സഹകരണ വകുപ്പ് സെക്രട്ടറിക്ക് ലാഡര്‍ ചെയര്‍മാന്റെ കത്ത്
ഏഴു വര്‍ഷത്തിനുള്ളില്‍ 70,000 പേര്‍ക്ക് 4,90,000 തൊഴില്‍ദിനങ്ങള്‍ നല്‍കുകയും മികച്ച ഒട്ടേറെ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുകയും ഓരോ പ്രോജക്ടിനും വേണ്ടി നികുതി – ഫീസ് ഇനങ്ങളിലായി 24.29 കോടി രൂപ ഖജനാവിലേക്ക് ഒടുക്കുകയും ചെയ്തിട്ടുള്ള ലാഡര്‍ എന്ന സഹകരണ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം
‘ മൂന്നാംവഴി ‘ പ്രസിദ്ധീകരിക്കുന്നു.
മാഡം,
എന്റെ പേര് സി.എന്‍. വിജയകൃഷ്ണന്‍. കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( ലാഡര്‍ ) ചെയര്‍മാന്‍. സഹകരണ വകുപ്പിന്റെ പരമോന്നത പദവിയിലിരിക്കുന്ന ഐ.എ.എസ.് ഉദ്യോഗസ്ഥയും കേരള സഹകരണ ബാങ്കിനെ നിയന്ത്രിക്കുന്ന വ്യക്തിയുമായ താങ്കളോട് ലാഡര്‍ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ബോധിപ്പിക്കുന്നതിനാണ് ഈ കത്ത്.
1990 കളുടെ ആദ്യം സഹകരണ രംഗത്ത് വന്നയാളാണ് ഞാന്‍. ആര്‍.ബി.ഐ. ലൈസന്‍സ് നേടിയ ഫറോക്ക് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലൂടെ പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് സഹകരണ മേഖല എന്റെ ജീവിതമായത്. കരുവന്തുരുത്തി സര്‍വീസ് സഹകരണ ബാങ്ക്, 2017 ല്‍ മികച്ച സഹകരണ സ്ഥാപനത്തിന്നുള്ള എന്‍.സി.ഡി.സി. യുടെ ദേശീയ അവാര്‍ഡ് നേടിയ കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക്, അതിനു കീഴിലുള്ള എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയ്ക്കും ലാഡറിനും നേതൃത്വം നല്‍കാനും എനിക്കു സാധിച്ചു.
നാലു വര്‍ഷമായിട്ടും തീരുമാനമാകാത്ത ഫയല്‍
സഹകരണ സംഘം രജിസ്ട്രാറുടെ അനുമതിയോടെ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നു രണ്ടു തവണയായി 60 കോടി രൂപയുടെ കാഷ് ക്രെഡിറ്റ് വായ്പ 2013 ലും 2015 ലുമായി ലാഡറിന് അനുവദിച്ചിരുന്നു. 2016 ല്‍ ലാഡര്‍ ഭരണസമിതിയുടെ അപേക്ഷയെത്തുടര്‍ന്ന്് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഈ വായ്പ 100 കോടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള അനുവാദത്തിനായി സഹകരണ സംഘം രജിസ്ട്രാറോട് അപേക്ഷിക്കാനും തീരുമാനിച്ചു. പക്ഷേ, ഈ ഫയല്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും തീരുമാനമാവാത്തതിനെത്തുടര്‍ന്ന് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് 2019 ല്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. ഫയല്‍ പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഫയല്‍ പരിഗണിക്കുകയും തീരുമാനം കൈക്കൊള്ളുകയും ചെയ്തു. എന്നാല്‍, ഈ തീരുമാനം അപ്രായോഗികമായതിനാല്‍ കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് സഹകരണ വകുപ്പ് സെക്രട്ടറി മുന്‍പാകെ അപ്പീല്‍ ഹര്‍ജി ഫയല്‍ ചെയ്തു. അപ്പീലില്‍ വാദം കേട്ട ശേഷം ( ഇീീുഇ3/19/2020ഇീീു നമ്പര്‍ ഫയല്‍ ) മൂന്നു ചോദ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. അപ്പീല്‍ പെറ്റീഷനു മുകളില്‍ ഇപ്രകാരം ചെയ്യുന്നത് അപൂര്‍വമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍, അങ്ങയുടെ തീരുമാനത്തെ സര്‍വാത്മനാ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ ഉത്തരവ് അനുവദിക്കാനോ അനുവദിക്കാതിരിക്കാനോ ഉള്ള അങ്ങയുടെ അധികാരത്തെ സ്വാധീനിക്കാന്‍ വേണ്ടിയല്ല , ഒരു എളിയ സഹകാരി എന്ന നിലയിലാണ് ഈ കത്ത് അയക്കുന്നത്.
