സ്ത്രീ സുരക്ഷയുടെ കരുത്തില്‍ കാരശ്ശേരി

moonamvazhi

യു.പി. അബ്ദുള്‍ മജീദ്

കോഴിക്കോടിനു കിഴക്കുള്ള കാരശ്ശേരി ഗ്രാമത്തിന്റെ വികസനത്തിന് വഴികാട്ടിയായി മാറിയിരിക്കയാണ് 1992 ല്‍ രൂപീകൃതമായ കാരശ്ശേരി വനിതാ സഹകരണ സംഘം. 15,000 അംഗങ്ങളും 21 കോടി രൂപ നിക്ഷേപവുമുള്ള ഈ സംഘം 500 കുട്ടികള്‍ പഠിക്കുന്ന ഒരു സഹകരണ കോളേജും വിജയകരമായി നടത്തുന്നുണ്ട്.

ദരിദ്രരുടെ വീടുകളില്‍ച്ചെന്ന് അവരുടെ അകംനോവുകള്‍ അന്വേഷിച്ചറിഞ്ഞായിരുന്നു തുടക്കം. പാവങ്ങളെ ചേര്‍ത്തുപിടിച്ചും പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്ക് താങ്ങായി മാറിയും വനിതാ കൂട്ടായ്മ മുന്നോട്ട് നീങ്ങി. സ്വയം സഹായസംഘങ്ങള്‍ രൂപവല്‍ക്കരിച്ച് ന•യുടെ നാട്ടുവഴികള്‍ തുറന്ന് സ്ത്രീ സുരക്ഷാ പദ്ധതിക്ക് പുതിയ മാനം നല്‍കി. സാധാരണക്കാരുടെ ചെറു സമ്പാദ്യങ്ങള്‍ സമാഹരിച്ചും ദുരിതമനുഭവിക്കുന്നവര്‍ക്ക് ധനസഹായങ്ങള്‍ നല്‍കിയും സംഘം ഗ്രാമജീവിതത്തിന്റെ ഭാഗമായി. ദാരിദ്യനിര്‍മാര്‍ജനത്തിന് പ്രാദേശിക സര്‍ക്കാറിനും കുടുംബശ്രീക്കുമൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തിച്ചപ്പോള്‍ സഹകരണസംഘം നാടിന്റെ വികസനത്തിന് വഴികാട്ടിയായി. കൃഷിക്കും കൈത്തൊഴിലിനും ചെറു വ്യവസായങ്ങള്‍ക്കും ഊര്‍ജം പകര്‍ന്ന വനിതാസംഘം വിദ്യാഭ്യാസ രംഗത്ത് ചുവടുറപ്പിച്ചതോടെ സ്ത്രീകളുടെ സംഘശക്തി കോഴിക്കോടിന് കിഴക്ക് കാരശ്ശേരിക്ക് അഭിമാനമായി.

 

ഇരുവഴിഞ്ഞിപ്പുഴ അതിരിടുകയും ചെറുപുഴ രണ്ടായി മുറിക്കുകയും ചെയ്യുന്ന കാരശ്ശേരി കുടിയേറ്റ മേഖലയുടെ കവാടമാണ്. ലോക സഞ്ചാരിയായിരുന്ന കഥാകാരന്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ നാടന്‍പ്രേമ ‘ ത്തിന് പശ്ചാത്തലമൊരുക്കിയ മുക്കം കടവിന്റെ അവകാശം സ്ഥാപിച്ചെടുത്ത കാരശ്ശേരി, മലയാളികള്‍ക്ക് കലാമൂല്യമുള്ള സിനിമകള്‍ സമ്മാനിച്ച സലാം കാരശ്ശേരിയിലൂടെയും എഴുത്തുകാരനും സാംസ്്കാരിക പ്രവര്‍ത്തകനുമായ എം.എന്‍. കാരശ്ശേരിയിലൂടെയും പ്രശസ്തമായി. ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകവും തൊഴിലാളി മുന്നേറ്റത്തിന്റെ പാരമ്പര്യവുമുള്ള ഈ ഉള്‍നാടന്‍ ഗ്രാമത്തില്‍ സഹകരണ കൂട്ടായ്മകളും നന്നായി വേരുപിടിച്ചിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലും സാംസ്‌കാരിക നിലയങ്ങള്‍ തുറന്ന് എണ്‍പതുകളില്‍ ശ്രദ്ധേയമായ കാരശ്ശേരി പഞ്ചായത്ത് വികസനരംഗത്തും പുതിയ മാതൃകകള്‍ മുന്നോട്ടു വെച്ച പ്രദേശമാണ്.

