സഹകരണ മേഖലയിലെ വിദഗ്ധരുടെ ആശയങ്ങൾ ക്രോഡീകരിച്ച് പുനരുജ്ജീവന പാക്കേജ് വൈകാതെ തയ്യാറാക്കുമെന്ന്സഹകരണവകുപ്പ്മന്ത്രി: സഹകരണമേഖലയുടെ അതിജീവനത്തെ സംബന്ധിച്ച് സഹകരണ മേഖലയിലെ പ്രമുഖരുടെ ആശയങ്ങൾ വരുംദിവസങ്ങളിൽ.

adminmoonam

സഹകരണ മേഖലയിലെ വിദഗ്ധരുടെ ആശയങ്ങൾ ക്രോഡീകരിച്ച് വൈകാതെ പുനരുജ്ജീവന പാക്കേജ് തയാറാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണസംഘങ്ങൾക്ക് നഷ്ടം വരാതെ സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങളെ സഹായിക്കാൻ സാധിക്കുന്ന തരത്തിൽ പദ്ധതികൾ തയ്യാറാക്കാൻ കഴിയണം. വിവിധ വായ്പാ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ഒപ്പം സഹകരണസംഘങ്ങളുടെ നിലനിൽപ്പിനു ആവശ്യമായ പദ്ധതികളും തയ്യാറാകേണ്ടതുണ്ട്. സംസ്ഥാനം വളരെ പ്രതിസന്ധിയിലാണ്. ഒരു രൂപ പോലും ഖജനാവിലേക്ക് വരുമാനമില്ലാത്ത സാഹചര്യമാണ്. അത്തരം പശ്ചാത്തലത്തിൽ ഇപ്പോൾ വായ്പ വാങ്ങിയാണ് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തിക്കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ പ്രമുഖ സഹകാരികളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞുകൊണ്ട് ഈ മേഖലയ്ക്ക് ആവശ്യമായ പുനരുജ്ജീവന പാക്കേജ് വൈകാതെ തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു.

സഹകരണ മേഖലയിൽ ഉണ്ടായ മാന്ദ്യത്തെ സംബന്ധിച്ചും മെയ്,ജൂൺ,ജൂലൈ ത്രൈമാസ കർമ്മ പദ്ധതിയെക്കുറിച്ചും, അടുത്തവർഷം മാർച്ച് വരെ നീളുന്ന ദീർഘകാല കർമ്മ പദ്ധതിയെക്കുറിച്ചും നിർദ്ദേശങ്ങൾ നൽകാൻ സഹകരണസംഘങ്ങളോടും സഹകാരികളോടും ഇതിനകം തന്നെ വകുപ്പ് നിർദ്ദേശങ്ങൾ ചോദിച്ചിട്ടുണ്ട്. സമൂഹത്തിലെ വിവിധ തലങ്ങളിൽ കോവിഡ് മൂലവും ലോക് ഡൌൺ മൂലവും ഉണ്ടാക്കിയിട്ടുള്ള പ്രശ്നങ്ങളും അതുമറികടക്കാനാവശ്യമായ നിർദ്ദേശങ്ങളുമാണ് സഹകരണ വകുപ്പ് സഹകാരികളിൽ നിന്നും സംഘങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ ബഹുഭൂരിപക്ഷം സഹകരണസംഘങ്ങളും പ്രതിസന്ധി നേരിടുന്നതായാണ് വിദഗ്ധർ പറയുന്നത്. ഇതിനെ എങ്ങിനെ മറികടക്കാം എന്ന ഒരു ചർച്ചയ്ക്കാണ് മൂന്നാംവഴി ഇന്നുമുതൽ തുടക്കമിടുന്നത്. സഹകരണ മേഖലയിലുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മൂന്നാംവഴിയുമായി പങ്കുവയ്ക്കാം. ഒപ്പം സഹകരണമേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ആവശ്യമായ മാറ്റങ്ങളും വരുംദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടും എന്നാണ് കരുതുന്നത്. മേഖലയിലെ വിവിധ തലങ്ങളിലുള്ള വിദഗ്ധരുടെ നിർദ്ദേശങ്ങൾ വരുംദിവസങ്ങളിൽ മൂന്നാംവഴി പ്രസിദ്ധീകരിക്കും. വായനക്കാർക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മൂന്നാംവഴിയുമായി പങ്കുവയ്ക്കാനും അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News