സഹകരണ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങളുടെ ‘യോഗ്യത’ പരിശോധിക്കാന്‍ ആര്‍.ബി.ഐ
സഹകരണ ബാങ്കുകളില്‍ പരിശോധന നടത്തുമ്പോള്‍ ഭരണസമിതി അംഗങ്ങളുടെ യോഗ്യത കൂടി ഉറപ്പാക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. ഭരണസമിതി അംഗങ്ങള്‍ നേരിട്ടോ അല്ലാതെയോ ബാങ്കിന്റെ കുടിശ്ശികയ്ക്ക് കാരണമായിട്ടുണ്ടെങ്കില്‍ അയോഗ്യരാകും. ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കള്‍ എടുക്കുന്ന വായ്പയ്ക്കും നിയന്ത്രണമുണ്ട്. ഇത് ലംഘിക്കുന്നുണ്ടെന്ന പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ. നിര്‍ദ്ദേശം.
ബന്ധുക്കള്‍ ആരെല്ലാമാണെന്നത് നിര്‍വചിച്ചിട്ടുണ്ട്. അച്ഛന്‍, അമ്മ, മക്കള്‍ എന്നിങ്ങനെ 12 ബന്ധുത്വമാണ് ഇതിന്റെ പരിഗണനയില്‍ വരുന്നത്. സംസ്ഥാന സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്കുകള്‍, ജില്ലാസഹകരണ ബാങ്കുകള്‍ എന്നിവയ്ക്കാണ് ഈ നിര്‍ദ്ദേശം ബാധകമാകുന്നത്. കേരളത്തിലെ കേരളബാങ്കില്‍ അയോഗ്യത നിലനില്‍ക്കുന്ന രണ്ട് ഭരണസമിതി അംഗങ്ങളുണ്ടെന്നാണ് പറയുന്നത്. മലപ്പുറം ജില്ലാബാങ്കിലും അയോഗ്യത പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.
രണ്ടുബാങ്കുകളില്‍ ഒരേസമയം ഭരണസമിതി അംഗമായിരിക്കാന്‍ പാടില്ലെന്നതാണ് ബാങ്കിങ് നിയന്ത്രണ നിയമപ്രകാരമുള്ള വ്യവസ്ഥ. ഇതാണ് കേരളബാങ്കിലും മലപ്പുറം ജില്ലാബാങ്കിലും നിലനില്‍ക്കുന്ന ഒരു പ്രശ്‌നം. കേരള നിയമം അനുസരിച്ച് അര്‍ബന്‍ ബാങ്കുകള്‍ സംസ്ഥാന-ജില്ലാബാങ്കുകളിലെ അംഗ സംഘങ്ങളാണ്. ഇവയുടെ പ്രതിനിധികള്‍ ഭരണസമിതിയില്‍ ഉണ്ടാകണമെന്ന് വ്യവസ്ഥയുണ്ട്. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ ബാങ്ക്, അര്‍ബന്‍ ബാങ്ക് എന്നിവയെ മൂന്നു ബാങ്കുകളായാണ് റിസര്‍വ് ബാങ്ക് കാണുന്നത്. ഇതാണ് ‘അയോഗ്യത’ ഭീഷണിയുണ്ടാകാന്‍ കാരണം. കേരളബാങ്ക് ചെയര്‍മാന്‍പോലും അര്‍ബന്‍ ബാങ്ക് പ്രതിനിധിയാണ്. ഈ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് കേരളബാങ്കും മലപ്പുറം ജില്ലാബാങ്കും റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍, ഇത് നിലവില്‍ പ്രശ്‌നമാകാന്‍ ഇടയില്ല.
വായ്പ കുടിശ്ശികയായ സംഘത്തിന്റെ പ്രതിനിധി ഭരണസമിതി അംഗമായി തുടരുന്നുവെന്നതാണ് കേരളബാങ്കിനെതിരെ റിസര്‍വ് ബാങ്കിന് മുമ്പിലുള്ള പരാതി. ഇതില്‍ പരിശോധനയുണ്ടായേക്കും. വായ്പ കുടിശ്ശിക വരുത്തിയാല്‍ ഭരണസമിതി അംഗത്തിന് അയോഗ്യതയാണ്. മാത്രവുമല്ല, ഇത് ഗൗരവത്തോടെയാണ് റിസര്‍വ് ബാങ്ക് കാണുന്നത്. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ നബാര്‍ഡിനോട് ആവശ്യപ്പെടാനാണ് സാധ്യത.
അര്‍ബന്‍ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് പ്രതിനിധികള്‍ പരിശോധനയ്ക്ക് പോകുമ്പോള്‍ അവിടുത്തെ ഭരണസമിതി അംഗങ്ങളുടെ വിവരങ്ങള്‍ കൂടി ശേഖരിക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കള്‍ക്ക് ഏതെങ്കിലും കമ്പനികളില്‍ പങ്കാളിത്തമുണ്ടോയെന്ന് ആര്‍.ബി.ഐ. പരിശോധിക്കുന്നുണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍നിന്നാണ് ഈ വിവരം തേടുന്നത്. ഈ വിവരം വെച്ചും, ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കളുടെ മറ്റ് വിവരങ്ങള്‍ ബാങ്കില്‍നിന്ന് ശേഖരിച്ചും ഇടപാടുകള്‍ പരിശോധിക്കണമെന്നാണ് ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശം.φ
[mbzshare]