സാമൂഹിക ഇടപെടലില്‍ തുടക്കം

1992 ലാണ് കാരശ്ശേരി പഞ്ചായത്ത് കേന്ദ്രീകരിച്ച് വനിതാ സഹകരണ സംഘം രൂപവല്‍ക്കരിച്ചത്. ദേശസാല്‍കൃത ബാങ്കുകളുടേയും സ്വകാര്യ വാണിജ്യ ബാങ്കുകളുടേയുമൊക്കെ ശാഖകള്‍ പ്രവര്‍ത്തിക്കുന്ന മുക്കം അങ്ങാടി കാരശ്ശേരിയില്‍ നിന്ന് ഏറെ ദൂരെയല്ലെങ്കിലും ഇത്തരം ബാങ്കുകളുടെ സേവനങ്ങള്‍ സാധാരണക്കാരില്‍ നിന്ന് ഏറെ അകലെയായിരുന്നു. സ്വകാര്യ പണമിടപാടുകാര്‍ പിടിമുറുക്കിയ പ്രദേശത്ത് സ്ത്രീകളില്‍ സമ്പാദ്യ ശീലം വളര്‍ത്താനും സ്വാശ്രയബോധവും സഹകരണ മനോഭാവവും ഊട്ടിയുറപ്പിക്കാനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി സാമൂഹിക സുരക്ഷിതതത്വം കൈവരിക്കാനുമായിരുന്നു സംഘം ലക്ഷ്യമിട്ടത്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേയും സ്ത്രീകളെ സംഘത്തിന്റെ കണ്ണികളാക്കി മാറ്റാനുള്ള ശ്രമമായിരുന്നു തുടക്കത്തില്‍. കുടുംബശ്രീ എ.ഡി.എസ്, സി. ഡി.എസ്. സംവിധാനങ്ങള്‍ വനിതാസംഘത്തിന് ശക്തമായ പിന്തുണ നല്‍കി. ചെറുകിട തൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിച്ചും കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കിയും രോഗികളെയും മറ്റും സഹായിച്ചും സാമൂഹിക പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയുമാണ് സംഘം നാട്ടില്‍ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയത്. ബാങ്കിങ് മേഖലയിലേക്ക് കടന്നതോടെയാണ് സംഘത്തിന്റെ ജനകീയ അടിത്തറ ശക്തമായി. 15,000 അംഗങ്ങളും 21 കോടി രൂപയുടെ നിക്ഷേപവും 18 കോടിരൂപ വായ്പയുമുള്ള സംഘമിപ്പോള്‍ ജില്ലയിലെ വനിതാ സംഘങ്ങളില്‍ മുന്‍നിരയിലാണ്. 2013 – 14ലും 2014-15 ലും പ്രവര്‍ത്തന മികവിന് ജില്ലാ സഹകരണബാങ്കിന്റെ അവാര്‍ഡ് കാരശ്ശേരി വനിതാസംഘത്തിനായിരുന്നു.


