സഹകരണ ബാങ്കിലെ സ്ഥാനക്കയറ്റം ; പരീക്ഷ ഇംഗ്ലീഷില്‍ മതിയെന്ന് ബോര്‍ഡ്; മലയാളവും വേണമെന്ന് രജിസ്ട്രാര്‍

Deepthi Vipin lal

സഹകരണ ബാങ്കുകളിലെ ചില തസ്തികകളില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള യോഗ്യതാ പരീക്ഷ ഇംഗ്ലീഷില്‍ നടത്തണമെന്ന് സഹകരണ പരീക്ഷാ ബോര്‍ഡിന്റെ ശുപാര്‍ശ. ഇത് അംഗീകരിക്കേണ്ടതില്ലെന്നും ഇംഗ്ലീഷിലും മലയാളത്തിലും പരീക്ഷ നടത്തുന്ന രീതി തുടരണമെന്നും സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചു. ഒടുവില്‍, കുറച്ച് പരീക്ഷകള്‍ ഇംഗ്ലീഷില്‍ മാത്രവും ചില തസ്തികകളിലേക്കുള്ള പരീക്ഷ ഇംഗ്ലീഷിലും മലയാളത്തിലും നടത്താന്‍ നിശ്ചയിച്ച് ഉത്തരവിറങ്ങി.

പരീക്ഷ ഇംഗ്ലീഷില്‍ മാത്രമാക്കി നടത്തുന്നതിന് അനുമതി നല്‍കണമെന്ന് കാണിച്ച് 2021 ജൂണ്‍ 14നാണ് ബോര്‍ഡ് ചെയര്‍മാന്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍കൂടി യോഗ്യതാ പരീക്ഷ എഴുതാന്‍ അര്‍ഹതയുള്ളവരാണെന്നും അതിനാല്‍ ഇംഗ്ലീഷ് മാത്രമാക്കി ചുരുക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചത്. പ്രാഥമിക സംഘങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടാത്ത തസ്തികകളിലേക്കുള്ള പരീക്ഷ ഇംഗ്ലീഷില്‍ മാത്രമാക്കുന്നതിന് തടസ്സമില്ലെന്നും രജിസ്ട്രാര്‍ വിശദീകരിച്ചു. ആഗസ്റ്റ് 20നാണ് ഈ വിശദീകരണക്കത്ത് രജിസ്ട്രാര്‍ സര്‍ക്കാരിന് നല്‍കിയത്.


രജിസ്ട്രാറുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയിട്ടുള്ളത്. സഹകരണച്ചട്ടം 185 (5) അനുസരിച്ച് നടത്തുന്ന പരീക്ഷയില്‍ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ പങ്കെടുക്കുന്നില്ല. സംസ്ഥാന സഹകരണ ബാങ്കിലെ അക്കൗണ്ട്സ് ഓഫീസര്‍, ജില്ലാ സഹകരണ ബാങ്കുകളിലെ ജനറല്‍ മാനേജര്‍മാര്‍, കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്നീ തസ്തികകളിലേക്കും പത്ത് കോടിയിലധികം നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകളിലെ അസിസ്റ്റന്റ് സെക്രട്ടറി, മാനേജര്‍, തത്തുല്യ തസ്തികകള്‍ എന്നിവയിലേക്കുമാണീ പരിക്ഷ. ഈ തസ്തികളിലേക്കുള്ള യോഗ്യതാ പരീക്ഷ ഇംഗ്ലീഷില്‍ മാത്രമായി നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സഹകരണച്ചട്ടം 185 (6) അനുസരിച്ച് നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാര്‍ക്കും അര്‍ഹതയുണ്ട്. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലെ ജനറല്‍ മാനേജര്‍മാര്‍, കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ ജനറല്‍ മാനേജര്‍ എന്നിവയാണിത്. ഇതില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത്.

സംസ്ഥാന സഹകരണ ബാങ്കിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതില്‍നിന്ന് പ്രാഥമിക സഹകരണ സംഘം ജീവനക്കാര്‍ക്ക് കേരള ബാങ്കിന്റെ പുതിയ നിയമനച്ചട്ടം അനുസരിച്ച് അയോഗ്യത വരുത്തിയിട്ടുണ്ട്. ഇതൊന്നും സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന രീതിയിലാണ് യോഗ്യതാ പരീക്ഷ സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

Leave a Reply

Your email address will not be published. Required fields are marked *

Latest News