നിയമപരമായി അപേക്ഷ സമര്‍പ്പിക്കാനുള്ള കടമ ഞങ്ങളുടെയും അത് പരിശോധിച്ച് ശരിയാണോ എന്നു നോക്കി അനുവദിക്കേണ്ട കടമ ഉദ്യോഗസ്ഥരുടെയുമാണെന്ന് വിശ്വസിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍. 2012 ഒക്ടോബര്‍ 18 ന് രജിസ്റ്റര്‍ ചെയ്യുകയും അതേ മാസം 24 ന് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്ത ലാഡര്‍ സംസ്ഥാനം മുഴുവന്‍ പ്രവര്‍ത്തന പരിധിയുള്ള സഹകരണ സംഘമാണ്. കാര്‍ഷിക യോഗ്യമല്ലാത്ത ഭൂമിയില്‍ കെട്ടിടങ്ങള്‍ കെട്ടാനും ഫ്‌ളാറ്റ്, ബില്‍ഡിങ്ങുകള്‍, ടൌണ്‍ഷിപ്പുകള്‍, പി.ഡബ്ല്യു.ഡി. വര്‍ക്കുകള്‍ മുതലായവ ഏറ്റെടുത്ത് നടത്താനും വികസനത്തിനാവശ്യമായ ജോലികള്‍ ചെയ്യാനും ബൈലോ പ്രകാരം ലാഡറിന് സാധിക്കും. കേരളപ്പിറവിക്ക് ശേഷം രൂപം കൊണ്ട സംഘങ്ങളില്‍ നിന്നു വ്യത്യസ്തമായി ടൂറിസം, നിര്‍മാണം, വിനോദം എന്നീ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്ന ഏക സഹകരണ സംഘമാണ് ലാഡര്‍. ഇതുപോലുള്ള സഹകരണ സംഘങ്ങള്‍ക്ക് വ്യത്യസ്തമായ ഓഡിറ്റും വ്യത്യസ്തമായ കാഴ്ച്ചപ്പാടുമാണ് സഹകരണ വകുപ്പില്‍ നിന്നുണ്ടാവേണ്ടത് എന്നതാണ് എന്റെ കാഴ്ച്ചപ്പാട്.
ലാഡറിന്റെ പ്രോജക്ടുകള്‍
ഫ്‌ളാറ്റ് വില്‍പ്പനയാണ് ലാഡറിന്റെ വരുമാന മാര്‍ഗം. ആദ്യ പ്രോജക്റ്റായ കോഴിക്കോട് ‘ മാങ്കാവ് ഗ്രീന്‍സ് ‘ എന്ന ഫ്‌ളാറ്റ് സമുച്ചയം പണി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇവിടത്തെ അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റു തീരാറായിരിക്കുന്നു. ഒറ്റപ്പാലത്ത് ‘ തറവാട് ‘ എന്ന പേരിലുള്ള ഫ്‌ളാറ്റ് സമുച്ചയം മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കി വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു. ആകെയുള്ള 81 എണ്ണത്തില്‍ പത്തെണ്ണം വിറ്റുപോയി. തിരുവനന്തപുരത്ത് പാങ്ങപ്പാറയില്‍ നാഷണല്‍ ഹൈവെയോടു ചേര്‍ന്ന് ‘ ക്യാപിറ്റല്‍ ഹില്‍ ‘ എന്ന പേരില്‍ 223 അപ്പാര്‍ട്ട്‌മെന്റുകളുടെ പണി പുരോഗമിക്കുകയാണ്. ഇതില്‍ ഏഴുനില പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ ഫ്‌ളാറ്റ് പ്രോജക്റ്റിന്റെ ആദ്യ വില്‍പ്പനക്ക് സഹകരണ മന്ത്രിയുടെ തീയതി വാങ്ങിയ സമയത്താണ് കോവിഡ് – 19 വന്നത്. അതിനാല്‍, വില്‍പ്പന ചിങ്ങത്തിലേക്ക് മാറ്റി വച്ചിരിക്കുകയാണ്.