സ്ത്രീ സുരക്ഷാ വായ്പ

സ്ത്രീ സുരക്ഷാ വായ്പാ പദ്ധതി എന്ന പേരില്‍ സംഘം ആരംഭിച്ച വായ്പാ പദ്ധതി സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. സംഘത്തിന് കീഴില്‍ 10 മുതല്‍ 20 വരെ അംഗങ്ങളെ ഉള്‍പ്പെടുത്തി സ്വയം സഹായസംഘങ്ങള്‍ രൂപവല്‍ക്കരിച്ചായിരുന്നു പദ്ധതിയുടെ തുടക്കം. വിവിധ വാര്‍ഡുകളിലായി 68 സ്വയം സഹായ സംഘങ്ങള്‍ നിലവില്‍ വന്നതോടെ സമ്പാദ്യ-വായ്പാ സംവിധാനം ഫലപ്രദമായി. സ്വകാര്യ മൈക്രോഫിനാന്‍സ് ഏജന്‍സികളുടെ കടം വാങ്ങി കെണിയിലായവരെ രക്ഷിക്കാനായിരുന്നു സംഘത്തിന്റെ ആദ്യ നീക്കം. കൊള്ളപ്പലിശക്ക് വാങ്ങിയ തുക തിരിച്ചടച്ച് സ്ത്രീകളെ രക്ഷപ്പെടുത്താന്‍ ആദ്യ ഘട്ടത്തില്‍ വായ്പ നല്‍കി. പിന്നീട ്കുടുംബങ്ങളുടെ ചെറിയ ആവശ്യങ്ങള്‍ക്ക് കുറഞ്ഞ പലിശക്ക് വായ്പ നല്‍കിത്തുടങ്ങിയതോടെ പദ്ധതി ജനകീയമായി. വീടു നിര്‍മാണം, വീടു നന്നാക്കല്‍, കിണര്‍ നിര്‍മാണം, വീട്ടുപകരണങ്ങള്‍ വാങ്ങല്‍, വിവാഹച്ചെലവുകള്‍ തുടങ്ങിയവക്ക് സ്വയം സഹായസംഘത്തിലെ അംഗങ്ങള്‍ വായ്പത്തുകകള്‍ വിനിയോഗിക്കാന്‍ തുടങ്ങിയത് നല്ല ഫലമുണ്ടാക്കി. നാലു കോടിയലധികം രൂപയാണ് ഈ പദ്ധതിയില്‍ സംഘം വായ്പ നല്‍കിയത്. ലഘു നിക്ഷേപങ്ങള്‍ സമാഹരിക്കാനും വായ്പത്തുകകള്‍ ചെറിയ ഗഡുക്കളായി അടയ്ക്കാനും സ്വയം സഹായസംഘങ്ങള്‍ക്ക് നല്‍കിയ പ്രത്യേക പരിഗണന വായ്പാ കുടിശ്ശിക തീരെയില്ലാതെ പദ്ധതി മുന്നോട്ടു കൊണ്ടുപോവാന്‍ സഹായകമായി. പഞ്ചായത്തിലെ ഭൂരിപക്ഷം വീടുകളേയും സംഘത്തിന്റെ ഇടപാടുകാരായി മാറ്റാന്‍ കഴിഞ്ഞു എന്നതും സ്ത്രീ സുരക്ഷാ വായ്പാ പദ്ധതിയുടെ നേട്ടമാണ്.

വിദ്യാഭ്യാസ രംഗത്ത്

ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ പെരുകുകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രയാസപ്പെടുകയും ചെയ്യുമ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ സഹകരണസ്ഥാപനങ്ങളുടെ പ്രസക്തി തിരിച്ചറിയാനും വെല്ലുവിളി ഏറ്റെടുക്കാനും കാരശ്ശേരി വനിതാ സംഘത്തിന് കഴിഞ്ഞു. ഹയര്‍ സെക്കണ്ടറിയും ഡിഗ്രി കോഴ്‌സുകളുമുള്ള കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് 2008 ലാണ് ആരംഭിച്ചത്. ഉന്നത വിദ്യാഭ്യാസം വിദൂര സ്വപ്നമാവുന്ന പാവപ്പെട്ടവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരാതെ ഇഷ്ടപ്പെട്ട കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് പഠിക്കാന്‍ അവസരമൊരുക്കുക എന്നതാണ് സഹകരണ കോളേജിന്റെ ലക്ഷ്യം. അഞ്ഞൂറോളം കുട്ടികളും 27 അധ്യാപകരുമുള്ള സഹകരണ കോളേജ് സാമ്പത്തിക ബാധ്യതയില്ലാതെ മുന്നാട്ടു കൊണ്ടുപോവാന്‍ സംഘത്തിന് കഴിയുന്നുണ്ട്. വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം പുതിയ തലമുറയെ ശരിയായ വഴിയിലൂടെ നയിക്കാന്‍ പാഠ്യേതര വിഷയങ്ങള്‍ പ്രത്യേകം ക്രമപ്പെടുത്തിയാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. വിവര സാങ്കേതികരംഗത്തെ വളര്‍ച്ചക്കൊപ്പം മുന്നേറാന്‍ പുതു തലമുറയെ സജ്ജമാക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘം ആരംഭിച്ച കമ്പ്യൂട്ടര്‍ സെന്റര്‍ സി.ഡിറ്റിന്റെ അംഗീകാരമുള്ള നിരവധി കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണ് സംഘമിപ്പോള്‍.

