സഹകരണ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇനി സംഘങ്ങളില്‍നിന്ന്സ്റ്റേഷനറി വാങ്ങാം
സഹകരണ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ ഇനി സഹകരണ സംഘങ്ങളില്‍ നിന്ന് വാങ്ങാം. ഇതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരം സാധനങ്ങളെല്ലാം കണ്‍സ്യൂമര്‍ഫെഡില്‍നിന്ന് വാങ്ങിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് കാണിച്ച് കണ്‍സ്യൂമര്‍ ഫെഡ് മാനേജിങ് ഡയറക്ടര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍, കണ്‍സ്യൂമര്‍ഫെഡിന് മാത്രമായി അത്തരമൊരു ഉത്തരവ് നല്‍കുന്നത് മറ്റ് സംഘങ്ങളോടുള്ള നീതിനിഷേധമാണെന്ന നിലപാട് സഹകരണ സംഘം രജിസ്ട്രാര്‍ സ്വീകരിച്ചു. ഇതോടെയാണ് എല്ലാസംഘങ്ങള്‍ക്കും ബാധകമാകുന്ന വിധത്തില്‍ ഉത്തരവിറക്കിയത്.
സഹകരണ വകുപ്പിന് കീഴിലുള്ള കേരള ബാങ്ക്, വിവിധ ബോര്‍ഡുകള്‍, ആര്‍ബിട്രേഷന്‍ കോടതികള്‍, സംസ്ഥാന സഹകരണ യൂണിയന്‍, സഹകരണ സംഘങ്ങള്‍, വിവിധ ബാങ്കുകള്‍, ആശുപത്രികള്‍, അര്‍ബന്‍ സഹകരണ സംഘങ്ങള്‍, സഹകരണ വകുപ്പിന്റെ കീഴിലെ ഓഫീസുകള്‍ എന്നിവയ്ക്കെല്ലാം ഈ ഉത്തരവ് ബാധകമാണ്. കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ നല്‍കിയ കത്തിലും ഈ സ്ഥാപനങ്ങളുടെയെല്ലാം പേരുകള്‍ പരാമര്‍ശിച്ചിരുന്നു.
കണ്‍സ്യൂമര്‍ഫെഡ് എം.ഡി.യുടെ കത്തില്‍ നിലപാട് അറിയിക്കാന്‍ സഹകരണ സംഘം രജിസ്ട്രാറോട് ആവശ്യപ്പെട്ടിരുന്നു. കണ്‍സ്യൂമര്‍ഫെഡിനെപ്പോലെ മറ്റ് സഹകരണ സ്ഥാപനങ്ങളും ഇത്തരത്തില്‍ വ്യാപാരം നടത്തുന്നുണ്ടെന്ന് രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ കണ്‍സ്യൂമര്‍ഫെഡിനുവേണ്ടി പൊതുനിര്‍ദ്ദേശമായി ഇത് നല്‍കാനാവില്ലെന്നാണ് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചത്. രജിസ്ട്രാറുടെ കത്ത് കൂടി പരിഗണിച്ചുള്ള ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയത്. സ്റ്റോര്‍ പര്‍ച്ചേഴ്സ് മാന്വല്‍ ബാധകമായ സ്ഥാപനങ്ങള്‍ ഒഴികെയുള്ള സഹകരണ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കണ്‍സ്യൂമര്‍ഫെഡില്‍നിന്നോ സ്റ്റേഷനറി സാധനങ്ങളുടെ വ്യാപാരം നടത്തുന്ന മറ്റ് സഹകരണ സംഘങ്ങളില്‍നിന്നോ വാങ്ങുന്നതിന് മുന്‍ഗണന നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
[mbzshare]