21 സ്‌കൂളുകള്‍ നടത്തുന്ന അര്‍ബന്‍ വായ്പാസംഘം ഇനി പണിയുന്നത് അത്യാധുനിക കാന്‍സര്‍ ആശുപത്രി

moonamvazhi

ഒരു ജില്ലയില്‍മാത്രം 21 സ്‌കൂളുകള്‍ നടത്തുന്ന ഒരു അര്‍ബന്‍ സഹകരണ വായ്പാ സംഘം ഇനി അത്യാധുനിക കാന്‍സര്‍ ചികിത്സാ ആശുപത്രി പണികഴിപ്പിക്കാന്‍ പോകുന്നു.

മഹാരാഷ്ട്രയിലെ ലീഡിങ് വായ്പാ സംഘമായ ബുള്‍ധാന അര്‍ബന്‍ സഹകരണ വായ്പാ സംഘമാണു ഈ അപൂര്‍വനേട്ടവുമായി തിളങ്ങിനില്‍ക്കുന്നത്. 2022 മാര്‍ച്ച് 31 ന്റെ കണക്കനുസരിച്ച് സംഘത്തിന്റെ മൊത്തം ബിസിനസ് മുന്‍കൊല്ലത്തെ 16,678 കോടി രൂപയില്‍ നിന്നു 18,141 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ കൊല്ലം 30 കോടി രൂപയായിരുന്നു ലാഭം. ഇക്കൊല്ലം അതു 75 കോടിയിലെത്തി. സംഘത്തിന്റെ 36-ാമതു വാര്‍ഷിക പൊതുയോഗത്തിലാണു ഇക്കാര്യം അറിയിച്ചത്.

മഹാരാഷ്ട്രക്കു പുറമേ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഗോവ, ആന്‍ഡമാന്‍-നിക്കോബാര്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തനപരിധിയുള്ള സംഘം 1986 ആഗസ്റ്റ് പതിനഞ്ചിനു രൂപം കൊള്ളുമ്പോള്‍ ഓഹരിമൂലധനമായുണ്ടായിരുന്നതു വെറും 12,000 രൂപയായിരുന്നു. അന്ന് ആകെ അംഗങ്ങള്‍ 72. ഇപ്പോള്‍ 466 ശാഖകളുള്ള സംഘത്തിനു 1.3 ലക്ഷം അംഗങ്ങളുണ്ട്. 406 ഗോഡൗണുകള്‍ സംഘത്തിനുണ്ട്.

ഗ്രാമീണമേഖലയിലെ കുട്ടികള്‍ക്കു മികച്ച രീതിയിലുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാനായി സംഘത്തിന്റെ കീഴിലുള്ള ബുള്‍ധാന അര്‍ബന്‍ ചാരിറ്റബിള്‍ സൊസൈറ്റിവഴിയാണു ബുള്‍ധാന ജില്ലയില്‍ മാത്രം 21 സ്‌കൂളുകള്‍ തുടങ്ങിയത്. നന്ദെഡ് ജില്ലയിലും ഇത്തരത്തില്‍ ഒരു സ്‌കൂള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രീപ്രൈമറിതലം തൊട്ട് ജൂനിയര്‍ കോളേജ്തലം വരെയുള്ള ഈ 22 സ്‌കൂളുകളില്‍ 23,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ബുള്‍ധാനയിലെ ബോത്ത റോഡിലാണ് അത്യാധുനിക ചികിത്സാസൗകര്യങ്ങളുള്ള കാന്‍സര്‍ ആശുപത്രി പണിയുന്നതെന്നു സംഘം ചെയര്‍മാന്‍ രാധേശ്യാം ചന്ദക് വാര്‍ഷിക പൊതുയോഗത്തില്‍ അറിയിച്ചു. ഏഴുനില കെട്ടിടം പണിയാനുള്ള ഭൂമി സംഘം വാങ്ങിക്കഴിഞ്ഞു. വിദേശ ഡോക്ടര്‍മാരുടെ സേവനവും ആശുപത്രിയില്‍ നല്‍കും. രോഗികളെ കൊണ്ടുവരാനായി ആശുപത്രിയില്‍ ഹെലിപാഡും നിര്‍മിക്കുന്നുണ്ട്.

മാതൃകാപരമായ ഒരു സേവനപ്രവര്‍ത്തനവും ഈയിടെ സംഘം നടപ്പാക്കിയിട്ടുണ്ട്. സംഘത്തിലെ നിക്ഷേപകരായ അംഗങ്ങള്‍ക്കു കിടക്ക, വാക്കര്‍, ഓക്‌സിജന്‍ സിലിണ്ടര്‍, മെത്ത, വീല്‍ച്ചെയര്‍ എന്നിവ സൗജന്യമായി നല്‍കുന്നതാണ് ഈ പദ്ധതി. ശ്രീരാമക്ഷേത്രം പണിയുന്ന അയോധ്യയില്‍ നൂറു മുറികളുള്ള കെട്ടിടം നിര്‍മിക്കാനും സംഘത്തിനു പദ്ധതിയുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നെത്തുന്ന ഭക്തര്‍ക്കു താമസിക്കാനാണു ഭക്തി നിവാസ് എന്നു പേരിട്ടിരിക്കുന്ന ഈ കെട്ടിടം പണിയുന്നത്.

ബുള്‍ധാന സഹകരണ വായ്പാ സംഘത്തിന്റെ കീഴില്‍ ഒട്ടേറെ വ്യവസായസ്ഥാപനങ്ങളുണ്ട്. കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ നിര്‍മിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് അതിലൊന്ന്. മിനറല്‍ വാട്ടര്‍ പ്ലാന്റ്, പഞ്ചസാര ഫാക്ടറി തുടങ്ങിയവയും സംഘത്തിന്റെ കീഴിലുണ്ട്. ശാഖകളുടെ ബാഹുല്യം കാരണം സംഘത്തെ രണ്ടു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളാക്കാനാണു ബുള്‍ധാന സംഘം പദ്ധതിയിടുന്നത്. ഇതിനുള്ള നിര്‍ദേശം കേന്ദ്ര സഹകരണ സംഘം രജ്‌സ്ട്രാര്‍ക്കു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!