2022-23 ല്‍ എന്‍.സി.ഡി.സി. 41,000 കോടി രൂപ ധനസഹായം നല്‍കി

moonamvazhi
2022-23 സാമ്പത്തികവര്‍ഷത്തില്‍ ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) 41,031 കോടി രൂപ ധനസഹായം നല്‍കി. എന്‍.സി.ഡി.സി.യുടെ ചരിത്രത്തിലെ റെക്കോഡ് ധനസഹായമാണിത്. കാര്‍ഷികസംസ്‌കരണം, സഹകരണസംഘങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണം എന്നിവയ്ക്കും സേവന-വായ്പാമേഖലകളിലെ യുവസഹകരണസംഘങ്ങള്‍, ദുര്‍ബലവിഭാഗങ്ങള്‍ക്കായുള്ള സംഘങ്ങള്‍ എന്നിവയ്ക്കും ഉള്‍പ്പെടെ വിവിധ മേഖലകള്‍ക്കായി നല്‍കിയ ധനസഹായം ഇതില്‍പ്പെടും. ഡല്‍ഹിയില്‍ നടന്ന കോ-ഓപ്പറേറ്റീവ് മീറ്റില്‍ എന്‍.സി.ഡി.സി. ചീഫ് ഡയറക്ടര്‍ ആര്‍. വനിതയാണ് ഇക്കാര്യം അറിയിച്ചത്.

2022-23 സാമ്പത്തികവര്‍ഷം എന്‍.സി.ഡി.സി. 527.34 കോടി രൂപ അറ്റലാഭം നേടി. സഹകരണസംഘങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണത്തിനായി 45.02 കോടി രൂപയാണു നല്‍കിയത്. വായ്പാ തിരിച്ചടവ് 99.67 ശതമാനമാണ്. അതായത്, കഴിഞ്ഞ സാമ്പത്തികവര്‍ഷവും എന്‍.സി.ഡി.സി.യുടെ നിഷ്‌ക്രിയ ആസ്തി പൂജ്യത്തില്‍ തുടരുന്നു എന്നര്‍ഥം. രണ്ട് പുതിയ വായ്പാപദ്ധതികള്‍കൂടി എന്‍.സി.ഡി.സി. തുടങ്ങിയിട്ടുണ്ട്. കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കുള്ള ദീര്‍ഘകാല വായ്പാ പദ്ധതിയായ കൃഷക് ദീര്‍ഘവാദി പൂഞ്ചി സഹകാര്‍ യോജനയാണ് ഒരു പദ്ധതി. സഹകരണവായ്പാ സംഘങ്ങള്‍വഴി വനിതാ സ്വാശ്രയസംഘങ്ങളെയും സംയുക്ത ബാധ്യതാസംഘങ്ങളെയും ശക്തിപ്പെടുത്താനുള്ള സ്വശക്തി സഹകാര്‍ യോജനയാണു മറ്റൊന്ന്.

കേന്ദ്ര സഹകരണമന്ത്രാലയത്തിനു കീഴിലുള്ള സ്റ്റാറ്റിയൂട്ടറി കോര്‍പ്പറേഷനായ എന്‍.സി.ഡി.സി. 1963 മാര്‍ച്ച് 14 നാണു രൂപം കൊണ്ടത്. സഹകരണസംഘങ്ങളിലൂടെ സാമ്പത്തികവികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പാര്‍ലമെന്റ് നിയമത്തിലൂടെയായിരുന്നു എന്‍.സി.ഡി.സി.യുടെ രൂപവത്കരണം.

Leave a Reply

Your email address will not be published. Required fields are marked *

Latest News