സഹകരണ വാരാഘോഷ സമാപനം: കോഴിക്കോട്ട് സ്വാഗതസംഘമായി
ഈ വര്‍ഷത്തെ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല പരിപാടികളുടെ സമാപനം നവംബര്‍ 20നു കോഴിക്കോട്ടു നടക്കും. പരിപാടികള്‍ക്കു തുടക്കം കുറിക്കുന്നതു നവംബര്‍ 14 നു തിരുവനന്തപുരത്താണ്. സമാപന പരിപാടികളുടെ വിജയത്തിനായി കോഴിക്കോട്ടു വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. സ്വാഗതസംഘം ജനറല്‍ കമ്മിറ്റി ചെയര്‍മാനായി കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബിനെയും കണ്‍വീനറായി സഹകരണ സംഘം ജോ. രജിസ്റ്റാര്‍ ടി. ജയരാജനെയും തിരഞ്ഞെടുത്തു.
കോഴിക്കോട്ടെ കേരള ബാങ്ക് റീജ്യണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ചെയര്‍മാന്‍ പാലേരി രമേശന്‍, ദിനേശ് ബീഡി സഹകരണ സംഘം ചെയര്‍മാന്‍ ദിനേശ്ബാബു, കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.പി. ശ്രീധരന്‍, കൊയിലാണ്ടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഒള്ളൂര്‍ ദാസന്‍, കോഴിക്കോട് ജില്ലാ പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സി. പ്രശാന്ത്കുമാര്‍, കേരള ബാങ്ക് കോഴിക്കോട് റീജ്യണല്‍ ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ് എന്നിവര്‍ സംസാരിച്ചു.