വിദ്യാര്‍ഥികളില്‍ വായനശീലം വളര്‍ത്തുന്നതിന് സംഘത്തിന്റെ പ്രവര്‍ത്തനപരിധിയിലുള്ള എല്ലാ സ്്കൂളുകളിലും പത്രങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി വര്‍ഷങ്ങളായി നടപ്പാക്കുന്നുണ്ട്. സംഘത്തിന്റെ ഡയരക്ടറായിരിക്കെ മരിച്ച എം. ജൂലിയുടെ സ്മരണക്കായി സംഘം വിദ്യാഭ്യാസ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


പഞ്ചായത്തുമായി സഹകരണം

വികേന്ദ്രീകൃതാസൂത്രണ പദ്ധതിയില്‍ മാതൃകാപരമായ പ്രോജക്ടുകള്‍ നടപ്പാക്കി ശ്രദ്ധ നേടിയ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ നൂതന സംരംഭകര്‍ക്ക് ആശ്രയമാണ് വനിതാസംഘം. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച് നിര്‍വ്വഹണ ഘട്ടത്തിലേക്ക ്‌നീങ്ങുമ്പോള്‍ വായ്പാബന്ധിത പ്രോജക്ടുകളുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് പണം കിട്ടാന്‍ ബാങ്കുകളുടെ കനിവ് തേടി അലയേണ്ടി വരുന്നില്ല. പഞ്ചായത്തും കടുംബശ്രീയും വനിതാ സംഘവും നയിക്കുന്നവര്‍ ഒന്നിച്ചിരുന്ന ്ആലോചിച്ച് നടപ്പാക്കുന്ന പ്രോജക്ടുകള്‍ വിജയിപ്പിക്കാനും സ്ഥാപനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നു. കുടിവെള്ളം കുപ്പിയിലാക്കി വിതരണം ചെയ്ത് സ്വകാര്യ സ്ഥാപനങ്ങള്‍ ലക്ഷങ്ങള്‍ നേടുമ്പോള്‍ ഈ രംഗത്തേക്ക് കുടുംബശ്രീയുടെ പിന്തുണയോടെ വനിതാ സംരംഭകരെ കൊണ്ടുവരാനുള്ള കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കിയത് വനിതാ ബാങ്കാണ്.

തീര്‍ഥം എന്ന പേരില്‍ കുപ്പിവെള്ളം വിപണിയിലെത്തിച്ചപ്പോള്‍ നല്ല സ്വീകരണമാണ് ലഭിച്ചത്. സ്ത്രീകളുടെ മറ്റൊരു സംരംഭമായ ഇരുവഴിഞ്ഞി സോപ്പ് യൂണിറ്റിനും വായ്പ നല്‍കിയത് വനിതാ സംഘമാണ്. നിത്യോപയോഗ സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് വീടുകളിലെത്തിച്ച് നല്‍കുന്ന മൊബൈല്‍ സൂപ്പര്‍മാര്‍ക്കറ്റ് പദ്ധതിക്ക് നാലു ലക്ഷം രൂപയാണ് സംഘം നല്‍കിയത്. ഗ്രാമപ്പഞ്ചായത്തിലെ 250 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പ നല്‍കുന്ന സംഘം സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് നേതൃത്വം നല്‍കുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ നല്‍കുന്ന സബ്‌സിഡി അയല്‍ക്കൂട്ടങ്ങള്‍ക്ക് നേടിക്കൊടുക്കുന്നതില്‍ വനിതാസംഘം പ്രധാന പങ്ക് വഹിക്കുന്നു. ജൈവ പച്ചക്കറിക്കൃഷിക്ക് വിത്തും വളവും ലഭ്യമാക്കി കുടുംബശ്രീ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനുവേണ്ടി ഗ്രൂപ്പുകള്‍ രൂപവല്‍ക്കരിക്കാന്‍ സംഘം മുന്നിട്ടിറങ്ങി.

