സഹകരണ ബാങ്കിങ് രംഗത്തെ പ്രതിസന്ധി സോഫ്റ്റ്‌വെയര്‍ ഏകീകരണം കൊണ്ടുമാത്രം തീരില്ല

Deepthi Vipin lal

സോഫ്റ്റ്‌വെയര്‍ ഏകീകരണം കൊണ്ടുമാത്രം തീരുന്നതല്ല കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെന്നു കോഴിക്കോട്ട് നടന്ന തുറന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

‘ സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധിക്കു സോഫ്റ്റ്‌വെയര്‍ ഏകീകരണം പരിഹാരമോ ? എന്ന വിഷയത്തില്‍ ‘മൂന്നാം വഴി’ യാണു കോഴിക്കോട്ട് തുറന്ന ചര്‍ച്ച സംഘടിപ്പിച്ചത്. മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ബിജു പരവത്ത് വിഷയമവതരിപ്പിച്ചു. കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തില്‍ സജീവ ചര്‍ച്ചയായിക്കഴിഞ്ഞെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രൂപപ്പെട്ടതാണ് സഹകരണ മേഖലയിലെ പ്രധാന പ്രശ്നങ്ങളെന്നും ബിജു പറഞ്ഞു. പ്രാഥമിക വായ്പാ സംഘങ്ങള്‍ തകര്‍ന്നാല്‍ ഗ്രാമീണ സാമ്പത്തിക മേഖല തകരുമെന്ന് നബാര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബാങ്കുകളുടെ പേരല്ല വിശ്വാസ്യതയാണ് പ്രധാനം.

ഏകീകരണനീക്കം അപക്വം

സോഫ്റ്റ്‌വെയര്‍ ഏകീകരിക്കാനുള്ള നീക്കം അപക്വമാണെന്നു ബിജു അഭിപ്രായപ്പെട്ടു. സഹകരണ ബാങ്കുകള്‍ തമ്മില്‍ ഇടപാട് നടത്താനും ആധുനിക ബാങ്കിങ് രീതികള്‍ നടപ്പാക്കാനും ഇപ്പോള്‍ത്തന്നെ കഴിയുന്നുണ്ട്. അതേസമയം, സോഫ്റ്റ്‌വെയറില്‍ സ്റ്റാന്റേഡൈസേഷന്‍ അനിവാര്യമാണ്. ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന മാതൃക വലിയ ചെലവ് വരുന്നതാണ്. പുതിയ രീതി വരുമ്പോള്‍ ഡാറ്റ കൈമാറ്റം പ്രശ്നമാവും. കേരള ബാങ്കില്‍പ്പോലും ഏകീകൃത സോഫ്റ്റ്‌വെയറില്ലാത്ത സാഹചര്യത്തില്‍ പ്രാഥമിക ബാങ്കുകളെ ഇപ്പോള്‍ ഇതിനു നിര്‍ബന്ധിക്കേണ്ടതില്ല. പ്രാദേശികമായ ആവശ്യക്കള്‍ക്കനുസരിച്ച് ഓരോ ബാങ്കിനും സ്വന്തമായി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനം വേണം. സോഫ്റ്റ്‌വെയര്‍ ഏകീകരിക്കുന്നതിനു പകരം ഏകോപനമാണു വേണ്ടത്. വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യുന്നതു മൂലമുള്ള പ്രവര്‍ത്തന പ്രതിസന്ധി സഹകരണ ബാങ്കുകളെ ബാധിച്ചുകഴിഞ്ഞു. സര്‍ക്കാരിന്റെ മോറട്ടോറിയ നയം പ്രാഥമിക ബാങ്കുകള്‍ക്കു തിരിച്ചടിയാണ്. വായ്പ എടുത്ത ആളുകള്‍ക്കു തിരിച്ചടക്കാന്‍ ഇളവുണ്ട്. എന്നാല്‍, ബാങ്കുകള്‍ കൃത്യസമയത്ത് തിരിച്ചടക്കണം. അപെക്സ് ബാങ്കുകളില്‍ മാത്രം എക്കൗണ്ട് എടുക്കാനുള്ള നിര്‍ദേശം പ്രാഥമിക ബാങ്കുകളെ ചട്ടങ്ങള്‍ ലംഘിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ കിട്ടാന്‍ പ്രാഥമിക ബാങ്കുകള്‍ വാണിജ്യ ബാങ്കുകളെയാണു ആശ്രയിക്കുന്നത്. അശാസ്ത്രീയമായ റഗുലേറ്ററി സമ്പ്രദായം മാറണം. നല്ല സേവനം നല്‍കാന്‍ മറ്റു ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ പ്രാഥമിക ബാങ്കുകള്‍ക്കു സ്വാതന്ത്യം നല്‍കണം – ബിജു നിര്‍ദേശിച്ചു.

കേരളത്തില്‍ പ്രസക്തിയില്ല

ആര്‍.ബി.ഐ. പോലും അവരുടെ കീഴിലുള്ള ബാങ്കുകള്‍ക്കു കോമണ്‍ സോഫ്റ്റ്‌വെയര്‍ നിര്‍ദേശിക്കാത്ത സാഹചര്യത്തില്‍ കേരളത്തിലെ സഹകരണ മേഖലയില്‍ ഇതിനു പ്രസക്തിയില്ലെന്നു ആനപ്പന്തി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജയ്സണ്‍ ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ ആരോഗ്യകരമായ മത്സരത്തിനു ഇതു തടസ്സമാവും. പലിശ കുറവ് വരുത്തിയ നടപടി സഹകരണ ബാങ്കുകള്‍ക്കു ക്ഷീണമാണ് – അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേതൃത്വത്തെ വഴിതെറ്റിക്കുന്നു

സാമ്പത്തിക നേട്ടത്തിനു വേണ്ടി രാഷ്ട്രീയ നേതൃത്വത്തെ വഴിതെറ്റിക്കാനുള്ള ശ്രമമാണു സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിനു പിന്നിലെന്നു തേഞ്ഞിപ്പലം റൂറല്‍ ബാങ്ക് പ്രസിഡന്റ് പ്രദീപ് മേനോന്‍ ആരോപിച്ചു. പുതിയ സോഫ്റ്റ് വെയര്‍ വന്നാല്‍ ഡാറ്റ കൈമാറുന്ന പ്രശ്നം വലിയ പ്രതിസന്ധി സൃഷ്ടിക്കും. ബാങ്ക് എന്ന പേര് മാറ്റുന്നതു ഈ മേഖലയിലെ നിക്ഷേപങ്ങളെ ബാധിക്കും. വന്‍കിടക്കാര്‍ക്കു സഹകരണ ബാങ്കുകളെ തീരെഴുതാനുള്ള ശ്രമമാണ് നടക്കുന്നത്- അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ കാലിക്കറ്റ് സിറ്റി സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് , പ്രദീപ് മേനോന്‍, ശ്രീകുമാര്‍ , ബിജു ഐസക് , ബിജു കുമാര്‍, ഫാസല്‍, വിപിന തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.