സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് കേരള ബാങ്ക് നാഴികക്കല്ലാകും: സഹകരണ മന്ത്രി

[email protected]

സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് കേരള ബാങ്ക് നാഴികക്കല്ലാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എളമക്കര സാമൂഹ്യ ക്ഷേമ സഹകരണ സംഘം ഹെഡ് ഓഫീസ് കെട്ടിട ശിലാസ്ഥാപനം എളമക്കര പേരണ്ടൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ്. താരതമ്യമില്ലാത്ത ബഹുജന സ്വാധീനമാണ് കേരളത്തിലെ സഹകരണ മേഖല കൈവരിച്ചിട്ടുള്ളത്. രാജ്യത്തെ സഹകരണ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ 50ശതമാനവും കേരളത്തിലാണ്. കേരളീയ സമൂഹത്തിന്റെ എല്ലാ തലങ്ങളെയും സഹകരണ മേഖല സ്പര്‍ശിക്കുന്നു. നോട്ട് നിരോധനത്തിലൂടെ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ ഇടപെടലിലൂടെ അതിനെ ചെറുക്കാന്‍ കഴിഞ്ഞു. ഒന്നര ലക്ഷം കോടി നിക്ഷേപം ഒന്നേ മുക്കാല്‍ ലക്ഷം കോടി രൂപയായി വളര്‍ന്നു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇതു തെളിയിക്കുന്നത്.

പുതിയ കാലം, പുതിയ വെല്ലുവിളികള്‍ എന്നിവ വിലയിരുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ബാങ്കിങ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സഹകരണ മേഖലയില്‍ കാലാനുസൃതമായ മാറ്റം വേണം. സഹകരണ പ്രസ്ഥാനത്തിന്റെ ആധുനികവത്കരണമാണ് അടുത്തിടെ പ്രഖ്യാപിച്ച സഹകരണ നയത്തിലെ പ്രധാന ഘടകം. സേവനങ്ങള്‍ പരിഷ്‌ക്കരിക്കണം. എല്ലാ സേവനങ്ങളും മൊബൈലില്‍ ലഭ്യമാകുമ്പോള്‍, പുതുതലമുറയെ ആകര്‍ഷിക്കുന്ന വിധത്തില്‍ സഹകരണ മേഖലയെയും പരിഷ്‌ക്കരിക്കണം. ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഇതിനു വേണ്ടിയാണ് കേരള ബാങ്ക് യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 16 മാസങ്ങള്‍ക്കൊണ്ടാണ് കേരള ബാങ്കിന് റിസര്‍വ് അനുമതി നേടിയെടുത്തിരിക്കുന്നത്. കേരള ബാങ്ക് രൂപീകരണത്തോടെ പ്രവാസി നിക്ഷേപത്തിന്റെ 50% എങ്കിലും സഹകരണ മേഖലയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജില്ലയുടെ സ്വപ്‌ന പദ്ധതികള്‍ക്കെല്ലാം ആദ്യം സഹായം നല്‍കിയത് സഹകരണ ബാങ്കാണെന്ന് മന്ത്രി വ്യക്തമാക്കി.

സിയാല്‍, ഗോശ്രീ തുടങ്ങിയ പദ്ധതികള്‍ക്ക് ജില്ല സഹകരണ ബാങ്കാണ് ആദ്യ സഹായം നല്‍കിയത്. മറ്റു ബാങ്കുകള്‍ നിക്ഷേപം സ്വീകരിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിക്ഷേപിക്കുകയും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്‍കുകയും ചെയ്യുമ്പോള്‍ സഹകരണ ബാങ്കുകള്‍ പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്ന വിധം പ്രവര്‍ത്തിക്കുന്നു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിലും സഹകരണ മേഖല വ്യക്തമായ പങ്കു വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് കാലാനുസൃതമായ മാറ്റങ്ങള്‍ സഹകരണ മേഖലയില്‍ നടപ്പാക്കി വരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണസംഘം പ്രസിഡണ്ട് അഡ്വ. കെ.വി. പ്രഭാകര മാരാര്‍ പറഞ്ഞു.

പേരണ്ടൂരിലുള്ള 12 സ്ഥലത്താണ് സംഘത്തിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നത്. ആംബുലന്‍സ് സേവനങ്ങള്‍, നീതി മെഡിക്കല്‍ സ്റ്റോര്‍, മെഡിക്കല്‍ ലാബ്, ഡയാലിസിസ് സെന്റര്‍, കളക്ഷന്‍ സെന്റര്‍, കറുകപ്പിള്ളിയില്‍ പുതിയ ശാഖ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആറു വര്‍ഷമായി എളമക്കര സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു.

സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ജിസിഡിഎ മുന്‍ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ നിര്‍വഹിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ബീന മഹേഷ്, കെ. കെ. രവി കുട്ടന്‍, മുന്‍ കൗണ്‍സിലര്‍ അഡ്വക്കേറ്റ് എം. അനില്‍കുമാര്‍, സഹകരണസംഘം വൈസ് പ്രസിഡണ്ട് എന്‍.സി. ശശിധരന്‍ നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.ആര്‍. ജോസ്, എറണാകുളം ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. ലൈല, തൃശൂര്‍ ജില്ല സഹകരണ സംഘം പ്രസിഡന്റ് സജീവന്‍, ഇടപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷാഹുല്‍ഹമീദ്, തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Latest News