സഹകരണ വാരാഘോഷത്തിന് സമിതി; തെറ്റായ പ്രവണത തടയാനാവണം ചര്‍ച്ചയെന്ന് മന്ത്രി

Deepthi Vipin lal

ഇത്തവണത്തെ സഹകരണ വാരാഘോഷം വിപുലമായി നടത്താന്‍ സഹകരണ വകുപ്പ് സംഘാടകസമിതി രൂപവത്കരിച്ചു. സഹകരണ മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയിലാണ് സംഘാടകസമിതി രൂപവത്കരണ യോഗം ചേര്‍ന്നത്.

സഹകരണ മേഖലയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ ജാഗ്രത പാലിച്ച് വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. സഹകരണ വാരാഘോഷത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നു വരണം. സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കാവശ്യമായ വിപുലവും വിശാലവുമായ ചര്‍ച്ചകള്‍ വാരോഘോഷത്തില്‍ സജീവമായുണ്ടാകണം. ഇതിനായി സഹകാരികള്‍ ഒറ്റക്കെട്ടായി നീങ്ങണം. ഈ മേഖലയില്‍ സ്വാഭാവികമായും കാലാനുസൃത മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിതമായിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് രൂപം കൊണ്ട നിയമങ്ങളും ചട്ടങ്ങളും ഇന്ന് അപര്യാപ്തമാണ്. നിയമത്തില്‍ മാറ്റം വരുത്തി കാലോചിതമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും. ഇതിനായി സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സഹകരണ നിയമം കുറ്റമറ്റതാക്കി പരിഷ്‌കരിക്കും. ഈ മേഖലയിലെ ചര്‍ച്ചകള്‍ നമ്മുടെ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഊടും പാവും നെയ്യാന്‍ പര്യാപ്തമാകണം – മന്ത്രി പറഞ്ഞു.

സഹകരണ മന്ത്രി വി.എന്‍. വാസവന്‍ മുഖ്യരക്ഷാധികാരിയും സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ ചെയര്‍മാനുമായ 110 അംഗ സ്വാഗത സംഘമാണ് വാരാഘോഷത്തിനായി രൂപവത്കരിച്ചത്. ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, എം.പി.മാര്‍, മേയര്‍, സിറ്റി പൊലീസ് കമ്മിഷണര്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവര്‍ രക്ഷാധികാരികളാണ്.
നവംബര്‍ 14 മുതല്‍ 20 വരെയാണ് സഹകരണ വാരാഘോഷം. സംസ്ഥാനതലത്തില്‍ വിവിധ പരിപാടികളോടെ വിപുലമായാണ് ഇത്തവണ വാരാഘോഷം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്താണ് ഉദ്ഘാടനം. സമാപനം കോഴിക്കോട്ട്.

സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, സഹകരണ രജിസ്ട്രാര്‍ പി.ബി. നൂഹ്, സോളമന്‍ അലക്സ്, കരകുളം കൃഷ്ണപിള്ള, കെ. രാജഗോപാല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. അഡീഷണല്‍ രജിസ്ട്രാര്‍ അനിത ടി. ബാലന്‍ സ്വാഗതവും സഹകരണ യൂണിയന്‍ ഡി.ജി.എം. എം.ബി. അജിത് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News