സഹകരണ സംഘം ജീവനക്കാര്‍ക്ക് ജെ.ഡി.സി.ക്ക് ചേരാന്‍ മുന്‍കൂര്‍ അവധി
ജൂനിയര്‍ ഡിപ്ലോമ കോഴ്സിന് (ജെ.ഡി.സി.) ചേരുന്നതിന് സഹകരണ സംഘം ജീവനക്കാര്‍ക്ക് മുന്‍കൂര്‍ അര്‍ധവേതനാവധി (ലീവ് നോട്ട്) ഡ്യൂ അനുവദിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരള സഹകരണ നിയമം 83 (2) പ്രകാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്.
[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/04/22814_1617947052816.pdf”]
സൊസൈറ്റിയുടെ അറ്റന്‍ഡര്‍ തസ്തികയിലുള്ള സി. ബീനയ്ക്ക് ജെ.ഡി.സിക്ക് ചേരാന്‍ 56 ദിവസത്തെ ഏണ്‍ഡ് ലീവ്, 40 ദിവസത്തെ ഹാഫ് പേ ലീവ്, 90 ദിവസത്തെ ലീവ് നോട്ട് ഡ്യൂ. 120 ദിവസത്തെ ലീവ് വിത്തൗട്ട് അലവന്‍സ് എന്നിവ അനുവദിച്ചിരുന്നു. എന്നാല്‍, ലീവ് നോട്ട് ഡ്യൂ അനുവദിച്ചതിനെതിരേ ഓഡിറ്റര്‍ തടസ്സവാദം ഉന്നയിച്ചു. ഇതിനെ സഹകരണസംഘം രജിസ്ട്രാര്‍ ശരിവെക്കുകയും ചെയ്തു. ഇതിനെതിരേ സംഘം നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് രജിസ്ട്രാറുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടും സംഘത്തിന്റ നടപടി ശരിവെച്ചുകൊണ്ടും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉദ്യോഗസ്ഥന്‍ ഭാവിയില്‍ ആര്‍ജിക്കുമ്പോള്‍ അതില്‍നിന്നു തട്ടിക്കിഴിച്ചുകൊള്ളാം എന്ന വ്യവസ്ഥയില്‍ മുന്‍കൂറായി അനുവദിക്കുന്ന അര്‍ധവേതനാവധിയാണിത്. കേരളത്തിലെ സഹകരണസംഘങ്ങളില്‍ ടൈപ്പിസ്റ്റ്, അറ്റന്‍ഡര്‍, പ്യൂണ്‍ തുടങ്ങിയ താഴ്ന്ന തസ്തികകളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ഏറെ സഹായമാകുന്നതാണ് ഈ ഉത്തരവ്.