സഹകരണ മേഖലയ്ക്ക് ഉത്തേജനമാവട്ടെ ഈ പദ്ധതി
വിത്തിറക്കുന്നതും വിളവെടുക്കുന്നതും അതിനു വിപണി തേടുന്നതും അടുത്ത കാലം വരെ കര്‍ഷകന്റെ മാത്രം ചുമതലയായിരുന്നു. ഇത്രയും ചെയ്യാനുള്ള പണം കണ്ടെത്താന്‍ പെടാപ്പാട് വേറെ. സര്‍ക്കാരിന്റെ ഒട്ടേറെ സഹായ പദ്ധതികളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വേറെ. വായ്പ നല്‍കാന്‍ സഹകരണ സംഘങ്ങളുമുണ്ട്. എന്നാല്‍, ഇവയ്‌ക്കൊന്നും ഒരു ഏകീകരണവുമില്ല. കര്‍ഷകന്‍ എന്ന ഒറ്റയാള്‍ എല്ലാറ്റിനും ഓടിയാല്‍ എന്തെങ്കിലുമൊക്കെ കിട്ടും. ഈ രീതിക്ക് മാറ്റമുണ്ടാക്കുന്ന പുതിയ കാര്‍ഷിക പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലൂടെ കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഓരോ ഗ്രാമത്തിന്റെയും നെടുംതൂണായി സഹകരണ സംഘത്തെ നിര്‍ത്തിയുള്ള പുതിയ കാര്‍ഷിക പരീക്ഷണമാണ് ലക്ഷ്യമിടുന്നത്. കൂട്ടായ്മക്കൃഷിക്ക് പ്രോത്സാഹനം നല്‍കുകയാണ് സര്‍ക്കാര്‍. ഇതിനാവശ്യമായ സഹായം സഹകരണ സംഘങ്ങള്‍ നല്‍കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കാര്‍ഷിക പദ്ധതികള്‍ സഹകരണ സംഘങ്ങള്‍ വഴി നടപ്പാക്കാം. വിപണനത്തിന് യൂബര്‍ മാതൃകയില്‍ പ്രാദേശിക ഓണ്‍ലൈന്‍ സംവിധാനം. ഇതിന്റെയും ചുമതല നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സഹകരണ സംഘത്തിനായിരിക്കും. ഇതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന കാര്‍ഷിക വിപ്ലവ രീതി.
വിത്തു മുതല്‍ വിപണി വരെ കര്‍ഷകനൊപ്പം നിന്ന് ഒരു പ്രദേശത്തിന്റെ സ്വന്തം കാര്‍ഷിക ബാങ്കായി മാറിയ എറണാകുളം പള്ളിയാക്കല്‍ സഹകരണ ബാങ്കാണ് ഇത്തരമൊരു പരീക്ഷണം ആദ്യം നടത്തിയത്. പദ്ധതികളുടെ സമന്വയവും നിര്‍വഹണ ഉത്തരവാദിത്വവും ഇല്ലാത്ത ഘട്ടത്തില്‍ത്തന്നെ പള്ളിയാക്കല്‍ ബാങ്ക് ഇത് വിജയിപ്പിച്ചതാണ്. ഇതേ ബാങ്കിനെ പ്രാദേശിക വിപണിയുടെ ഓണ്‍ലൈന്‍ സംവിധാനം സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏല്‍പ്പിച്ചിരുന്നു. ഈ പള്ളിയാക്കല്‍ മാതൃകയാണ് കേരളമാകെ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.
നാടിന് മായമില്ലാത്ത ശുദ്ധ ഭക്ഷണവും കര്‍ഷകന് നല്ല വരുമാനവും ഉറപ്പാക്കുന്നതോടൊപ്പം സഹകരണ സംഘങ്ങളുടെ വളര്‍ച്ചയും ലക്ഷ്യമിടുന്ന ഈ പദ്ധതി മാതൃകാപരം തന്നെ. കൃഷി, സഹകരണ വകുപ്പുകളുടെ ഏകോപനം കൃത്യമായി നടന്നാല്‍ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സഹകരണ മേഖലയ്ക്ക് ഈ കാര്‍ഷിക പദ്ധതി ഉത്തേജനം പകരുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വായ്പകള്‍ അനുവദിക്കുക വഴി ആദായനികുതിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് സഹകരണ സംഘങ്ങള്‍ക്ക് ഒരു പരിധിവരെ മോചനം നേടാനും ഈ പദ്ധതി വഴിയൊരുക്കുമെന്നു നമുക്കു പ്രത്യാശിക്കാം.
– എഡിറ്റര്‍