സഹകരണ മ്യൂസിയത്തില്‍ ചരിത്രരേഖയ്ക്കായി റവന്യൂ റെക്കോഡ് മുറികള്‍ പരിശോധിക്കാന്‍ അനുമതി

Deepthi Vipin lal

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ തുടങ്ങുന്ന അക്ഷര-ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയത്തിലേക്ക് ചരിത്രരേഖകള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി റവന്യു വകുപ്പിന്റെ റെക്കോഡ് മുറികളില്‍ പരിശോധന നടത്തി രേഖകള്‍ കണ്ടെത്തുന്നതിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ പ്രത്യേകം ഉത്തരവിറക്കി.


കോട്ടയം ജില്ലയിലെ നാട്ടകത്തുള്ള ഇന്ത്യാപ്രസ് കോമ്പൗണ്ടിലാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം മ്യൂസിയം പണിയുന്നത്. സഹകരണ വകുപ്പിന്റെ പ്രധാന പദ്ധതിയായാണ് ഇതിനെ കണക്കാക്കുന്നത്. ചരിത്രം, സാഹിത്യം, പൈതൃകം എന്നിവ പുതിയ തലമുറയ്ക്ക് ബോധ്യമാകുന്നവിധത്തില്‍ ദൃശ്യ-ശ്രവ്യ രീതിയില്‍ അവതരിപ്പിക്കുകയാണ് മ്യൂസിയത്തിന്റെ ലക്ഷ്യം. ഇതിനൊപ്പം, ചരിത്രരേഖകളും ഇവിടെ പ്രദര്‍ശിപ്പിക്കും. മ്യൂസിയത്തിന്റെ ദൈനംദിന പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അനുമതി പത്രങ്ങള്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന് നല്‍കുന്നതിന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇത്തരം രേഖകള്‍ വിട്ടുനല്‍കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.


റവന്യൂ റെക്കോഡ്സിലാണ് കൂടുതല്‍ ചരിത്രരേഖകളുണ്ടാകുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധിച്ച് ആവശ്യമായവ കണ്ടെത്താന്‍ തീരുമാനിച്ചത്. മുളങ്കരണങ്ങള്‍, ചുരുണകള്‍, കണ്ടെഴുത്ത് രേഖകള്‍, അച്ചടി ലിപി എന്നിങ്ങനെ പഴയ രേഖകളാണ് പ്രധാനമായും കണ്ടെടുക്കുന്നത്. കേരളത്തിലുടനീളമുള്ള റവന്യുവകപ്പിന്റെ ഓഫീസുകളിലെ റെക്കോഡുകള്‍ ഇതിനായി പരിശോധിക്കാന്‍ എസ്.പി.സി.എസ്സിന് അനുമതി നല്‍കിയിട്ടുണ്ട്.

കാലത്തിന്റെ വളര്‍ച്ച പ്രകടമാക്കുന്ന രേഖകള്‍, വസ്തുക്കള്‍ എന്നിവ ശേഖരിച്ച് സംരക്ഷിക്കുന്നത് റവന്യു റെക്കോഡ്സ് മുറികളിലാണ്. ഇത്തരം കേന്ദ്രങ്ങളും അതിനായി സൂക്ഷിച്ച രജിസ്റ്ററുകളുമാണ് പരിശോധിക്കുക. ജൂണ്‍ ഒമ്പതിനാണ് ഇതിനുള്ള അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കാന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഭരണസമതിയോഗം തീരുമാനിച്ചത്. സപ്റ്റംബര്‍ രണ്ടിന് ഇക്കാര്യം സഹകരണ സംഘം രജിസ്ട്രാറും സര്‍ക്കാരിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News