ഇക്കൊല്ലത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് ഒരു ലക്ഷം മാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കുമെന്നു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.
തീം ട്രീസ് ഓഫ് കേരള പദ്ധതിയുടെ ഭാഗമായാണു ഇക്കൊല്ലം മാവിന്‍തൈകള്‍ നടുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിനു കോട്ടയം ജില്ലയില്‍ നടക്കും. തുടര്‍ന്നു 9400 സഹകരണ സംഘങ്ങള്‍ വഴി ഒരു മാസത്തിനകം ഒരു ലക്ഷം മാവിന്‍തൈകള്‍ നടും.
കേരള സര്‍ക്കാര്‍ അഞ്ചു വര്‍ഷം മുമ്പ് തുടക്കമിട്ട ഹരിതകേരളം പദ്ധതിക്കു പിന്തുണ പ്രഖ്യാപിച്ചാണ് അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ തീരുമാനിച്ചത്. ഓരോ വര്‍ഷം ഓരോ ഫലവൃക്ഷമാണു നടുക. 2018 ല്‍ പ്ലാവിന്‍ തൈകളാണു നട്ടത്. 2019 ല്‍ കശുമാവും 20 ല്‍ തെങ്ങും 21 ല്‍ പുളിയുമാണു നട്ടത്. ഈ മരങ്ങളെല്ലാം സംരക്ഷിക്കുന്നതും സഹകരണ സംഘങ്ങളാണ്.