മഞ്ചേരിയില്‍ ലാഡര്‍ തുടങ്ങിയ ‘ ഇന്ത്യന്‍ മാള്‍ ‘ ഒരുപക്ഷേ, ഇന്ത്യയിലെ ആദ്യത്തെ സഹകരണ മാളായിരിക്കും. ഒട്ടേറെ ബ്രാന്‍ഡഡ് ഷോപ്പുകള്‍ക്ക് പുറമേ തിയേറ്ററുകളും ഗെയിം സോണ്‍ ഉള്‍പ്പെടെയുള്ളവയും പൂര്‍ത്തിയായിക്കഴിഞ്ഞു. അതില്‍ നിന്നു വരുമാനവും വന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ രണ്ടു മാസമായി വരുമാനം ലഭിക്കുന്നില്ല. മാളില്‍ നിന്നു ഏകദേശം 60 ലക്ഷം രൂപയുടെ വരുമാനം ലഭിക്കുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്തായി പണി പൂര്‍ത്തിയാക്കിയ 56 റൂമുകളുള്ള ലാഡര്‍ ഹോട്ടലിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന്റെ എന്‍.ഒ.സി. വൈകുന്നതിനാല്‍ ഉദ്ഘാടനം ഏകദേശം ഒരു കൊല്ലമായി നീളുകയാണ്.
ഹോസ്പിറ്റാലിറ്റി രംഗത്ത് കേരളത്തിലെ ആദ്യത്തെ സഹകരണ സ്ഥാപനമാണ് സഹകരണ മന്ത്രി തമ്പാനൂര്‍ എസ.് എസ്. കോവില്‍ റോഡില്‍ ഉദ്ഘാടനം ചെയ്ത ‘ ദ ടെറസ് ‘ എന്ന ഹോട്ടല്‍ ശൃംഖല. സഹകരണ മേഖലയ്ക്ക് ആകെ പ്രതീക്ഷ നല്‍കുന്ന, രാജ്യത്തെ ആദ്യത്തെ സഹകരണ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കഴിഞ്ഞ മാര്‍ച്ചിനു മുമ്പ് ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നതാണെങ്കിലും കോവിഡ്-19 കാരണം നീട്ടിവെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു. സഹകരണ മേഖലയിലെ ആദ്യത്തെ ത്രീസ്റ്റാര്‍ അപ്പാര്‍ട്ട്‌മെന്റ് ‘ ദ ടെറസ് ‘ എന്ന പേരില്‍ മഞ്ചേരി ഇന്ത്യന്‍ മാളില്‍ പുര്‍ത്തിയായി വരുന്നു.
കേരളത്തില്‍ തിയേറ്റര്‍ ശൃംഖല
ലാഡറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ തിയേറ്റര്‍ ശൃംഖല ഉണ്ടാക്കണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരിക്ക് പുറമെ ഒറ്റപ്പാലത്ത് ആയിരം സീറ്റുള്ള നാലു തിയേറ്ററുകളും ഫുഡ് കോര്‍ട്ട്, ഗെയിം സോണ്‍ തുടങ്ങിയവയും പണിയുന്നുണ്ട്. ഇത് 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. കായംകുളത്ത് ലാഡര്‍ മള്‍ട്ടിപ്ലക്സ് നിര്‍മാണത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചു. 600 സീറ്റുള്ള നാലു തിയേറ്ററുകളാണ് ഇവിടെ പണിയുന്നത്.
കേവലം ഏഴ് വര്‍ഷം കൊണ്ട് ലാഡര്‍ ഏറ്റെടുത്ത പി.ഡബ്ല്യു.ഡി. ജോലികള്‍ ഇനി പറയുന്നവയാണ്: പാലക്കാട് ചിറ്റൂര്‍ ഗവ. കോളേജ് ലൈബ്രറി ക്കെട്ടിടം, പാലക്കാട് കോഴിപ്പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് കെട്ടിടം, കണ്ണൂര്‍ മാടായി ഗവ. ഗേള്‍സ് ്- ബോയ്‌സ് ഹൈസ്‌കൂള്‍ കെട്ടിടങ്ങള്‍, കാസര്‍ഗോഡ് ചീമേനി തുറന്ന ജയിലിലെ ഒരു കെട്ടിടം, കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ കെട്ടിടം, കോഴിക്കോട് കോടഞ്ചേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം, കണ്ണൂര്‍ ചെറുകുന്ന് ഗവ. ഹൈസ്‌കൂള്‍ കെട്ടിടം, കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് കെട്ടിടം. ഈ കരാര്‍ ജോലികള്‍ക്ക് പുറമേ കോഴിക്കോട് ജില്ലയില്‍ സംഘം ഏറ്റെടുത്ത ഒരു സഹകരണ സംഘത്തിന്റെ ആസ്ഥാന നിര്‍മാണവും അന്തിമ ഘട്ടത്തിലാണ്. കാസര്‍ഗോഡ് ജില്ലയിലെ ഒരു സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടം പുതുക്കിപ്പണിയുന്നതിനുള്ള ചുമതലയും ലാഡറിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ നടപടികള്‍ അന്തിമഘട്ടത്തിലാണ്.
