5 മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം: പെൻഷൻ തുക മുൻകൂട്ടി ലഭിച്ചാലേ വിതരണം സാധ്യമാകൂവെന്ന് സഹകരണസംഘങ്ങൾ.

adminmoonam

ഏപ്രിൽ ആദ്യവാരം മുതൽ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച അഞ്ചു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാൻ പെൻഷൻ തുക മുൻകൂർ ലഭിക്കണമെന്ന് സഹകരണസംഘങ്ങൾ പറയുന്നു. മാർച്ച് 27 മുതൽ 31നകം കഴിഞ്ഞ ഒക്ടോബർ നവംബർ മാസങ്ങളിലെ പെൻഷൻ ആണ് വിതരണം ചെയ്തത്. ഇന്നലെവരെ 90 ശതമാനത്തിലധികം പേർക്ക് പെൻഷൻ നൽകി കഴിഞ്ഞു. എന്നിരുന്നാലും നിലവിൽവീടുകളിൽ ഇല്ലാത്ത ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ബന്ധുവീടുകളിൽ കഴിയുന്നവർക്ക് നൽകുന്നതിനുവേണ്ടി ഏപ്രിൽ 15വരെ ഈ രണ്ടു മാസത്തെ പെൻഷൻ വിതരണം സർക്കാർ നീട്ടിയിട്ടുണ്ട്. 27 മുതൽ പെൻഷൻ വിതരണം ആരംഭിക്കണമെന്ന് സർക്കാർ പറഞ്ഞപ്പോൾ, സാമൂഹ്യ പ്രതിബദ്ധതയോടെ അതിനു മുന്നേ തന്നെ പെൻഷൻ വിതരണം ഒട്ടുമിക്ക സഹകരണസംഘങ്ങളും ആരംഭിച്ചിരുന്നു.

നിലവിൽ അഞ്ചു മാസത്തെ പെൻഷൻ തുക ഒരുമിച്ച് നൽകണമെങ്കിൽ സർക്കാർ മുൻകൂറായി പണം നൽകാതെ സാധിക്കില്ലെന്നാണ് സഹകരണസംഘങ്ങൾ പറയുന്നത്. സംഘങ്ങളിലെ പണമുപയോഗിച്ച് 2 മാസത്തെ പെൻഷൻ വിതരണം ചെയ്യാൻ ഒട്ടുമിക്ക സഹകരണ സംഘങ്ങൾക്കും സാധിച്ചിരുന്നു. ഒരു പഞ്ചായത്തിൽ ഏകദേശം 40 ലക്ഷം രൂപയോളമാണ് ഒരു മാസത്തെ പെൻഷൻ തുകയായി വരുക. രണ്ടു മാസത്തെ പെൻഷൻ വിതരണം ചെയ്യുമ്പോൾ തന്നെ 80 ലക്ഷം രൂപയോളം ഇതിനായി സംഘങ്ങൾ മുൻകൂർ ചെലവഴിച്ചു. ഒരു പഞ്ചായത്തിൽ ഒന്നോ രണ്ടോ അപൂർവ്വമായി മൂന്നോ സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷൻ വിതരണം ചെയ്യുന്നത്. കഴിഞ്ഞമാസം വായ്പയും പണം പിൻവലിക്കലും കുറവായതിനാലും പെൻഷൻ വിതരണം സാധ്യമായെന്ന് സംഘങ്ങൾ പറയുന്നു. എന്നാൽ ഇപ്പോഴത്തെ അഞ്ചുമാസത്തെ പെൻഷൻ വിതരണം ചെയ്യണമെങ്കിൽ ഒരു പഞ്ചായത്തിൽ ഒന്നരക്കോടിയോളം രൂപ ആവശ്യമായിവരും. ഇത് സഹകരണസംഘങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് മുൻകൂർ പണം ലഭിച്ചാൽ മാത്രമേ പെൻഷൻ വിതരണം സർക്കാർ നിർദ്ദേശിക്കുന്ന പോലെ കാര്യക്ഷമമായി നടത്താൻ സാധിക്കുകയുള്ളൂ എന്ന് സഹകാരികൾ പറയുന്നത്. ഇത്രയും വലിയ തുക പെൻഷനായി വിതരണം ചെയ്താൽ സഹകരണസംഘത്തിന് ദൈനംദിന കാര്യങ്ങൾ തടസ്സപ്പെടുമെന്ന് ഇവർ പറയുന്നു. ഒരു സ്വർണ്ണ വായ്പ പോലും നൽകാൻ സാധിക്കാതെ വരും. തന്നെയുമല്ല സംഘങ്ങളിലെ ക്യാഷ് ലിമിറ്റ് വലിയ സംഘങ്ങൾ ആണെങ്കിൽ പോലും 50 ലക്ഷത്തിൽ കൂടുതൽ ഉണ്ടാകാനിടയില്ല. ഇതും പെൻഷൻ വിതരണത്തിന് തടസ്സമാകും. തന്നെയുമല്ല നേരത്തെ പെൻഷൻ വിതരണം ചെയ്തവർ/ കളക്ഷൻ ഏജന്റ്മാർ നിലവിൽ ഒട്ടുമിക്ക സംഘത്തിന്റെയും നിർദ്ദേശപ്രകാരം വീടുകളിൽ കോറന്റൈനിൽ കഴിയുകയാണ്. ഇവരെ തന്നെയാണ് ഈ 5 മാസത്തെ പെൻഷൻ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തുക. അതുകൊണ്ടുതന്നെ ഇവർക്ക് മാനസിക ആരോഗ്യ ബുദ്ധിമുട്ടുകൾ വരാതെ നോക്കേണ്ട വലിയ ഉത്തരവാദിത്വവും കടമയും സംഘങ്ങൾക്കുണ്ട്. കോവിഡ് 19 ന്റെ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നുണ്ടെങ്കിലും ഇവർക്കും വീണ്ടും പെൻഷൻ വിതരണം ചെയ്യുന്നതിൽ ചെറുതല്ലാത്ത ആശങ്കയുണ്ട്.

