സഹകരണ ഫുട്‌ബോള്‍ ടീം ഇല്ല; ഇന്‍ഡോര്‍ ടര്‍ഫുകള്‍ വ്യാപിപ്പിക്കാന്‍ സഹകരണ വകുപ്പ്

moonamvazhi

പുതിയ കായിക താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ സഹകരണ വകുപ്പ് ലക്ഷ്യമിട്ട ‘സഹകരണ ഫുട്‌ബോള്‍ ടീം’ എന്ന ആശയം ഉപേക്ഷിക്കുന്നു. കായിക മേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഉപരിയായി പ്രത്യേക ടീം രൂപീകരിക്കുന്നതില്‍ കായിക വകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം, സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ കൂടുതല്‍ ഇന്‍ഡോര്‍ ടര്‍ഫുകള്‍ തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു.

രണ്ടാം നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ കായിക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് ഊന്നല്‍ നല്‍കണമെന്ന് സഹകരണ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ താല്‍പര്യം പ്രകടിപ്പിച്ച് സഹകരണ സംഘങ്ങള്‍ നല്‍കിയ അപേക്ഷകള്‍ക്കെല്ലാം വകുപ്പ് അനുമതി നല്‍കി. അഞ്ച് ഇന്‍ഡോര്‍ ടര്‍ഫുകളാണ് ഇതിനകം സഹകരണ സംഘങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയിലെ വിതുര സര്‍വീസ് സഹകരണ ബാങ്കാണ് സംസ്ഥാനത്ത് ആദ്യമായ സഹകരണ ടെര്‍ഫ് സ്ഥാപിച്ചത്.എറണാകുളം ജില്ലയിലെ പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക്, പാലക്കാട് ജില്ലയില്‍ പട്ടാമ്പി സര്‍വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ സര്‍വീസ് സഹരണ ബാങ്ക്, മലപ്പുറം ജില്ലയിലെ കടന്നമണ്ണ സര്‍വീസ് സഹകരണ ബാങ്ക് എന്നിവയെല്ലാം ഇതിനകം ഇന്‍ഡോര്‍ ടെര്‍ഫ് നിര്‍മ്മാണ് പൂര്‍ത്തീകരിച്ച സംഘങ്ങളാണ്.

ടെര്‍ഫ് സ്ഥാപിക്കാന്‍ സഹകരണ സംഘങ്ങള്‍ പ്രൊജക്ട് തയ്യാറാക്കി അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് അനുമതി നല്‍കും. ടര്‍ഫുകള്‍ക്ക് പുറമെ, ഫുട്‌ബോള്‍, ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ സ്ഥാപിക്കുന്നതിനും മുന്‍ഗണന നല്‍കുന്നുണ്ട്. ഒരുപഞ്ചായത്തില്‍ ഒരു സ്റ്റേഡിയും എന്നത് സര്‍ക്കാരിന്റെ കായിക നയമാണ്. ഈ ലക്ഷ്യം നേടുന്നതിന് സഹകരണ വകുപ്പിന്റെ പിന്തുണ വേണമെന്നാണ് കായിക വകുപ്പ് ആവശ്യപ്പെട്ടത്. ഇതിനനുസരിച്ച് സംഘങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Latest News