സഹകരണ നിക്ഷേപ യജ്ഞം: ലക്ഷ്യം 6000 കോടി, ലഭിച്ചത് 7253 കോടി

[mbzauthor]

സംസ്ഥാന സഹകരണ വകുപ്പ് പ്രഖ്യാപിച്ച നിക്ഷേപ സമാഹരണ യജ്ഞത്തില്‍ സമാഹരിച്ചത് 7253.65 കോടി രൂപ. 6000 കോടി രൂപയായിരുന്നു ലക്ഷ്യം വച്ചത്. 1253 കോടി രൂപയുടെ അധിക നിക്ഷേപം സഹകരണ സ്ഥാപനങ്ങള്‍ നേടി. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലായിരുന്നു നിക്ഷേപ സമാഹരണ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. സഹകരണ മന്ത്രിയുടൈ നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ നടന്ന അവലോകനങ്ങളും പദ്ധതി ആസൂത്രണവുമാണ് മികച്ച നേട്ടത്തിനു പിന്നില്‍. മാര്‍ച്ച് 31 ന് വൈകുന്നേരം വരെയുള്ള ഏകദേശ കണക്ക് അനുസരിച്ച് നിക്ഷേപ സമാഹരണ കാലയളവില്‍ 3375.54 കോടി രൂപ വിവിധ നിക്ഷേപങ്ങളായി കേരള ബാങ്കിനു ലഭിച്ചു. 1025 കോടി രൂപയായിരുന്നു ലക്ഷ്യം. ലക്ഷ്യത്തേക്കാള്‍ 329 ശതമാനം അധികമാണിത്. സഹകരണ മേഖലയിലെ ഒറ്റപ്പെട്ട അനഭലഷണീയ പ്രവണതകള്‍ സാമാന്യവല്‍ക്കരിച്ച് ചില കേന്ദ്രങ്ങള്‍ പ്രചരണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ജനങ്ങള്‍ അത്തരം പ്രചാരണങ്ങള്‍ അവഗണിച്ചാണ് സഹകരണ വകുപ്പ് പ്രഖ്യാപിച്ച നിക്ഷേപ സമാഹരണ യജ്ഞവുമായി സഹകരിച്ചത്.

കേരള ബാങ്ക് ഒഴികെയുള്ള സഹകരണ സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിയത് എറണാകുളം ജില്ലയിലാണ്. 506.89 കോടി രൂപയാണ് എറണാകുളം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലായി നിക്ഷേപമായി ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളില്‍ 463 കോടിയുടെ നിക്ഷേപമാണ് ഇക്കാലയളവില്‍ ഉണ്ടായത്. നിക്ഷേപ സമാഹരണ യജ്ഞത്തില്‍ രണ്ടാം സ്ഥാനത്താണ് കണ്ണൂര്‍. 300 കോടി രൂപ ലക്ഷ്യം വച്ച കൊല്ലം ജില്ലയിലെ സഹകരണ ബാങ്കുകള്‍ 343.57 കോടി രൂപയുടെ നിക്ഷേപങ്ങള്‍ നേടി. 350 കോടി ലക്ഷ്യം വച്ച പാലക്കാട് 383.41 കോടിയുട നിക്ഷേപം നേടി. മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ 433.10 കോടി രൂപയുടെ നിക്ഷേപ വര്‍ദ്ധനയുണ്ടായി. 75 കോടിയായിരുന്നു ലക്ഷ്യം വച്ചത്. തിരുവനന്തപുരത്തെ സഹകരണ ബാങ്കുകള്‍ 136 കോടി രൂപയും പത്തനംതിട്ട 125 കോടിയും ആലപ്പുഴ 201 കോടിയും കോട്ടയം 193 കോടിയും ഇടുക്കി 61.23 കോടിയും തൃശ്ശൂര്‍289.13 കോടിയും മലപ്പുറം 396.30 കോടിയും കോഴിക്കോട് 260.38 കോടിയും വയനാട് 43 കോടിയും കാസര്‍കോട് 152 കോടി രൂപയും നിക്ഷേപ സമാഹരണ യജ്ഞകാലത്ത് സമാഹരിച്ചു.

നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ആദ്യ കണക്കുകള്‍ ലഭിക്കുമ്പോള്‍ സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലെ നിക്ഷേപം 1,14,105. 72 കോടിയായി ഉയര്‍ന്നു. അര്‍ബന്‍ ബാങ്കുകളുടെ നിക്ഷേപമാകട്ടെ 16,663.31 കോടിയാണ്. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളുടെ നിക്ഷേപം 335.04 കോടിയും ഇതര സഹകരണ സംഘങ്ങളുടെ നിക്ഷേപം 13,394.39 കോടിയുമാണ്. എംപ്ലോയ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍, അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍, മള്‍ട്ടി പര്‍പ്പസ് സൊസൈറ്റികള്‍ എന്നിവരുടെ നിക്ഷേപം 27,89.14 കോടി രൂപയുമാണ്. സംസ്ഥാനത്ത് കേരള ബാങ്ക് ഒഴികെയുള്ള സഹകരണ സംഘങ്ങളിലായി ആകെ 2,46,524.99 കോടിയുടെ നിക്ഷേപം 2021-22 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ലഭിച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിക്കിടയിലും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഭരണസമിതികളുടെയും സഹകാരികളുടെയും ആത്മാര്‍ത്ഥമായ സമീപനവും ഊര്‍ജ്ജിതവുമായ പ്രവര്‍ത്തനവുമാണ് നിക്ഷേപ സമാഹരണ യജ്ഞത്തില്‍ ലക്ഷ്യത്തില്‍ കവിഞ്ഞ വലിയ നേട്ടം സൃഷ്ടിക്കാനിടയാക്കിയതെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ കുപ്രചരണങ്ങള്‍ നടക്കുമ്പോഴും നിക്ഷേപത്തില്‍ വലിയ നേട്ടമുണ്ടായത് പൊതു സമൂഹത്തിന് സഹകരണ മേഖലയോടുള്ള വിശ്വാസ്യതയ്ക്ക് തെളിവാണെന്നും മന്ത്രി സ. വി എന്‍ വാസവന്‍ പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.