സഹകരണ ബാങ്കുകള്‍ക്ക് സബ്‌സിഡി കുടിശ്ശിക 171കോടി.
കാര്‍ഷിക വായ്പ പലിശരഹിതമാക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജന പലിശ ഇളവ് പാക്കേജില്‍ സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത് കോടികളുടെ കുടിശ്ശിക. 7.26ലക്ഷം വായ്പകളില്‍ 178 കോടിരൂപയാണ് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കേണ്ടത്. ഇതില്‍ ഏഴ് കോടിരൂപയാണ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ആകെ അനുവദിച്ചത്. 171 കോടിരൂപ കുടിശ്ശികയാണ്. 2016മുതലുള്ള സബ്‌സിഡി വിഹിതം വിവിധ ബാങ്കുകള്‍ക്ക് വേറെയും ലഭിക്കാനുണ്ട്.
മൂന്നുലക്ഷം രൂപവരെയുള്ള കാര്‍ഷിക വായ്പകള്‍ പലിശരിഹതമാക്കാനാണ് ഉത്തേജന പലിശ ഇളവ് പാക്കേജ് സര്‍ക്കാര്‍ നടപ്പാക്കിയത്.
സംസ്ഥാനത്ത് ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കുന്നത് സഹകരണ സ്ഥാപനങ്ങളാണ്. അതുകൊണ്ടാണ് സഹകരണ ബാങ്കുകളില്‍നിന്ന് എടുക്കുന്ന വായ്പ പലിശ രഹിതമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്. നെല്‍കര്‍ഷകര്‍ക്കാണ് തുടക്കത്തില്‍ പലിശ രഹിത വായ്പ എന്ന സ്‌കീം നടപ്പാക്കിയത്. ഇത് പിന്നീട് മൂന്നുലക്ഷം രൂപവരെയുള്ള എല്ലാ കാര്‍ഷിക വായ്പകള്‍ക്കുമായി മാറ്റുകയായിരുന്നു.
ഏഴുശതമാനമാണ് കാര്‍ഷിക വായ്പയുടെ പലിശ. ഇതില്‍ മൂന്നുശതമാനം നബാര്‍ഡും ബാക്കി നാലുശതമാനം സംസ്ഥാന സര്‍ക്കാരും സബ്‌സിഡിയായി നല്‍കിയാണ് കര്‍ഷകര്‍ക്ക് പലിശരഹിതമാക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ വിഹിതമായി നല്‍കേണ്ട കോടികളാണ് കുടിശ്ശിയായുള്ളത്.
കര്‍ഷകരില്‍നിന്ന് പലിശ ഈടാക്കാതെ മുതലുമാത്രം സ്വീകരിക്കണമെന്നാണ് സഹകരണ ബാങ്കുകളോട് സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചത്. ഇത് പാലിച്ച സഹകരണ ബാങ്കുകളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിട്ടുള്ളത്.
സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം എത്രയാണെന്ന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ മുഖേന ബാങ്കുകള്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് യഥാസമയം നല്‍കിയിട്ടുണ്ട്. നബാര്‍ഡിനുള്ള അപേക്ഷ ജില്ലാസഹകരണ ബാങ്കുകള്‍ വഴിയാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കിയത്. സര്‍ക്കാര്‍ പണം അനുവദിക്കുന്ന മുറയ്ക്ക് സഹകരണ സംഘം രജിസ്ട്രാര്‍ ബാങ്കുകള്‍ക്ക് പണം കൈമാറുകയാണ് ചെയ്യുക. സര്‍ക്കാര്‍ പണം അനുവദിക്കാത്തിനാല്‍ കോടികളുടെ സാമ്പത്തിക ബാധ്യതയാണ് സഹകരണ ബാങ്കുകള്‍ക്കുള്ളത്.
കോവിഡ-19, മൊറട്ടോറിയം എന്നിവ കാരണം സഹകരണ ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവ് വരുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാര്‍ഷിക കടാശ്വാസം, പലിശ ഇളവ് നല്‍കി തീര്‍പ്പാക്കല്‍ എന്നിവ അനുസരിച്ച് ബാങ്കുകള്‍ക്ക് ലഭിക്കേണ്ട വരുമാനവും കുറഞ്ഞു. ഈ ഘട്ടത്തിലാണ് സര്‍ക്കാര്‍ നല്‍കേണ്ട കോടികളുടെ പലിശ സബ്‌സിഡി കുടിശ്ശിക കൂടി ബാങ്കുകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്.