ഒപ്പം കഴിഞ്ഞ രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തു സാമൂഹ്യ സുരക്ഷാ പെൻഷൻ അക്കൗണ്ട് സഹകരണസംഘങ്ങൾ സീറോ ആകേണ്ടതുണ്ട്. മുൻകാലങ്ങളിൽ ഇത്തരത്തിൽ അടുപ്പിച്ച് പെൻഷൻ വിതരണം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടായിട്ടുമില്ല. അക്കൗണ്ട് സീറോ ആക്കുന്നത് സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങളോ പുതിയ രീതിയോ അവലംബിക്കേണ്ടതായിവരുമെന്നും സഹകാരികൾ പറയുന്നു. ഇതുസംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറോ ഉത്തരവോ ഇറങ്ങേണ്ടതുണ്ട്. സംഘങ്ങളുടെ ഇത്തരത്തിലുള്ള സാങ്കേതിക പ്രായോഗിക ബുദ്ധിമുട്ടുകൾ മാറ്റിയാൽ മാത്രമേ പുതിയ അഞ്ച് മാസത്തെ പെൻഷൻ വിതരണം സുഗമമാകുകയുള്ളു.

ഇപ്പോൾ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വീടുകളിൽ എത്തിക്കുകയോ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് അയക്കുകയോ ചെയ്തിട്ടുള്ളത്. ഇനി ഡിസംബർ മുതൽ ഏപ്രിൽ മാസം വരെയുള്ള അഞ്ച് മാസത്തെ പെൻഷനാണു നൽകുന്നത്.ഇതിൽ ഏപ്രിൽ മാസത്തെ പെൻഷൻ അഡ്വാൻസായി നൽകുകയാണ്. ഈ പെൻഷനാകട്ടെ 1200 നു പകരം 1300 രൂപയാണ്.അഞ്ച് ഈ മാസത്തെ പെൻഷൻ വേണ്ടി 2730 കോടി രൂപയാണ് ആവശ്യമായി വരിക. ഇപ്പോൾ 2020 ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തവർക്കുകൂടി കുടിശികയടക്കം പെൻഷൻ നൽകേണ്ടതായി വരും.

1350 കോടി രൂപയാണ് സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യുക. അക്കൗണ്ടുകളിലേക്ക് നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ, ഏപ്രിൽ 9 ന് മാത്രമേ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുകയുള്ളൂഎന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. എന്നാൽ സഹകരണസംഘങ്ങൾക്ക് പണം എന്ന് കൈമാറുമെന്ന് സംബന്ധിച്ച് തീരുമാനമായില്ല.എന്നാൽ സഹകരണ സംഘങ്ങൾ വഴിയുള്ള വിതരണം ഏപ്രിൽ ആദ്യവാരം തന്നെ തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. ഈ അതിഅസാധാരണമായ സാഹചര്യത്തിൽ പെൻഷൻ വിതരണം സാധ്യമാക്കാനുള്ള തത്രപ്പാടിലാണ് സഹകരണസംഘങ്ങൾ. എന്നാൽ എങ്ങനെയെന്ന ചോദ്യമാണ് ഇവർക്ക് മുന്നിൽ..

Leave a Reply

Your email address will not be published. Required fields are marked *

Latest News