ആനുകൂല്യങ്ങള്‍ ലാഡറിനു കിട്ടുന്നില്ല
മേല്‍പ്പറഞ്ഞ ജോലികള്‍ മറ്റ് കരാറുകാരുമായി മത്സരിച്ചാണ് ഞങ്ങള്‍ ഏറ്റെടുക്കുന്നത്. ഈ ടെന്‍ഡര്‍ ജോലികളില്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഞങ്ങളത് പ്രതീക്ഷിക്കുന്നുമില്ല. പറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ മേല്‍ജോലികള്‍ തീര്‍ത്തിട്ടുണ്ട്. ഇനിയും കരാര്‍ജോലികള്‍ ഏറ്റെടുത്ത് നടത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും പണം കിട്ടാന്‍ വൈകുന്നതിനാല്‍ ജോലികള്‍ ഏറ്റെടുത്തു മുന്നോട്ടു പോകാന്‍ പ്രയാസം അനുഭവിക്കുന്നു.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജനങ്ങള്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിന്റെ ഫലമായി അംഗങ്ങള്‍ തന്ന 313.20 കോടി രൂപയുടെ നിക്ഷേപം ഉള്‍പ്പെടെ ഏകദേശം 370 കോടി രൂപയുടെ അടിസ്ഥാനത്തിലാണ് ഈ പണികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സഹകരണ മേഖലയ്ക്ക് ഒരു മാതൃക സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം പ്രവൃത്തികള്‍ ഏറ്റെടുക്കുകയും നിര്‍വഹിക്കുകയും ചെയ്ത സഹകരണ സംഘങ്ങള്‍ കേരളത്തില്‍ വിരളമാണെന്ന് ഈയവസരത്തില്‍ ഓര്‍മപ്പെടുത്തുന്നു. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ താങ്കളുടെ പക്കല്‍ ഉണ്ടാകുമല്ലോ. കേരള ബാങ്ക് തുടങ്ങുന്നതിനുവേണ്ടി മൂന്നു സഹകരണ സ്ഥാപനങ്ങള്‍ നല്‍കാനുള്ള വായ്പക്കുടിശ്ശിക സര്‍ക്കാരാണ് നല്‍കിയത്. എന്നാല്‍, ഗവണ്‍മെന്റിന്റെ സഹായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ മുന്നോട്ടുപോകുന്ന സഹകരണ സംഘമാണ് ലാഡര്‍.
70,000 ആളുകള്‍ 4,90,000 തൊഴില്‍ദിനങ്ങള്‍
ഏതാണ്ട് ഒരു ദിവസം 200 ആളുകളെ വെച്ച് (പരമാവധി 2000 പേര്‍ വരെ ജോലി ചെയ്ത ദിവസങ്ങളുണ്ട് ) വര്‍ഷം 350 ദിവസം എന്ന തോതില്‍ കണക്കുകൂട്ടിയാല്‍ ചുരുങ്ങിയത് 70,000 ആളുകള്‍ക്ക് ഏഴ് വര്‍ഷം കൊണ്ട് 4,90,000 തൊഴില്‍ ദിനങ്ങള്‍ കൊടുക്കാന്‍ ലാഡറിനു കഴിഞ്ഞു. ഓരോ പ്രോജക്റ്റ് സൈറ്റിനും വേണ്ടി ടാക്സ് , ഏടഠ ഇനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ്, കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി എന്നിവയിലെ വിവിധ തരം ഫീസുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ , ലേബര്‍ വകുപ്പുകളുടെ മറ്റ് ഫീസുകള്‍ എന്നീ ഇനത്തിലും ഇലക്ടിസിറ്റി, വാട്ടര്‍ അതോറിറ്റി, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നീ ബോര്‍ഡുകള്‍ക്ക് നല്‍കുന്ന ഫീസിനത്തിലും 2013 മുതല്‍ 2020 മാര്‍ച്ച് വരെ 24.29 കോടി രൂപ ലാഡര്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരിലേക്ക് നല്‍കിയതിന്റെ വിവരങ്ങള്‍ ഈ കത്തിനോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. നിര്‍മാണ മേഖലയിലെ നിരവധി കമ്പനികളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ കൂടിയാലോചനകളിലൂടെ വാങ്ങുകവഴി ഉല്‍പ്പാദന രംഗത്തെ പരിപോഷിപ്പിക്കാനും പരോക്ഷമായി ഒട്ടേറെ തൊഴിലവസരം സൃഷ്ടിക്കാനും ലാഡറിനു സാധിക്കുന്നു.
