സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ത്രിദിന സെക്രട്ടറിയേറ്റ് സത്യാഗ്രഹം ആരംഭിച്ചു. രാജ്യത്തെ സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളാണ് ഒന്നൊന്നായി കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ ആരോപിച്ചു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന ത്രിദിന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനും സംസ്ഥാന സർക്കാർ ഒട്ടനവധി നടപടികൾ ചെയ്യുന്നുണ്ട്. സഹകരണ ജീവനക്കാരുടെ നിരവധിയായ പ്രശ്നങ്ങൾ പരിഹരിച്ച്തിനൊപ്പം തന്നെ ഇപ്പോൾ ജീവനക്കാർ ഉന്നയിക്കുന്ന രണ്ടു പ്രശ്നങ്ങളും ചർച്ചചെയ്യാനും പരിഹരിക്കാനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെ സംരക്ഷിക്കാനും നിലനിർത്താനും, സമരം ചെയ്യുന്നതിനൊപ്പം ജീവനക്കാർക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സംഘടനാ സംസ്ഥാന പ്രസിഡണ്ട് കെ.മോഹൻദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എ. രമേശ്, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം. വഹീദ, സെക്രട്ടറി എം.എൻ. മുരളി എന്നിവർ സംസാരിച്ചു. നേരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് സഹകരണ ജീവനക്കാർ പങ്കെടുത്തു. സഹകരണ ജീവനക്കാരുടെ ക്ലറിക്കൽ നിയമനവും പ്രമോഷനും സംബന്ധിച്ച ചട്ടം പിൻവലിക്കുക, കമ്മീഷൻ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് സംഘടന ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.