സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ: കോവിഡ് 19- പെൻഷൻ വീടുകളിൽ നൽകുന്ന കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്.

adminmoonam

2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ ഈ മാസം വെള്ളിയാഴ്ച മുതൽ വിതരണം ആരംഭിക്കും. ഇതിനുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങി. സാമൂഹ്യ സുരക്ഷാ പെൻഷനായി 1069 കോടിരൂപയും വെൽഫെയർ ബോർഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുക. മസ്റ്റെർ ചെയ്ത എല്ലാവർക്കും ഈ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ഈ പ്രതിസന്ധി ഘട്ടത്തിൽ നമുക്കു താങ്ങായത് സഹകരണ മേഖലയാണ്. സമ്പദ് വ്യവസ്ഥ മുഴുവൻ ലോക്ക് ഔട്ട് ആയി സാധാരണ ജനങ്ങൾ മുഴുവൻ വീടിനുള്ളിൽ കഴിയാൻ നിർബന്ധിക്കപ്പെടുന്ന അടിയന്തര സാഹചര്യം നേരിടാൻ കേന്ദ്രം മടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് കേരള സർക്കാർ അടിയന്തരമായി തീരുമാനമെടുത്തത്. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ പ്രഖ്യാപനവും രാജ്യത്ത് നിരാശയാണ് പടർത്തിയിരിക്കുന്നത്. സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനമല്ലാതെ മറ്റൊന്നും അതിലില്ല.
കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് സംസ്ഥാനങ്ങൾ. നികുതി വരവ് വൻതോതിൽ ഇടിയുന്ന സാഹചര്യത്തിലും ഇതുപോലുള്ള സാമാശ്വാസ ഇടപെടലുകൾക്ക് കേരള സർക്കാർ മടിച്ചു നിൽക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. വീട്ടിലുള്ളിൽ ലോക്ക് ഡൌൺ ചെയ്യപ്പെട്ട സാധാരണ മനുഷ്യരുടെ കൈവശം പണം എത്തിയേ തീരൂ. കൂലിപ്പണിക്കാരുടെയും ദിവസവേതനക്കാരുടെയും കുടുംബങ്ങളിൽ അത്യാവശ്യത്തിന് ഭക്ഷണമെങ്കിലും വാങ്ങാനുള്ള പണം ലഭിച്ചിരിക്കുമെന്ന് സർക്കാർ ഉറപ്പു വരുത്തും. ബാക്കിയുള്ള പെൻഷൻ തുകയും കുടിശികയില്ലാതെ വിഷുവിനു മുമ്പ് വിതരണം ചെയ്യും. കൂടാതെ പിന്നീട് മസ്റ്ററിങ് പൂർത്തിയാക്കിയവർക്ക് നൽകാനുള്ള കുടിശ്ശികയും അതോടൊപ്പം വിതരണം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

അതിനിടെ സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിൽ എത്തിക്കുന്നത് പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാരാണ്. സാമൂഹ്യപ്രതിബദ്ധത ഏറ്റെടുത്തുകൊണ്ട് സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ച് വരുന്നവരാണ് സഹകരണ ജീവനക്കാർ. എന്നാൽ മാർച്ച് 31നു മുമ്പ് പെൻഷൻ കൊടുക്കണം എന്ന് സർക്കാർ പറയുമ്പോൾ ജീവനക്കാർ വളരെ മാനസിക സംഘർഷത്തിൽ ആണെന്ന് ജീവനക്കാരുടെ സംഘടനയായ കേരള കോ. ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് പറയുന്നു. കോവിഡ് 19നെ പ്രതിരോധിക്കാൻ എല്ലാത്തരത്തിലും സർക്കാർ മുൻകൈ എടുക്കുമ്പോൾ സഹകരണ ജീവനക്കാർ നൂറുകണക്കിന് വീടുകളിൽ കയറിയിറങ്ങി പെൻഷൻ വിതരണം ചെയ്യുന്നത് ആശങ്കാജനകമാണെന്ന് സംഘടന വിലയിരുത്തുന്നു. ജനങ്ങൾ പുറത്തിറങ്ങാൻ പോലും മടിക്കുന്ന ഈ സമയത്ത് വീടുകളിൽ ചെല്ലുന്നതിനു പോലും വീട്ടുകാർക്ക് താൽപര്യമില്ല. ജനങ്ങൾ സംശയത്തോടെ വീക്ഷിക്കും. ഇത്തരം കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ ഉണ്ടായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ജോഷ്വാ മാത്യുവും ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങാപള്ളിയും സർക്കാറിനോടാവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News