സഹകരണ വകുപ്പിന് നഷ്ടമായത് 339 തസ്തികകള്‍; ഇനിയും നഷ്ടപ്പെടുന്നത് 130

[mbzauthor]

കേരളബാങ്കിലെയും അര്‍ബന്‍ ബാങ്കുകളിലെയും ഓഡിറ്റ്  തസ്തിക
വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നഷ്ടമാകുമെന്ന ആശങ്കക്കിടയിൽ , ഇതുവരെ നഷ്ടമായ തസ്തികയുടെ കണക്കും പുറത്ത്. സഹകരണ വകുപ്പിലെ 339 തസ്തിക ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നഷ്ടമായെന്ന കണക്കാണ് പുറത്തുവന്നിട്ടുള്ളത്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടേഴ്സ് ആന്‍ഡ് ഓഡിറ്റേഴ്സ് അസോസിയേഷനാണ്  കണക്ക് പുറത്തുവിട്ടിട്ടുള്ളത്. മുറുകുന്ന കുരുക്ക് കിതയ്ക്കുന്ന വകുപ്പ് എന്ന പേരില്‍ പുറത്തിറക്കിയിട്ടുള്ള ലഘുലേഖയിലാണ് നഷ്ടമായ തസ്തികയുടെ കണക്ക് അവതരിപ്പിച്ചിട്ടുള്ളത്.

അഡീഷ്ണല്‍ രജിസ്ട്രാര്‍ -5, ജോയിന്റ് രജിസ്ട്രാര്‍-16, ഡെപ്യൂട്ടി രജിസ്ട്രാര്‍-12, അസിസ്റ്റന്റ് രജിസ്ട്രാര്‍-57, ഇന്‍സ്പെക്ടര്‍/ഓഡിറ്റര്‍-249 എന്നിങ്ങനെയാണ് നഷ്ടമായ തസ്തികയുടെ കണക്ക്. തിരഞ്ഞെടുപ്പ് കമ്മീഷഷനില്‍ രണ്ട് അഡീഷ്ണല്‍ രജിസ്ട്രാര്‍മാര്‍ക്ക് നിയമനം നല്‍കാറുണ്ടായിരുന്നു. ഇത് സ്ഥാനക്കയറ്റത്തിനുള്ള തസ്തികയായി പരിഗണിക്കും. ഈ സര്‍ക്കാര്‍ ആ തസ്തികളില്‍ വിരമിച്ചവരെ നിയമച്ചു. അതോടെ ആ തസ്തിക വകുപ്പിന് നഷ്ടമായെന്നാണ് അസോസിയേഷന്റെ കുറ്റപ്പെടുത്തല്‍.

കേരളബാങ്കിലെ ഓഡിറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇതോടെ വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തായാല്‍ 58 തസ്തികകള്‍ ഇല്ലാതാകും. ജോയിന്റ് ഡയറക്ടര്‍-15, അഡീഷ്ണല്‍ ഓഡിറ്റര്‍ -23, ഡെപ്യൂട്ടി രജിസ്ട്രാര്‍-7, അസിസ്റ്റന്റ് രജിസ്ട്രാര്‍-13 എന്നിങ്ങനെയാണ് ആ തസ്തികകളുടെ എണ്ണം. അര്‍ബന്‍ ബാങ്കുകളിലും സമാന നിലപാട് സ്വീകരിച്ചാല്‍ 72 തസ്തിക വീണ്ടും നഷ്ടമാകും. ഡെപ്യൂട്ടി ഡയറക്ടര്‍-2, അസിസ്റ്റന്റ് ഡയറക്ടര്‍-25, സ്പെഷല്‍ ഗ്രേഡ് -8, ഓഡിറ്റര്‍-37 എന്നിങ്ങനെയാണ് അര്‍ബന്‍ ബാങ്കുകളില്‍ നിലവിലുള്ള വകുപ്പ് തസ്തിക. അര്‍ബന്‍ ബാങ്കുകളിലും കേരളബാങ്കിലുമായി 130 തസ്തികകളിലാണ് വകുപ്പ് ഉദ്യോഗസ്ഥരെ നിയമക്കുന്നത്.

ഈ കണക്ക് അനുസരിച്ച് കേരളബാങ്ക് രൂപീകരണവും ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിയും സംഘങ്ങളെ ബാധിക്കുന്നതിനൊപ്പം വകുപ്പ് ജീവനക്കാരെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. എന്നാല്‍, അത്തരമൊരു ബോധ്യത്തിലല്ല സഹകരണ വകുപ്പ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് സഹകരണ സംഘങ്ങളിലെ ജീവനക്കാരും അവരുടെ സംഘടനാനേതാക്കളും പറയുന്നു.

സഹകരണ വകുപ്പ് പുനസംഘടിപ്പിക്കുകയും ഓഡിറ്റ് വിഭാഗത്തിലെ അധിക ജീവനക്കാരെ പുനര്‍വിന്യസിപ്പിക്കുകയും ചെയ്യണമെന്നാണ് ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശം. വൈവിധ്യവല്‍ക്കരണവും ആധുനീക വല്‍ക്കരണവുമാണ് സഹകരണ സംഘങ്ങള്‍ക്ക് ഇനി അതിജീവിക്കാനുള്ള വഴി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും നബാര്‍ഡ് പോലുള്ള കേന്ദ്ര സഹകരണ ഏജന്‍സികളുടെയും പദ്ധതികളെല്ലാം ഇതിനനുസരിച്ചാണുള്ളത്. എന്നാല്‍, അത് ഉപയോഗപ്പെടുത്തി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയുന്ന സംഘങ്ങള്‍ വളരെ കുറവാണ്. പദ്ധതികളെക്കുറിച്ചുള്ള അറിവ്, അത് നേടാനായി ഓരോ സംഘവും ഏറ്റടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍, ഇതിനുള്ള പദ്ധതി രേഖ തയ്യാറാക്കല്‍ എന്നിങ്ങനെയുള്ള കണ്‍സള്‍ട്ടന്‍സി സേവനം വകുപ്പ് ഉദ്യോഗസ്ഥരിലൂടെ സംഘങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് വേണ്ടത്. ഒപ്പം, ഇന്‍സ്പെക്ഷന്‍ വിഭാഗം ശക്തമാക്കുകയും വേണം. ഇതാണ് സഹകരണ വകുപ്പിന്റെ പുനസംഘടനയ്ക്കായി സഹകാരികള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം.

[mbzshare]

Leave a Reply

Your email address will not be published.