സഹകരണ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടു; വരുത്തുന്നത് കാലോചിതമായ മാറ്റമെന്ന് മന്ത്രി
1969-ലെ കേരള സഹകരണ സംഘം നിയമത്തില്‍ സമഗ്രമാറ്റം നിര്‍ദ്ദേശിക്കുന്ന ഭേദഗതി ബില്‍ എം.എല്‍.എ.മാരുടെ പ്രത്യേക സമിതി (സെലക്ട് കമ്മിറ്റി)ക്ക് വിടാന്‍ നിയമസഭ തീരുമാനിച്ചു. പ്രധാനമായും 54 വകുപ്പുകളില്‍ മാറ്റം നിര്‍ദ്ദേശിക്കുന്ന ബില്ലാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. ഇത്രയും പ്രധാനമായ ഭേദഗതി വരുന്നതിനാല്‍ വിശദമായ പരിശോധന നടത്തട്ടേയെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം മന്ത്രി വി.എന്‍.വാസവന്‍ അവതരിപ്പിച്ചത്. നിയമത്തില്‍ കൊണ്ടുവരുന്നത് കാലോചിതമായ പരിഷ്‌കാരമാണെന്ന് മന്ത്രി സഭയില്‍ പറഞ്ഞു.
നൂറു വര്‍ഷത്തിലേറെ നീണ്ട കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കാലത്തിന് അനുസൃതമായി സഹകരണ നിയമത്തില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഇപ്പോഴത്തെ ഭേദഗതിയും കാലാനുസൃതമായി നിയമത്തില്‍ വേണ്ട പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനാണെന്ന് മന്ത്രി പറഞ്ഞു. 1969-ല്‍ കേരള സഹകരണ സംഘം നിയമം നിലവില്‍ വന്നതിനു ശേഷം സമഗ്ര ഭേദഗതികള്‍ നിയമത്തില്‍ വരുത്തുന്നത് മൂന്നാമത്തെ തവണയാണ്. കേരളത്തിലെ സഹകരണ സംഘങ്ങളുടെ എണ്ണവും പ്രവര്‍ത്തന വൈപുല്യവും പ്രവര്‍ത്തന മേഖലയും കഴിഞ്ഞ കാലയളവില്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്.
വിവരസാങ്കേതികവിദ്യയുടെ രംഗത്തുണ്ടായ വളര്‍ച്ചയും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തിക്കൊണ്ട് പുതുതലമുറബാങ്കുകളോടടക്കം മത്സരിച്ച് മുന്നേറുവാന്‍ ഈ മേഖലയെ സജ്ജമാക്കേണ്ടതുണ്ട്. അടുത്തകാലത്ത് അനാരോഗ്യകരമായ ഒറ്റപ്പെട്ട ചില പ്രവണതകള്‍ സഹകരണ മേഖലയെ മോശപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്. ഈ സാഹചര്യങ്ങളിലാണ് സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് ഉതകുന്നതും അതേസമയം അനാരോഗ്യകരമായ പ്രവണതകള്‍ കണ്ടെത്തി കര്‍ക്കശനടപടികള്‍ സ്വീകരിക്കുന്നതിനുമായി നിയമത്തില്‍ കാതലായ പരിഷ്‌ക്കരണം ലക്ഷ്യമാക്കിക്കൊണ്ട് സമഗ്രഭേദഗതി നിര്‍ദ്ദേശം അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വ്യവസ്ഥകളില്‍ സുതാര്യതയും വ്യക്തതയും വരുത്തുക, അനുബന്ധ സ്ഥാപനങ്ങള്‍ രൂപീകരിച്ച് സഹകരണ സംഘങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുക, വായ്പാ വിതരണത്തിനുള്ള ഗഹാന്‍ വ്യവസ്ഥയില്‍ വ്യക്തത വരുത്തുക, അറ്റദായം വിനിയോഗിക്കുന്നതിനും ബാങ്കിംഗ് ഇതര വസ്തുക്കളുടെ കൈമാറ്റം, ഫണ്ട് നിക്ഷേപം എന്നീ വ്യവസ്ഥകള്‍ ശക്തമാക്കുക സഹകരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് പരിഷ്‌കരിച്ച് ശക്തമായ ടീം ഓഡിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുക സംഘങ്ങളില്‍ നടത്തുന്ന അന്വേഷണം, പരിശോധന, നഷ്ടോത്തരവാദിത്തം എന്നിവയുടെ വ്യവസ്ഥകള്‍ കര്‍ക്കശമാക്കുക എന്നിവയെല്ലാം ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
വിജിലന്‍സ് സംവിധാനം ശക്തമാക്കുക ആര്‍ബിട്രേഷന്‍ കേസുകളും സംഘം സമാപ്തീകരണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി തീര്‍പ്പാക്കുക സഹകരണ ഓംബുഡ്‌സ്മാന്റെ പ്രവര്‍ത്തനം വ്യക്തമായി നിര്‍വ്വചിക്കുക ഭിന്നശേഷിക്കാര്‍ക്ക് സഹകരണ മേഖലയില്‍ 4 ശതമാനം സംവരണം ഏര്‍പ്പെടുത്തുക സഹകരണ സംഘങ്ങളിലെ നിയമനം പൂര്‍ണ്ണമായും സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡിനെ ഏല്‍പ്പിക്കുക സംഘങ്ങളുടെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെ ടുന്നതിന് പരമാവധി ടേം നിശ്ചയിക്കുക തുടങ്ങിയ വ്യവസ്ഥകളും പുതിയ ഭേദഗതി ബില്ലിലുണ്ട്. 20 മിനിട്ട് 51 സെക്കന്റ് കൊണ്ടാണ് മന്ത്രി ബില്ല് സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ബില്ല് സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുന്നതിന് സഭ തീരുമാനിച്ചു.