കാരശ്ശേരി വനിതാസംഘം ഭരണസമിതി

സ്ത്രീകള്‍ക്ക ്‌സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്നതിന് സി.ഡി.എസ്സുമായി സഹകരിച്ച് ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍, ചെറുകിട വ്യവസായ യൂണിറ്റുകള്‍ എന്നിവക്ക് സബ്‌സിഡി പദ്ധതി പ്രകാരം വായ്പകള്‍ നല്‍കുന്നുണ്ട്. സര്‍ക്കാറില്‍ നിന്നു ലഭിക്കുന്ന ഗ്രാന്റ് പ്രയോജനപ്പെടുത്തി പശുവളര്‍ത്തല്‍, ആട് വളര്‍ത്തല്‍ പദ്ധതികളും നടപ്പാക്കുന്നു. എല്ലാ മേഖലകളിലും വ്യാപാരികള്‍ക്ക് കച്ചവടം മെച്ചപ്പെടുത്തുന്നതിന് പരസ്പര ജാമ്യത്തില്‍ അനുവദിക്കുന്ന വ്യാപാര വായ്പ ബ്ലേഡ് പലിശയില്‍ നിന്ന് രക്ഷപ്പെടാന്‍ കച്ചവടക്കാര്‍രെ സഹായിക്കുന്നു. ഒരു ലക്ഷം രൂപ വരെയുള്ള ഉപഭോക്തൃ വായ്പകളും ഉപയോഗപ്പെടുത്തുന്നവര്‍ നിരവധിയാണ്. വര്‍ഷത്തില്‍ രണ്ടു തവണ ഗൃഹോപകരണ വായ്പാമേള നടത്താറുണ്ട്. ഓണം , ബക്രീദ് ആഘോഷവേളകളില്‍ പലിശരഹിത വായ്പാമേളകളിലൂടെ വനിതകള്‍ക്ക് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ്, ടൂ വീലര്‍, ഫര്‍ണിച്ചര്‍ , മൊബെല്‍ഫോണ്‍ എന്നിവ ലഭ്യമാക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് ആലില പദ്ധതിയും ഹരിതം സഹകരണം പദ്ധതിയും മാതൃകാപരമായി നടപ്പാക്കാന്‍ വനിതാസംഘത്തിനു കഴിഞ്ഞു.

കാരശ്ശേരി വനിതാസംഘം പ്രസിഡന്റ് ടി.പി. പ്രസന്ന കുമാരി

സംസ്ഥാന പാതയില്‍ നോര്‍ത്ത് കാരശ്ശേരിയില്‍ സ്വന്തം കെട്ടിടത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിച്ച സംഘം ഇടപാടുകാര്‍ക്ക് ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. സംഘത്തിന്റെ ആദ്യ ശാഖ കഴിഞ്ഞ മാര്‍ച്ച് ഒന്നിന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കാരമൂലയില്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. സംഘത്തിന്റെ കീഴിലുള്ള നീതിസ്റ്റോര്‍ മുരിങ്ങം പുറായിലാണ് പ്രവര്‍ത്തിക്കുന്നത്. 10 ജീവനക്കാരും ഒമ്പത് കലക്ഷന്‍ ഏജന്റുമാരുമാണ് സംഘത്തില്‍ ജോലി ചെയ്യുന്നത് . കേരള സഹകരണ റിസ്‌ക്്ഫണ്ട് പദ്ധതിയിലും എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയിലും സംഘം അംഗമായിട്ടുണ്ട്.

കാരശ്ശേരി വനിതാസംഘം സെക്രട്ടറി എ. സലീന

സംഘത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്ന ഭരണ സമിതിയാണ് സ്ഥാപനത്തിന്റെ വലിയ മുതല്‍ക്കൂട്ട് . നിക്ഷേപ സമാഹരണത്തിനും കുടിശ്ശികപ്പിരിവിനും പദ്ധതികള്‍ നടപ്പാക്കാനും മുഴുവന്‍ ഡയരക്ടര്‍മാരും രംഗത്തിറങ്ങുന്നു. അതോടെ ജീവനക്കാരും ആത്മാര്‍ത്ഥതയോടെ ഒപ്പം നില്‍ക്കുന്നു. ടി.പി. പ്രസന്നകുമാരിയാണ് സംഘത്തിന്റെ പ്രസിഡന്റ്. പി.കെ.ജിഷ വൈസ് പ്രസിഡന്റും. ജാന്‍സി തോമസ്, കെ.കെ. രമണി, സി. കുഞ്ഞാമിന, എ.കെ. ഷേര്‍ളി, ആരിഫ സത്താര്‍ , പി. ലിന്‍ഷ, എം. സുലോചന, ജിജിത സുരേഷ്, കെ. സുനില എന്നിവര്‍ ഡയരക്ടര്‍മാരാണ്. എ. സലീനയാണ് സംഘം സെക്രട്ടറി.

Leave a Reply

Your email address will not be published.