150 കോടിയുടെ പട്ടുവിപണി; പച്ചപിടിക്കുമോ സെറിഫെഡിന്റെ ‘കേരളാപട്ട്’
സഹകരണ സ്ഥാപനമായ സെറിഫെഡിന് കൈത്തറിസഹകരണ സംഘങ്ങളിലൂടെ അതിജീവിക്കാനുള്ള പദ്ധതിയാണ് ‘കേരളാപട്ട്’. വീടിനോട് ചേര്‍ന്നുള്ള ചെറിയ ഭൂമിയില്‍പോലും മള്‍ബറി കൃഷി തുടങ്ങാനുള്ളേേ പ്രാത്സാഹനം. ഇതുവഴി പരമാവധി കൊക്കൂണ്‍ ഉല്‍പാദനം. ഈ കൊക്കൂണുകളെ മെച്ചപ്പെട്ട പണം നല്‍കി സെറിഫെഡ് ഏറ്റെടുക്കും. കൊക്കൂണ്‍ പട്ടുനൂലായും, പിന്നെ പട്ടുവസ്ത്രമായും മാറ്റും. കേരളത്തില്‍ നല്ലപട്ടിന് മാത്രമായി പ്രത്യേക ഷോറൂം തുടങ്ങും. വ്യാജനെ മറികടക്കാന്‍ റീട്ടെയില്‍ വില്‍പന തുടക്കത്തിലുണ്ടാവില്ല. ഇങ്ങനെയൊക്കെയാണ് സെറിഫെഡ് പദ്ധതി വിഭാവനം ചെയ്യുന്നത്.
കേരളത്തില്‍ 150 കോടിരൂപയുടെ പട്ടുവസ്ത്ര വിപണനം നടക്കുന്നുണ്ടെന്നാണ് വാണിജ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതെല്ലാം എത്തുന്നത് കേരളത്തിന് പുറത്തുനിന്നാണ്. അതുമാത്രവുമല്ല, വ്യാജപട്ടുകളും ഏറെയാണ്. യഥാര്‍ത്ഥ പട്ടുനൂലുകൊണ്ടല്ല വസ്ത്രങ്ങളേറെയും ഉണ്ടാക്കുന്നതെന്നാണ് ആക്ഷേപമുള്ളത്. കേരളത്തില്‍ പട്ടുവസ്ത്രത്തോടുള്ള പ്രീയം കൂടിവരുന്നുണ്ടെന്നാണ് കണക്കുകള്‍. വിവാഹ വസ്ത്രങ്ങളില്‍ പട്ടുവസ്ത്രങ്ങള്‍ ‘ട്രന്റാ’ക്കിമാറ്റാന്‍ വിപണിതന്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് വളരാനാകുമെന്ന പ്രതീക്ഷയാണ് സെറിഫെഡിനുള്ളത്. നല്ലപട്ട് നല്‍കിയാല്‍ പട്ടുവിപണിയുടെ മുക്കാല്‍പങ്കും സെറിഫെഡിന് കീഴടക്കാനാകുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. അതാണ് എക്സ്‌ക്ലൂസീവ് ഷോറൂം എന്ന ആശയത്തിന് പ്രാധാന്യം നല്‍കാന്‍ കാരണം.
എന്നാല്‍, ഈ പദ്ധതിക്ക് വലിയ ഭാവി സംസ്ഥാന സര്‍ക്കാര്‍ കാണുന്നില്ല. സാധ്യതാപഠനം നടത്തിമാത്രമെ ഇത്തരമൊരു ദൗത്യത്തിനിറങ്ങാവൂവെന്നാണ് വ്യവസായവകുപ്പ് സെറിഫെഡിന് നല്‍കിയ നിര്‍ദ്ദേശം. അതിജീവിക്കാന്‍ ശേഷിയില്ലാതെ തകര്‍ന്ന സ്ഥാപനമാണ് സെറിഫെഡ്. അതിന് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള പദ്ധതിയെ വ്യവസായ വകുപ്പും സ്വാഗതം ചെയ്യുന്നു. പക്ഷേ, മള്‍ബറി കൃഷിമുതല്‍ സില്‍ക്ക് വസ്ത്ര നിര്‍മ്മാണം വരെ കേരളത്തില്‍ സാധ്യമാകുമോയെന്നത് പരിശോധിച്ച് ഉറപ്പിക്കേണ്ടതാണെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്. അതിനാല്‍, സംസ്ഥാനസര്‍ക്കാര്‍ പണം നല്‍കാന്‍ തയ്യാറായിട്ടുമില്ല. ഇതോടെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കൊണ്ട് തുടങ്ങാന്‍ ലക്ഷ്യമിടുന്ന ‘കേരളാപട്ട്’ സെറിഫെഡിന്റെ കടലാസിലുറങ്ങുകയാണ്.