ഇതൊക്കെയാണ് ലാഡര്‍ എന്ന സഹകരണ സ്ഥാപനം ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തിനു നല്‍കിയ സംഭാവന. എല്ലാ മേഖലയിലെയും പോലെ സഹകരണ രംഗത്തും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഡിപ്പാര്‍ട്ട്‌മെന്റിലുമുണ്ട്. ഇത്തരക്കാര്‍ മറ്റു സഹകരണ സംഘങ്ങളില്‍ ചെന്ന് ലാഡറില്‍ നിക്ഷേപിച്ച തുക നിര്‍ബന്ധിപ്പിച്ച് അവരെക്കൊണ്ട് പിന്‍വലിപ്പിക്കുന്നു. ലാഡറില്‍ നിക്ഷേപിക്കരുതെന്നും ഇതൊരു കള്ള സൊസൈറ്റിയാണെന്നും പ്രചരിപ്പിക്കുന്നു. ഇതിനിടയിലാണ് ഞങ്ങള്‍ ഇത്രയൊക്കെ ചെയ്യുന്നത്. ഒരു സഹകരണ സംഘം നശിച്ചാല്‍ അതിനടുത്തുള്ള മറ്റു സഹകരണ സംഘങ്ങളും നശിക്കുമെന്ന ബോധ്യമില്ലാത്ത ചില ഉദ്യോഗസ്ഥരുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ. ഒരാള്‍ വിചാരിച്ചാല്‍ അനേകായിരം ആളുകള്‍ക്ക് ജോലിയും ആശ്വാസവും കൊടുക്കാന്‍ സാധിക്കും. എന്നാല്‍, ചിലര്‍ വിചാരിച്ചാല്‍ അവരുടെ ആത്മവിശ്വാസവും മുന്നോട്ട് പോകാനുള്ള ചാലകശക്തിയും തടയാന്‍ സാധിക്കും . ഇതാണ് എനിക്ക് എന്റെ സഹകരണ ജീവിതത്തില്‍ മനസ്സിലായത്. ഇത് താങ്കളുമായി പങ്കുവെക്കുന്നു.
ഈ പ്രതിസന്ധികള്‍ക്കിടയിലും ഞങ്ങളെ പിന്തുണയ്ക്കുന്ന സഹകരണ മന്ത്രിയും ഓഫീസ് സ്റ്റാഫും ഒട്ടേറെ വകുപ്പുദ്യോദ്യോഗസ്ഥരും ഇവിടെയുണ്ടെന്നും അങ്ങയെ അറിയിക്കുന്നു. കോവിഡ് മൂലം രാജ്യത്ത് തൊഴില്‍ നഷ്ടപ്പെടുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ലാഡര്‍ പോലുള്ള സഹകരണ സംഘങ്ങളിലൂടെ ജോലി നല്‍കാന്‍ കഴിയും. അങ്ങയെപ്പോലെ പരിചയസമ്പത്തും കാര്യപ്രാപ്തിയുമുള്ള ഐ.എ.എസ് ഉദ്ദ്യോഗസ്ഥരോട് എന്റെ ഈ കാഴ്ച്ചപ്പാട് പങ്കുവെയ്ക്കാന്‍ കൂടിയാണ് ഈ കത്ത് എഴുതുന്നത്. സഹകരണ സംഘം രജിസ്ട്രാറോടും ഈ കാഴ്ച്ചപ്പാട് ഞാന്‍ പങ്കു വെക്കുന്നു
താങ്കള്‍ക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.
[mbzshare]