഴിഞ്ഞാല്‍ രാജ്യത്തെ കേരളം ഒഴികെയുള്ള എല്ലാ കാര്‍ഷിക വായ്പ സംഘങ്ങളിലും ഇത് സ്ഥാപിക്കും.
ഒരു സഹകരണ സംഘത്തിന്റെ അംഗത്വം നല്‍കുന്നത് മുതലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സോഫ്റ്റ് വെയറിലൂടെ നിര്‍വഹിക്കാന്‍ കഴിയുന്നതിനാണ് ഇ.ആര്‍.പി. മാതൃക സ്വീകരിച്ചത്. 28 സംസ്ഥാനങ്ങളിലെ 62318 കാര്‍ഷിക സംഘങ്ങളിലാണ് കേന്ദ്രപദ്ധതി അനുസരിച്ച് സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നത്. അംഗത്വം, സാമ്പത്തിക ഇടപാടുകള്‍, വായ്പ സ്‌കീമുകള്‍, സംഭരണ പ്രവര്‍ത്തനം, പൊതുവിതരണ സംവിധാനം, ബിസിനസ് ആസൂത്രണം, സംഭരണ ശാലകള്‍, വ്യാപാര കേന്ദ്രങ്ങളൊരുക്കല്‍, കടം എടുക്കല്‍, അസറ്റ് മാനേജ്‌മെന്റ്, മാനവ വിഭവ സംവിധാനം എന്നിവയെല്ലാമാണ് പൊതുവായി സോഫ്റ്റ് വെയറില്‍ ഒരുക്കിയ മെഡ്യൂളുകള്‍. കേന്ദ്രത്തിന്റെ മൊഡല്‍ ബൈലോ അനുസരിച്ചാണ് പൊതു സോഫ്റ്റ് വെയറും രൂപകല്‍പന ചെയ്തിട്ടുള്ളത്. ഇതിലൊന്നിലും കേരളം പങ്കാളിയല്ല.
[mbzshare]