സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി : ഗുജറാത്ത് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

[mbzauthor]

2011 ലെ 97 -ാം ഭരണഘടനാ ഭേദഗതിയില്‍ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതു ബി. യില്‍ ഉള്‍പ്പെടുത്തിയിരുന്ന വ്യവസ്ഥകള്‍ തള്ളിക്കൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതിവിധി സുപ്രീം കോടതി ചൊവ്വാഴ്ച ശരിവെച്ചു. ജസ്റ്റിസുമാരായ റോഹിന്‍ടന്‍ നരിമാന്‍, കെ.എം. ജോസഫ്, ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് ഗുജറാത്ത് ഹൈക്കോടതി വിധി ശരിവെച്ചത്.

ഒമ്പതു ബി. യില്‍ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ഭാഗം മാത്രമാണു ജസ്റ്റിസുമാരായ നരിമാനും ബി.ആര്‍. ഗവായിയും തള്ളിയത്. എന്നാല്‍, ഇതിനോട് ജസ്റ്റിസ് കെ.എം. ജോസഫ് വിയോജിച്ചു. ഭരണഘടനാ ഭേദഗതിമുഴുവനായിത്തന്നെ അദ്ദേഹം തള്ളി.

സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, അഭിഭാഷകരായ മസൂം കെ. ഷാ, പ്രകാശ് ജെയിന്‍, റിതിക ഷാ എന്നിവരുടെ വാദം പൂര്‍ത്തിയായ ശേഷം കഴിഞ്ഞാഴ്ചയാണു സുപ്രീം കോടതി കേസ് വിധി പറയാന്‍ മാറ്റിവെച്ചത്.

ഭരണഘടനയുടെ 368 ( 2 ) വകുപ്പനുസരിച്ച് രാജ്യത്തെ നിയമസഭകളില്‍ പകുതിയെണ്ണത്തിന്റെ അംഗീകാരമുണ്ടെങ്കിലേ ഭരണഘടനാ ഭേദഗതി പാസാക്കാനാവൂ എന്നു ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ഹൈക്കോടതി ഭരണഘടനാ ഭേദഗതി റദ്ദാക്കിയത്. സംസ്ഥാന വിഷയത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിക്കൊണ്ടുള്ള ഭേദഗതിക്കു പകുതി നിയമസഭകളുടെ അംഗീകാരം വേണം എന്നാണു 368 ( 2 ) വകുപ്പില്‍ പറയുന്നത്.

സംസ്ഥാന വിഷയമായ സഹകരണ സംഘങ്ങളെ കേന്ദ്ര ലിസ്റ്റിലോ കണ്‍കറന്റ് ലിസ്റ്റിലോ കൊണ്ടുവരാനുള്ള വളഞ്ഞ വഴിയാണ് കേന്ദ്രത്തിന്റെത്.  ഏതെങ്കിലും വിഷയം സംസ്ഥാന ലിസ്റ്റില്‍ നിന്നു മാറ്റണമെങ്കില്‍ അതിനു ഭൂരിപക്ഷം സംസ്ഥാനങ്ങളുടെ അംഗീകാരം നേടണം. നേരായ വഴിക്കു ചെയ്യാന്‍ അനുവാദമില്ലാത്ത ഒരു കാര്യം വളഞ്ഞ വഴിയിലൂടെ ഒരു ഭരണഘടനാ സ്ഥാപനം ചെയ്യരുത് – ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടാം ലിസ്റ്റിലാണു സഹകരണ സംഘങ്ങള്‍ വരുന്നത് എന്നാണു ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. വ്യാപകമായ ഭരണഘടനാ ഭേദഗതികള്‍ നിയമസഭകളുടെ അവകാശങ്ങളിലേക്കു പാര്‍ലമെന്റ് കടന്നുകയറുന്ന പ്രതീതിയാണുണ്ടാക്കുന്നത് – ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അന്നത്തെ ഗുജറാത്ത് ചീഫ് ജസ്റ്റിസ് ഭാസ്‌കര്‍ ഭട്ടാചാര്യ, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല എന്നിവരാണു ഭരണഘടനാ ഭേദഗതി റദ്ദാക്കിക്കൊണ്ട് വിധി പറഞ്ഞത്.ഗുജറാത്ത് ഹൈക്കോടതി 2013 ൽ പ്രഖ്യാപിച്ച വിധിക്കെതിരെയാണ് കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചത്.

[mbzshare]

Leave a Reply

Your email address will not be published.